31 January 2026, Saturday

പാസ്റ്ററെ ചാണകം തീറ്റിച്ച പശുപുത്രർ

അനിൽകുമാർ എ വി
January 31, 2026 4:35 am

വിഖ്യാത ബ്രിട്ടീഷ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമായിരുന്ന എറിക് ഹോബ്സാബാമിന്റെ ആത്മകഥയാണ് 2003ൽ പ്രസിദ്ധീകൃതമായ ‘ഇന്ററസ്റ്റിങ് ടൈംസ്: എ ട്വന്റീൻത് സെഞ്ചുറി ലൈഫ്’ (രസകരമായ കാലം: 20-ാം നൂറ്റാണ്ടിലെ ജീവിതം). യഥാർത്ഥ ഭൂതകാലം ആഗ്രഹിക്കാത്ത, മറിച്ച് അവരുടെ ഉദ്ദേശ്യത്തിന് അനുയോജ്യമായ ഭൂതകാലം മാത്രം മനസിലുള്ളവരാണ് ഇന്ന് ചരിത്രം പരിഷ്കരിക്കുകയോ കണ്ടുപിടിക്കുകയോ ചെയ്യുന്നത്. ചരിത്രത്തെ പ്രൊഫഷണലുകൾ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയത്തിൽ എക്കാലത്തെക്കാളും അടിയന്തരമാണെന്ന് അദ്ദേഹം അതിലൊരിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. 

അപരത്വം നിർവചിച്ച് ഇസ്ലാമോഫോബിയ ഇളക്കിവിടുന്ന മോഡിവൽക്കരണം (മോഡിഫിക്കേഷൻ) ഹോബ് സാബാം അടിവരയിട്ടതിന്റെ ഇ ന്ത്യൻ വാസ്തവമാണ്. രാജസ്ഥാനിലെ ലോകപ്രസിദ്ധമായ അജ്മീർ ഷരീഫ് ദർഗ സമുച്ചയത്തിനുള്ളിൽ ശിവക്ഷേത്രമുണ്ടായിരുന്നുവെന്ന് സംഘപരിവാര ശക്തികൾ വീണ്ടും ഉന്നയിക്കുകയാണ്. അവകാശവാദമുയർത്തിയ മഹാറാണ പ്രതാപ് സേന ദേശീയ അധ്യക്ഷൻ രാജ്‌വർധൻ സിങ് പർമർ നൽകിയ ഹര്‍ജി രാജസ്ഥാൻ കോടതി ഫെബ്രുവരി 21ന് പരിഗണിക്കാനായി മാറ്റി. തന്റെ വാദത്തിന് തെളിവായി ഭൂപടങ്ങൾ, സർവേ രേഖകൾ, ഫോട്ടോകൾ എന്നിവ സമർപ്പിച്ചിട്ടുമുണ്ട്. എതിർകക്ഷികളായ സംസ്ഥാന സർക്കാരിനും പുരാവസ്തു വകുപ്പിനും ദർഗ കമ്മിറ്റിക്കും കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. സമാനമായ മറ്റൊരു ഹര്‍ജി 2024 നവംബർ 27ന് ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയും നൽകിയിരുന്നു. 

