18 December 2025, Thursday

Related news

December 18, 2025
December 18, 2025
December 18, 2025
December 16, 2025
December 15, 2025
December 15, 2025
December 13, 2025
December 12, 2025
December 12, 2025
December 12, 2025

ദ കറന്റ്സ്: മനുഷ്യമനസിലെ തിരമാലകള്‍

വീണ സുരേന്ദ്രന്‍
December 18, 2025 7:19 pm

മനുഷ്യമനസിനെ ഏകാന്തത സങ്കീർണമാക്കാം എന്ന് വെെകാരികമായി അടയാളപ്പെടുത്തുന്ന അർജന്റീനിയൻ ചിത്രമാണ് ‘ദ കറന്റ്സ്’. ഐഎഫ്എഫ്കെയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പ്രശസ്ത അർജന്റൈൻ സംവിധായിക മിലാഗ്രോസ് മുമെന്താലർ സംവിധാനം ചെയ്ത ചിത്രം, മാനസികാരോഗ്യവും അതിജീവനവും തമ്മിലുള്ള നൂൽപ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
അർജന്റീനയിലെ തിരക്കുള്ള ഫാഷൻ ഡിസെെനറായ ലിനയുടെ ജീവിതത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മകളും ഭർത്താവുമൊത്ത് സാധാരണ ജീവിതം നയിച്ചുവരുന്ന ലിന സ്വിറ്റ്സർലൻഡിൽ ഒരു പുരസ്കാരം സ്വീകരിക്കാൻ എത്തിയതിന് ശേഷം ജീവിതം ആകെ മാറിമറയുകയാണ്. തനിക്ക് ചുറ്റും നടക്കുന്ന, തന്റെ മാറ്റങ്ങൾക്കുള്ള കാരണം തിരക്കിയുള്ള ലിനയുടെ യാത്രയാണ് പിന്നീടങ്ങോട്ട്. ബാഹ്യലോകത്തിന് മുന്നിൽ തിളങ്ങി നിൽക്കുമ്പോഴും, ഉള്ളിൽ അനുഭവിക്കുന്ന ശൂന്യത അവളെ വേട്ടയാടുന്നു.
പുരസ്കാരം സ്വീകരിച്ചതിന് ശേഷം സ്വന്തം ജീവനുപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് ലിന എത്തിച്ചേരുന്നുണ്ട്. മകളുടെ ഓർമ്മകൾ മാത്രമാണ് അവളെ ജീവിതത്തിലേക്ക് തിരിച്ചെത്താൻ പ്രേരിപ്പിക്കുന്നത്. തന്റെ ഉള്ളിലെ കലഹങ്ങളെയും ആശങ്കയേയും മറികടക്കാനുള്ള ലിനയുടെ പോരാട്ടം കൂടിയായി ചിത്രം മാറുന്നു. പലപ്പോഴും താൻ കടന്നുപോകുന്ന അവസ്ഥയെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാനും ലിന തയ്യാറാവുന്നില്ല. ദൈനംദിന കാര്യങ്ങള്‍ പലതും അവൾ ചെയ്യാൻ മറന്നുപോകുന്നുണ്ട്. ലിനയുടെ മാറ്റം ചുറ്റുമുള്ളവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്, ഭയപ്പെടുത്തുന്നുണ്ട്. തന്റെ മാനസികാരോഗ്യത്തെ കുറിച്ച് സുഹൃത്തിനോടാണ് ലിന ആദ്യമായി തുറന്ന് സംസാരിക്കുന്നത്. ജനീവയിൽ വച്ച് പാലത്തിൽ നിന്നും എടുത്ത് ചാടിയതിന് ശേഷമുള്ള വിവരണം ലിന സുഹൃത്തിനോട് പറയുമ്പോഴാണ് പ്രേക്ഷകരും മനസിലാക്കുന്നത്.
ഒരു സൈക്കോളജിക്കൽ ഡ്രാമ എന്നതിലുപരി, സ്ത്രീമനസ്സിന്റെ സങ്കീർണ്ണതകളെ ഒട്ടും കൃത്രിമത്വമില്ലാതെ അവതരിപ്പിക്കാൻ സംവിധായികയ്ക്ക് സാധിച്ചിട്ടുണ്ട്. ശാരീരികമായ മാറ്റങ്ങൾ മാനസികമായ പലതരം ചിന്തകളുടെ തുടർച്ചയാണെന്ന് ചിത്രം അടിവരയിടുന്നു. ഏകാന്തതയും മാനസികാരോഗ്യവും എത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നുവെന്നും, അതിനെ ഒരു സ്ത്രീ എങ്ങനെ അതിജീവിക്കുന്നുവെന്നും ചിത്രം കാണിച്ചുതരുന്നു.
ലിന എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഇസബെൽ ഐമിയുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. ഡയലോഗുകൾക്ക് അപ്പുറം, നോട്ടങ്ങളിലൂടെയും ശരീരഭാഷയിലൂടെയും ലിനയുടെ സംഘർഷങ്ങൾ പ്രേക്ഷകരുടെ മനസിലേക്ക് ആഴ്ന്നിറങ്ങുന്നതിൽ ഇസബെൽ വിജയിച്ചിട്ടുണ്ട്. മേളയിലെ മികച്ച ചിത്രങ്ങളിലൊന്നായി ‘ദ കറന്റ്സ്’ മാറുന്നതും ഈ അവതരണ മികവ് കൊണ്ടാണ്. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.