23 January 2026, Friday

Related news

January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026
January 1, 2026
December 28, 2025
December 26, 2025

കൊട്ടിയൂര്‍— അമ്പായത്തോട്- വയനാട് ചുരമില്ലാ റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

Janayugom Webdesk
മാനന്തവാടി
February 27, 2025 9:15 am

ചുരം പാതകളില്‍ യാത്രാക്ലേശമനുഭവിക്കുന്ന വയനാടിനായി കൊട്ടിയൂര്‍— അമ്പായത്തോട്- വയനാട് ബദല്‍റോഡ് യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അമ്പായത്തോടില്‍ നിന്നു തുടങ്ങി വനത്തിലൂടെ തലപ്പുഴ 44-ാം മൈലിലേക്കെത്തുന്ന റോഡാണിത്. വയനാട്ടില്‍ നിന്ന് മട്ടന്നൂരിലുള്ള രാജ്യാന്തര വിമാനത്താവളത്തിലേക്ക് എളുപ്പത്തിലെത്തുന്നതിന് ചുരമില്ലാ റോഡ് ഏറെ സഹായകമാവും. ഏത് സമയത്തും കല്ലും മണ്ണും ഇടിഞ്ഞു വീണ് അപായമുണ്ടാവാന സാധ്യതയുള്ള പാല്‍ച്ചുരം റോഡാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ വയനാട്ടിലുള്ളവര്‍ കൂടുതലായും ആശ്രയിക്കുന്നത്. മാനന്തവാടിയില്‍ നിന്നു തവിഞ്ഞാല്‍ 42-ാം മൈല്‍ വരേയും അമ്പായത്തോട് നിന്നു മട്ടന്നൂരിലേക്കും ഗതാഗതയോഗ്യമായ പാതയാണുള്ളത്. ഇതിനിടയില്‍ തീര്‍ത്തും ദുര്‍ഘടമായ അഞ്ചു മുടിപ്പിന്‍ വളവുകളുള്ള പാതയാണുള്ളത്.

ഒരു ഭാഗം വലിയ മലയും മറുഭാഗം നോക്കെത്താ ദൂരത്തുള്ള കൊക്കയുമുള്ള റോഡില്‍ നിരവധി തവണ വാഹനങ്ങള്‍ മറിഞ്ഞും മറ്റും അപകടമുണ്ടായി. മതിയായ സുരക്ഷാവേലികള്‍ പോലും റോഡില്‍ പലയിടത്തുമില്ല. കണ്ണൂരില്‍ നിന്നു ചെങ്കല്ല് ഉള്‍പ്പെടെ കയറ്റി ഭാരവാഹനങ്ങളെത്തുന്നത് ഈ റോഡുവഴിയാണ്. പാല്‍ച്ചുരത്തിലൂടെയുള്ള യാത്രാ ക്ലേശത്തിന് പരിഹാരമാവുന്നതാണ് കൊട്ടിയൂര്‍— അമ്പായത്തോട്- തലപ്പുഴ 44-ാം മൈല്‍ ചുരമില്ലാ റോഡ്.
നിര്‍ദിഷ്ട മട്ടന്നൂര്‍— മാനന്തവാടി വിമാനത്താവളം നാല്‌വരിപ്പാതയുടെ സ്ഥലമെടുപ്പ് നടപടികള്‍ നടക്കുകയാണ്. മറ്റിടങ്ങളില്‍ നാലുവരി നിര്‍മിക്കുമ്പോള്‍ അമ്പായത്തോടില്‍ നിന്നു പാല്‍ച്ചുരം വഴി മാനന്തവാടിയിലേക്ക് രണ്ടുവരിപ്പാത നിര്‍മിക്കാനാണ് ഇപ്പോള്‍ തീരുമാനം. മട്ടന്നൂരില്‍ നിന്നു അമ്പായത്തോട് വരെയുള്ള 40 കിലോമീറ്റര്‍ ദൂരത്തില്‍ 24 മീറ്റര്‍ വീതിയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടന്നു വരുകയാണ്. ഇതിനു മുന്നോടിയായി സാമൂഹികാഘാത പഠനം കഴിഞ്ഞ് റിപ്പോര്‍ട്ട് കണ്ണൂര്‍ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. അമ്പായത്തോടില്‍ നിന്നു മാനന്തവാടി വരെ രണ്ടുവരിപ്പാതയെന്ന തീരുമാനം ഒഴിവാക്കി അമ്പായത്തോടില്‍ നിന്നു
തലപ്പുഴ 44-ാം മൈലിലെത്തുന്ന ചുരമില്ലാ പാത വികസിപ്പിച്ച് നാലുവരിപ്പാത വയനാട്ടിലേക്കും നീട്ടണമെന്ന ആവശ്യമാണുയരുന്നത്.

