23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

രാജ്യത്തെ കര്‍ഷകരുടെ പ്രതിദിന വരുമാനം 27 രൂപ

 സുപ്രീം കോടതി നിയോഗിച്ച സമിതി 
റിപ്പോര്‍ട്ട് നല്‍കി
 30 വര്‍ഷത്തിനിടെ നാല് ലക്ഷം ആത്മഹത്യ 
 വായ്പ എഴുതിത്തള്ളണം, താങ്ങുവില ഉറപ്പാക്കണം 
Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2024 10:47 pm

രാജ്യത്തെ അന്നമൂട്ടുന്ന കര്‍ഷകരുടെ പ്രതിദിന വരുമാനം കേവലം 27 രൂപ. കടത്തിന്റെ നിലയില്ലാ കയത്തിലേക്ക് ആണ്ടുപോകുന്ന കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന പ്രവണത ഏറി വരുന്നതായും സുപ്രീം കോടതി നിയോഗിച്ച സമിതി ഇടക്കാല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞമാസം 21നാണ് രാജ്യത്തെ കര്‍ഷകരുടെ ദൈന്യതയും കടഭാരവും സംബന്ധിച്ച റിപ്പോര്‍ട്ട് സമിതി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സമിതിയോട് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക വായ്പ എഴുതിത്തള്ളുക, കാര്‍ഷികോല്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളും ഇടക്കാല റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. 

കര്‍ഷകന് പ്രതിദിനം ശരാശരി 27 രൂപയാണ് വരുമാനമായി ലഭിക്കുന്നതെന്ന് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന നവാബ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ വേതനം ഇവര്‍ക്ക് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാന്‍ തടസമാകുന്നു. കാര്‍ഷിക വായ്പാ തിരിച്ചടവ് അടക്കമുള്ള വിഷയങ്ങള്‍ ഇവരെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്. 

അഗ്രികള്‍ച്ചറല്‍ ഹൗസ്ഹോള്‍ഡ് ആന്റ് ഹൗസ്ഹോള്‍ഡ് ഇന്‍ റൂറല്‍ ഇന്ത്യ 2018–19 റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കര്‍ഷക കുടുംബാംഗങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം 10,218 രൂപയാണ്. ഉല്പാദനക്കുറവ്, കുറഞ്ഞ വരുമാനം എന്നിവ കാരണം ബഹുഭൂരിപക്ഷം കര്‍ഷകരും കടക്കെണിയിലേക്ക് പതിക്കുന്നു. കടഭാരം വര്‍ധിക്കുന്നത് കാരണം ഒടുവില്‍ ആത്മഹത്യയിലേക്ക് തിരിയുന്നു. 2023ലെ നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) കണക്കുകള്‍ പ്രകാരം കര്‍ഷിക കടം കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കിടയില്‍ കുമിഞ്ഞുകൂടി.

2022–23ല്‍ പഞ്ചാബിലെ ബാങ്കുകളില്‍ മാത്രം കര്‍ഷിക കടം 73,673 കോടി രൂപയായിരുന്നു. ഹരിയാനയില്‍ ഇത് 76,630 കോടിയാണ്. ബാങ്കുകള്‍ക്ക് പുറമെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള കടം പഞ്ചാബില്‍ 21.3 ശതമാനവും ഹരിയാനയില്‍ 32 ശതമാനവുമുണ്ട്. നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ 4,00,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1995 മുതലുള്ള നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട് ഇതിനായി രേഖപ്പെടുത്തുന്നു. 2000 നും 2015നുമിടയില്‍ മാത്രം പഞ്ചാബില്‍ 16,606 കര്‍ഷക ആത്മഹത്യകള്‍ നടന്നതായി മൂന്നു സര്‍വകലാശാലകള്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും സമിതി പറയുന്നു. 

പഞ്ചാബിലും ഹരിയാനയിലുമാണ് സ്ഥിതിഗതി രൂക്ഷം. രാജ്യത്തെ 21 കാര്‍ഷിക സംസ്ഥാനങ്ങളുടെ പട്ടികയില്‍ 2023ല്‍ 20-ാം സ്ഥാനത്തേക്ക് പഞ്ചാബ് പിന്തള്ളപ്പെട്ടു. വാര്‍ഷിക വളര്‍ച്ചാനിരക്ക് സംസ്ഥാനത്ത് രണ്ട് ശതമാനം മാത്രമാണ്. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക നശീകരണം, ജലലഭ്യതക്കുറവ്, വരള്‍ച്ച. അതിവൃഷ്ടി, ഉഷ്ണതരംഗം, വിള പരിപാലനത്തിലെ വെല്ലുവിളി എന്നിവയാണ് കര്‍ഷകരെ വലയ്ക്കുന്നത്. 

കാര്‍ഷിക വായ്പ എഴുതിത്തള്ളുക, താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പ് വരുത്തുക എന്നിവയാണ് ഇതിന് അടിയന്തര പരിഹാരമായി സമിതി മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശം. താങ്ങുവില അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ മൗനം പാലിക്കുന്ന മോഡി സര്‍ക്കാരിന്റെ കാര്‍ഷിക‑ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ രണ്ട് വര്‍ഷമായി പോരാട്ട പാതയില്‍ തുടരുന്ന അവസരത്തിലാണ് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.