വിചാരണ കൂടാതെ വർഷങ്ങളോളം തടവിലിട്ടശേഷം നിരപരാധിയാണെന്ന് തെളിഞ്ഞാൽ നഷ്ടപ്പെട്ട ജീവിതത്തിന് ആര് മറുപടി പറയുമെന്ന സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അഭിപ്രായ പ്രകടനം അതീവ ഗൗരവമുള്ളതാണ്. ഡല്‍ഹി കലാപ ഗൂഢാലോചനാ കേസിൽ വിചാരണ കൂടാതെ അഞ്ച് വർഷമായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ വിഷയം ചൂണ്ടിക്കാട്ടി ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിലായിരുന്നു പ്രതികരണം. കുറ്റവാളിയാണെന്ന് കോടതിയിൽ തെളിയിക്കപ്പെടുംവരെ ഏത് പ്രതിയും നിരപരാധിയാണ്. വിചാരണ അനന്തമായി നീണ്ടാൽ ജാമ്യം നൽകണമെന്നാണ് വ്യവസ്ഥ. വിചാരണയ്ക്ക് മുമ്പുള്ള തടവ് ഒരിക്കലും ശിക്ഷയായി മാറാൻ പാടില്ല. അഞ്ചോ ഏഴോ വർഷം വിചാരണത്തടവുകാരനായി ജയിലിൽ കിടന്ന ശേഷം കുറ്റവിമുക്തനായാൽ നഷ്ടപ്പെട്ട സമയം നിങ്ങൾ എങ്ങനെ നികത്തുമെന്ന് ചോദിച്ച ചന്ദ്രചൂഡ്, ദേശീയ സുരക്ഷാ നിയമങ്ങളുടെ പേരിൽ ആളുകളെ അനന്തമായി തടവിലിടുന്നതിനെയും വിമർശിച്ചു. 

ഉത്തർപ്രദേശിലെ ബറേലി ജില്ലയിലെ മുഹമ്മദ്ഗഞ്ച് ഗ്രാമത്തിൽ ഹനീഫ് എന്നയാളിന്റെ ആൾത്താമസമില്ലാഞ്ഞ വീട്ടിൽ ജനുവരി 16ന് വെള്ളിയാഴ്ച നമസ്കാരം നടത്തിയെന്നാരോപിച്ച് 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാർത്ഥനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. സമാധാന ലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എല്ലാവർക്കുമെതിരെ കേസെടുക്കുകയും ചെയ്തു. ഒളിവിൽപ്പോയ മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ നടത്തുകയാണെന്നാണ് പൊലീസ് വിശദീകരണം. ഭരണഘടനയുടെ 25-ാം അനുച്ഛേദം എല്ലാവർക്കും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട് എന്നതിനാൽ അറസ്റ്റ് പൗരാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. 

ഒഡിഷയിലെ ധെങ്കനൽ ജില്ലയിലെ പർജാങ് ഗ്രാമത്തിൽ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ കാവിപ്പട ക്രൂരമായി മർദിച്ച് ബലമായി ചാണകം തീറ്റിച്ചു. പാസ്റ്ററും ഭാര്യ സിസ്റ്റർ വന്ദനയും മറ്റും ചേർന്ന് സ്വകാര്യ വസതിയിൽ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുന്നതിനിടെ 40 അംഗ സംഘം ബലമായി വീട്ടിൽക്കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ദൃക്‌സാക്ഷികളുടെ വിവരണമനുസരിച്ച് ക്രിമിനലുകൾ ബിപിൻ ബിഹാരി നായിക്കിനെ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി വടി കൊണ്ട് ആവർത്തിച്ച് തല്ലുകയും മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കാനും ചാണകം കഴിക്കാനും നിർബന്ധിച്ച് അപമാനിക്കുകയും ചെയ്തു. മുഖത്ത് സിന്ദൂരം പുരട്ടി, കഴുത്തിൽ ചെരിപ്പ് മാല അണിയിച്ചു, രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ നടത്തിക്കുകയുമുണ്ടായി. 

