19 December 2024, Thursday
KSFE Galaxy Chits Banner 2

നെൽകൃഷിയിൽ നല്ലപാഠം പകർന്ന് ദമ്പതികൾ

Janayugom Webdesk
ആലപ്പുഴ
October 16, 2024 3:27 pm

നെൽകൃഷി സാങ്കേതിക വിദ്യാഭ്യാസക്കാർക്കും വഴങ്ങുമെന്ന് കാണിച്ചു കൊടുക്കുകയാണ് ജോബിയും ഭാര്യ അനു ജോർജും. കഞ്ഞിക്കുഴി കരിക്കുഴി പാടശേഖരത്തിലെ അഞ്ചേക്കറിലാണ് പൂർണ്ണമായും യന്ത്ര സാമഗ്രികളുടെ സഹായത്തോടെ ഇവർ നെൽകൃഷി നടത്തിയത്. നിലമൊരുക്കുന്നതു മുതൽ ഞാറു നടീലും വളപ്രയോഗവും കളനശീകരണവുമൊക്കെ ആധുനിക യന്ത്രങ്ങളാണ് ചെയ്തത്. കണിച്ചു കുളങ്ങര കന്നിമേൽ വീട്ടിൽ ജോബിയും ഭാര്യ അനു ജോർജും ചേർന്നാണ് കൃഷിയിറക്കിയത്. ജോബ് ഇൻസ്ട്രുമെന്റേഷണിൽ ഡിപ്ലോമ ബിരുദധാരിയാണ്. ഭാര്യ അനു ആകട്ടെ ബിടെക് പൂർത്തിയാക്കി ചേർത്തല നഗരസഭയിൽ വ്യവസായ ഇന്റേൺ ആയി ജോലി നോക്കുന്നു. രണ്ടു പേർക്കും ഏറെ ഇഷ്ടം കൃഷിയാണ്. പലയിടങ്ങളിലും പാട്ടത്തിന് സ്ഥലമെടുത്താണ്കാർഷികവൃത്തി. പാടശേഖരത്ത് കൃഷി പണികൾ നടക്കുമ്പോഴെല്ലാം ഇരുവരുമുണ്ടാകും.

അത്രമേൽഇഷ്ടമാണ് ഇവർക്ക് കൃഷിയോട്. വിദ്യാർത്ഥികളായരണ്ടു മക്കളേയും പലപ്പോഴും കൃഷിയിടങ്ങളിൽ ഒപ്പം കൂട്ടാറുണ്ട്. കനത്ത കാലവർഷത്തെ അതിജീവിച്ചാണ് ഇത്തവണ ഇവിടെ കൃഷിയിറക്കിയത്. വെള്ളം നിറഞ്ഞപ്പോൾ മോട്ടോർ ഉപയോഗിച്ചാണ് പാടത്ത് വെള്ളം വറ്റിച്ച് ഞാറിനെ സംരക്ഷിച്ചത്.

നൂറു മേനി വിളവാണ് ഇത്തവണ ഇവർക്ക് ലഭിച്ചത്. ഉമ ഇനത്തിലുള്ള നെൽ വിത്താണ് ഉപയോഗിച്ചത്. വിളവെടുപ്പ് സ്വന്തമായി വാങ്ങിയ കൊയ്ത്ത് യന്ത്രം ഉപയോഗിച്ചായപ്പോൾ ഇരട്ടിമധുരമാണിവർക്ക്. കൂലി ചിലവ് സബ്സിഡിയും ഉറപ്പാക്കിയിട്ടുണ്ട്. പരമ്പരാഗതമായി കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന കുടുംബമാണിവരുടേത്. അച്ഛൻ കുഞ്ഞുമോന് ആദ്യ കാലങ്ങളിൽ സ്വന്തമായി കാളപൂട്ടു മുണ്ടായിരുന്നു. ഇപ്പോൾ നിരവധി കാർഷിക യന്ത്രങ്ങൾ മിതമായ നിരക്കിൽ വാടകയ്ക്കും നൽകി വരുന്നുണ്ടിവര്‍.

വിളവെടുപ്പുദ്ഘാടനം പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാറും ചേർന്ന് നിർവഹിച്ചു. പഞ്ചായത്തംഗം രജനി രവി പാലൻ, സ്ഥിരം സമിതി അദ്ധ്യക്ഷ എസ് ജ്യോതി മോൾ, കൃഷി ഓഫീസർറോസ്മി ജോർജ്, അസിസ്റ്റന്റ് ഓഫീസർ എസ് ഡി അനില, സന്ദീപ്, കർമ്മസേന കൺവീനർ ജി ഉദയപ്പൻ, പാടശേഖര സമിതി ഭാരവാഹികളായ സികെ മനോഹരൻ, സി പുഷ്പജൻ, കർഷകൻ ജോബി, ഭാര്യ അനു ജോർജ് എന്നിവർ പങ്കെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്തും കൃഷിഭവനും കാർഷികവൃത്തിക്ക്ഇവർക്ക് കൂട്ടായുണ്ട്. പഞ്ചായത്ത് സൗജന്യമായാണ് നെൽ വിത്ത് നൽകിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.