24 December 2024, Tuesday
KSFE Galaxy Chits Banner 2

പ്രധാനമന്ത്രിയുടെ ആവശ്യം വഞ്ചനാപരം, ദുരുപദിഷ്ടം

Janayugom Webdesk
April 29, 2022 5:00 am

പെട്രോളിയം ഉല്പന്നങ്ങൾക്ക് അനുദിനം വില ഉയർത്തിയും അവയ്ക്കുമേൽ വിവിധ സെസുകൾ ചുമത്തിയും ജനങ്ങളുടെമേൽ പകൽക്കൊള്ള നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിപക്ഷം ഭരണം നടത്തുന്ന സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് വഞ്ചനാപരവും ദുരുപദിഷ്ടവുമാണ്. അതിന് പ്രധാനമന്ത്രി തിരഞ്ഞെടുത്ത അവസരം അനുചിതവും അദ്ദേഹം ഉദ്ഘോഷിക്കുന്ന സഹകരണാത്മക ഫെഡറലിസം എന്ന ആശയത്തിന്റെ തന്നെ നിഷേധവുമാണ്. കോവിഡ് 19 നാലാംതരംഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ കരുതൽ നടപടികളെപ്പറ്റി സംസാരിക്കാൻ വിളിച്ച വീഡിയോ കോൺഫറൻസിലാണ് പെട്രോളിയം ഇന്ധന വിലക്കയറ്റത്തിന് കാരണം സംസ്ഥാന വാറ്റ്നികുതിയാണെന്നു വരുത്തിത്തീർക്കാൻ പ്രധാനമന്ത്രി ശ്രമം നടത്തിയത്. എല്ലാ സംസ്ഥാനങ്ങളും ഇന്ധനത്തിന്റെ അടിസ്ഥാനവില, കേന്ദ്രസർക്കാർ ചുമത്തുന്ന വിവിധ തീരുവകൾ, സെസുകൾ തുടങ്ങിയവയ്ക്ക് ആനുപാതികമായി വാറ്റ്നികുതി ചുമത്തിപ്പോരുന്നുണ്ട്. ഒരു ബിജെപി സംസ്ഥാന സർക്കാരും അത് ഉപേക്ഷിക്കാൻ തയാറായിട്ടില്ല. കേരളമടക്കം പരിമിത വിഭവശേഷി സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം അത് അവയുടെ സാമ്പത്തിക നിലനില്പിന്റെ ജീവധാരയാണുതാനും. മുഖ്യമന്ത്രിമാർക്ക് സംസാരിക്കാൻ സമയവും അവസരവും നിഷേധിക്കപ്പെട്ട ഒരു വീഡിയോ കോൺഫറൻസിൽ വിവാദ വിഷയം ഉന്നയിച്ചത് പ്രധാനമന്ത്രിയുടെ പദവിക്ക് നിരക്കാത്ത വിലകുറഞ്ഞ രാഷ്ട്രീയമായിപ്പോയി. അതും, പൊതുവിൽ സംസ്ഥാനങ്ങളെ പരാമർശിക്കാതെ, പ്രതിപക്ഷ പാർട്ടികളും മുന്നണികളും ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം പ്രതിക്കൂട്ടിൽ നിർത്താൻ മോഡി നടത്തിയ ശ്രമം അദ്ദേഹത്തിന്റെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യവും തന്ത്രവുമാണ് തുറന്നുകാട്ടുന്നത്. പരാമർശിത സംസ്ഥാനങ്ങളിൽ ബിജെപിയെ നിലംപരിശാക്കി അധികാരത്തിൽ വന്ന പ്രതിപക്ഷ സർക്കാരുകൾക്ക് എതിരെ ജനങ്ങളെ ഇളക്കിവിടാമെന്ന വിദ്വേഷ, വിഭജന കുടില രാഷ്ട്രീയത്തിന്റെ ഭാഗമാണ് അത്. യൂണിയൻ ഗവണ്‍മെന്റ് പെട്രോളിയം ഇന്ധനങ്ങൾക്കുമേൽ ചുമത്തിവരുന്ന എക്സെെസ് തീരുവ, സെസുകൾ, സർചാർജുകൾ എന്നിവ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന വസ്തുതകൾ ആണെന്നിരിക്കെ അവ യുടെ ആവർത്തന വിരസത ഒഴിവാക്കുന്നു. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ പെട്രോളിയം ആസൂ ത്രണ വിശകലന സെ ല്ലിന്റെ കണക്കുകൾ പ്രകാരം എക്സെെസ് തീരുവ, സെസുകൾ, സർചാർജുകൾ എന്നീ ഇനങ്ങളിലായി സമാഹരിക്കുന്ന തുകയിൽ പെട്രോൾ വഴി ലഭിക്കുന്ന തുകയുടെ 96 ശതമാനവും ഡീസൽവിപണനം വഴി ലഭിക്കുന്ന തുകയുടെ 94 ശതമാനവും പൂർണമായും കേന്ദ്രവിഹിതമാണ്.


ഇതുകൂടി വായിക്കാം; വിലക്കയറ്റത്തില്‍ ജനജീവിതം പൊറുതിമുട്ടുന്നു


ബാക്കി തുച്ഛമായ തുക മാത്രമേ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതുള്ളു. 2019–2020 സാമ്പത്തികവർഷം അത്തരത്തിൽ സംസ്ഥാനങ്ങളുമായി പങ്കുവച്ചത് 26,464 കോടി രൂപ ആയിരുന്നത് 2020–2021ൽ 19,578 കോടിയായി കുറയുകയാണ് ഉണ്ടായത്. എക്സെെസ് തീരുവകൾ കുത്തനെ ഉയർത്തിയപ്പോഴാണ് സംസ്ഥാന വിഹിതത്തിൽ ഗണ്യമായ ഇടിവ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ എട്ടുവർഷത്തെ കേന്ദ്രസർക്കാരിന്റെ ഇന്ധന എക്സെെസ് നികുതിവരുമാനം 28 ലക്ഷം കോടിയിൽ അധികമാണെന്നിരിക്കെയാണ് നിരന്തരം സംസ്ഥാനവിഹിതം കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും സംസ്ഥാനങ്ങളുടെ തനത് വരുമാന സ്രോതസായ വാറ്റ്നികുതി ഇനിയും കുറയ്ക്കണമെന്ന ആവശ്യം പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്. അത് സംസ്ഥാനങ്ങളോടും ജനങ്ങളോടുമുള്ള തികഞ്ഞ അനീതിയും യുക്തിരഹിതമായ ആവശ്യവുമാണ്. കേരളത്തിലാവട്ടെ കഴിഞ്ഞ ആറുവര്‍ഷങ്ങൾക്കുള്ളിൽ വാറ്റ്നികുതിയിൽ യാതൊരു വർധനവും ഉണ്ടായിട്ടില്ല എന്നതും പ്രത്യേകം പ്രസ്താവ്യമാണ്. ഇന്ധന വിലയിൽ നട്ടംതിരിയുന്ന ജനങ്ങളോടുള്ള സഹാനുഭൂതിയാണ് പ്രധാനമന്ത്രിയെ നയിക്കുന്നതെങ്കിൽ സംസ്ഥാനങ്ങളുമായി ഒരു പൈസപോലും പങ്കുവയ്ക്കേണ്ടാത്ത സെസുകളും സർചാർജുകളും ഉടൻ പിൻവലിക്കുകയും എക്സൈസ് തീരുവകൾ പകുതിയായി കുറച്ചും എണ്ണവില ന്യായമായ തോതിൽ പിടിച്ചുനിർത്തുകയുമാണ് വേണ്ടത്. കാർഷിക അടിസ്ഥാന സൗകര്യവികസനം, റോഡ് അടിസ്ഥാന സൗകര്യവികസനം എന്നിവയുടെ പേരിൽ സമാഹരിക്കുന്ന തുകയിൽ 40 ശതമാനവും എണ്ണവ്യവസായ വികസനത്തിന്റെ പേരിൽ സമാഹരിക്കുന്ന തുക പൂര്‍ണമായും ഉദ്ദേശ കാര്യങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നില്ല എന്ന വസ്തുത സിഎജി റിപ്പോർട്ടുകൾ തന്നെ ചൂണ്ടിക്കാണിക്കുന്നു. പൊതു ഉടമസ്ഥതയിൽ ഉള്ള എണ്ണക്കമ്പനികളും റിഫൈനറികൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും കോർപറേറ്റുകൾക്ക് അടിയറവയ്ക്കാൻ തയാറായി നിൽക്കുന്ന മോഡിഭരണകൂടം അവരുടെ പാദമുദ്രക്കുകീഴിൽ രാജ്യത്തെ എണ്ണവിപണി കൈമാറുകയാണ്. റിലയൻസ് കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ എണ്ണവിപണിയുടെ ഇരുപതു ശതമാനത്തിലധികം കയ്യടക്കിക്കഴിഞ്ഞു. സംസ്ഥാനങ്ങളുടെയും രാജ്യത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ കോര്‍പറേറ്റുകൾക്ക് ബലിനൽകി നികുതിപ്പണംകൊണ്ട് അധികാരം നിലനിർത്താമെന്ന വ്യാമോഹമാണ് മോഡിയെ നയിക്കുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.