ഹനുമാൻ ക്ഷേത്രത്തിന് സമീപം കെട്ടിയിട്ട് ചോര വാർന്ന അവസ്ഥയിലായിരുന്നു പാസ്റ്റർ. ഇരു കൈകളും വടിയിൽ കെട്ടിയിട്ട നിലയിലും. പൊലീസ് ഇടപെട്ടിട്ടും അക്രമം അവസാനിച്ചതുമില്ല. നായിക്കിന്റെ കുടുംബത്തെയും വീടും തീയിട്ട് നശിപ്പിക്കുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. സംഭവശേഷം തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുമുള്ള ഭീഷണിയെ തുടർന്ന് ഗ്രാമത്തിലെ ഏഴ് ക്രിസ്ത്യൻ കുടുംബങ്ങൾ ഒളിവിൽപ്പോയി. സംഭവത്തെ അപലപിച്ച സിആർഐഐ ദേശീയ അധ്യക്ഷൻ ഡോ. കെ ബാബു റാവു, ക്രൂരവും മനുഷ്യത്വ രഹിതവുമായ പ്രവൃത്തി ഭരണ ഘടനയുടെ കടുത്ത ലംഘനമാണെന്നാണ് പറഞ്ഞത്.
ഹിമാചൽ പ്രദേശിൽ കശ്മീരി മുസ്ലിം കച്ചവടക്കാരനായ അയൂബിനെ തടഞ്ഞുവച്ച് ചോദ്യംചെയ്ത് പരസ്യമായി ഉപദ്രവിക്കുന്ന വീഡിയോ രാജ്യത്തുടനീളം പ്രചരിപ്പിച്ച കാവി ഹാൻഡിലുകൾക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. അക്രമത്തിന് നേതൃത്വം നൽകിയയാൾ വ്യാഴവട്ടത്തിലേറെ ഇന്ത്യൻ പട്ടാളത്തിൽ സേവനമനുഷ്ഠിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ട്, കശ്മീരികൾ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആവർത്തിച്ചു. ‘കശ്മീർ രാജ്യത്തിന്റെ ഭാഗമാണ്. നാമെല്ലാം ഇന്ത്യക്കാരാണല്ലോ. എനിക്ക് ഗ്രാമത്തലവൻ താമസാനുമതി നൽകിയതാണ്. എല്ലാ രേഖകളും കൈവശമുണ്ട്’ എന്ന അയൂബിന്റെ ശാന്തമായ പ്രതികരണം അയാൾ മുഖവിലയ്ക്കെടുത്തതേയില്ല.
ഇന്ത്യയിലുടനീളം തൊഴിൽതേടി സഞ്ചരിക്കുന്ന ആയിരക്കണക്കിന് കശ്മീരി വ്യാപാരികളുടെ ഉപജീവനമാർഗമായ ശൈത്യകാലവസ്ത്രങ്ങള്‍ വിൽക്കുകയായിരുന്നു അയൂബ്. ഉപജീവനത്തിന് പാടുപെടുന്ന ഒട്ടേറെ കശ്മീരി മുസ്ലിങ്ങൾക്കുനേരെ കഴുകന്‍ കണ്ണുകള്‍ തുറന്നുപിടിക്കുന്ന സംശയത്തിന്റെയും അവകാശനിഷേധത്തിന്റെയും ഏറിവരുന്ന അവസ്ഥയെയാണ് സംഭവം എടുത്തുകാണിക്കുന്നത്. മുസ്ലിങ്ങളുടെ സുരക്ഷ, അന്തസ്, തുല്യ പൗരത്വം എന്നിവയെക്കുറിച്ച് അത് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നുമുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറച്ച് വർഷങ്ങളായി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്മീരി കച്ചവടക്കാരെ ഭീഷണിപ്പെടുത്തുകയും തല്ലുകയുംചെയ്ത നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കശ്മീരികളും മുസ്ലിങ്ങളുമായതിനാൽ മാത്രമാണ് തങ്ങൾ സംശയം നേരിടുന്നതെന്ന് പല വ്യാപാരികളും പറയുന്നു. കശ്മീരി മുസ്ലിങ്ങൾ രാജ്യത്തിന് നൂറുകണക്കിന് രക്തസാക്ഷികളെ സമർപ്പിച്ചിട്ടുണ്ട്. കശ്മീരികളെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നത് അന്യായവും അപകടകരവുമാണ്. സത്യസന്ധമായ ജീവിതം നയിക്കാൻ ശ്രമിക്കുമ്പോഴും മുസ്ലിങ്ങളോട്, പ്രത്യേകിച്ച് കശ്മീരികളോട് ദേശസ്നേഹം തെളിയിക്കാൻ പലപ്പോഴും ആവശ്യപ്പെടാറുണ്ട്. പാവപ്പെട്ട വ്യാപാരിയെ അപമാനിക്കാൻ ആ വിമുക്തഭടന് ഒരവകാശവുമില്ല. ജോലിക്കായി യാത്ര ചെയ്യുന്നവരിൽ ഇത്തരം പ്രവൃത്തികൾ ഭയം സൃഷ്ടിക്കുകയും സമൂഹങ്ങൾ തമ്മിലുള്ള വിശ്വാസം ദുർബലപ്പെടുത്തുകയും ചെയ്യുമെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ മുന്നറിയിപ്പ്.
അസഹിഷ്ണുതയുടെയും വിദ്വേഷ നടപടികളുടെയും നുണ പ്രചാരണത്തിന്റെ ഭയാനകമായ ഇന്ത്യൻ സാഹചര്യത്തിലാണ് ശക്തമായ രാജ്യങ്ങളുമായുള്ള സമാധാന കരാറുകൾക്കെതിരെ ഇറാനെ ഉണർത്തിയ മുൻ ലിബിയൻ നേതാവ് മുഅമ്മർ ഗദ്ദാഫിയുടെ മകൾ ഐഷ ഗദ്ദാഫിയുടെ വാക്കുകൾ പ്രവചനതുല്യമാവുന്നത്. ഇറാനി ജനതയ്ക്കും കർശന മുന്നറിയിപ്പ് നൽകിയ അവർ ചർച്ചകളിലൂടെ സമാധാനം വാഗ്ദാനം ചെയ്യുന്ന ശക്തമായ രാജ്യങ്ങളിൽ വിശ്വാസമർപ്പിക്കരുതെന്നും അഭ്യർത്ഥിച്ചു. ‘ചെന്നായയുമായുള്ള ചർച്ച ഒരിക്കലും കുഞ്ഞാടിനെ സംരക്ഷിക്കില്ലെ‘ന്ന രൂപകവും അതിലുണ്ടായി. തുടർന്ന് ലിബിയയുടെ വേദനാജനകമായ ചരിത്രത്തിലേക്ക് വിരൽചൂണ്ടി.
ലിബിയയുടെ നിരായുധീകരണം സുരക്ഷ കൊണ്ടുവന്നില്ല, പകരം നാശത്തിലേക്കും വിദേശ ഇടപെടലിലേക്കും വാതിൽ തുറന്നുവെന്ന് വിശദമാക്കിയ ഐഷ ഇറാനോടുള്ള സന്ദേശം വ്യക്തമാക്കിയത് ഇങ്ങനെ: ‘ബാഹ്യശക്തികളെ ആശ്രയിക്കുന്നതിനുപകരം ജാഗ്രതയോടും ശക്തമായും സ്വാശ്രയത്വത്തോടെയും തുടരുക. ആഗോള രാഷ്ട്രീയം നയിക്കുന്നത് സൗഹാർദമല്ല, താല്പര്യങ്ങൾ മാത്രം. തെറ്റായ പങ്കാളികളെ വിശ്വസിക്കുമ്പോൾ ആദ്യം വില നൽകേണ്ടിവരുന്നത് ദുർബല രാഷ്ട്രങ്ങളാണ്.’ ഇറാന്റെ ആണവ പദ്ധതിയും പ്രാദേശിക സ്വാധീനവും കാരണം പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പരാമർശങ്ങൾ. മേഖലയിലെ മുൻകാല സമാധാന ഉടമ്പടികൾ ചിലപ്പോൾ സ്ഥിരതയ്ക്ക് പകരം കുഴപ്പത്തിൽ കലാശിച്ചതിന്റെ ഓർമ്മപ്പെടുത്തലായി ഐഷ ഗദ്ദാഫിയുടെ വാക്കുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.