ആകെ ദൂരം 8.3 കിലോമീറ്റര്‍; വേണ്ടത് 1.3 കിലോമീറ്റര്‍ വനഭൂമി

ചുരമില്ലാ ബദല്‍പ്പാത യാഥാര്‍ഥ്യമായാല്‍ 8.3 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ തലപ്പുഴ 44-ാംമൈലില്‍ നിന്നു അമ്പായത്തോടിലെത്താന്‍ സാധിക്കും. നിലവിലുള്ള ദുര്‍ഘടമായ പാല്‍ച്ചുരം വഴി അമ്പായത്തോടിലെത്താന്‍ പത്ത് കിലോമീറ്ററോളം സഞ്ചരിക്കണം. അമ്പായത്തോടില്‍നിന്നു കൊട്ടിയൂര്‍ വനാതിര്‍ത്തി വരെ 3.45 കിലോമീറ്റര്‍ ദൂരവും തലപ്പുഴ 44-ാംമൈലില്‍ നിന്നു വനാതിര്‍ത്തി വരെ 3.5 കിലോമീറ്റര്‍ ദൂരവുമാണുള്ളത്. ഇതിനിടയില്‍ 1.360 കിലോമീറ്റര്‍ വനഭൂമിയുമുണ്ട്. റോഡ് യാഥാര്‍ഥ്യമാക്കാന്‍ 1.3 കിലോമീറ്റര്‍ ദൂരം വനഭൂമി മാത്രമാണ് ഏറ്റെടുക്കേണ്ടി വരുന്നത്.

റോഡ് വികസന സമിതി നിവേദനം നല്‍കി
കൊട്ടിയൂര്‍— അമ്പായത്തോട്- തലപ്പുഴ 44-ാം മൈല്‍ ചുരമില്ലാ ബദല്‍പ്പാത യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ടു റോഡ് വികസന സമിതി തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍ സി ജോയിക്ക് നിവേദനം നല്‍കി. തലപ്പുഴ ഗ്രാമപ്പഞ്ചായത്ത് മുന്‍കൈ എടുത്ത് മാനന്തവാടി ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ അധ്യക്ഷന്‍മാരെയും കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ആറളം, പേരാവൂര്‍, മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരേയും ചേര്‍ന്ന് സംയുക്ത കര്‍മസമിതി രൂപവത്കരിച്ചു റോഡിനായി പ്രവര്‍ത്തിക്കണമെന്നു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. പാതക്കായി മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, പ്രിയങ്കാഗാന്ധി എം പി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നു റോഡ് വികസസമിതി ഭാരവാഹികള്‍ പറഞ്ഞു.

കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോര്‍ജ് കുട്ടി മുക്കാടന്‍, മട്ടന്നൂര്‍ — മാനന്തവാടി വിമാനത്താവള റോഡ് കര്‍മസമിതി കണ്‍വീനര്‍ ബോബി സിറിയക്ക്, സമതിയംഗങ്ങളായ പി.സി. സിറിയക്, ജോണി ജോണ്‍ വടക്കയില്‍ എന്നിവരടങ്ങുന്ന സംഘമാണ് തവിഞ്ഞാണ്‍ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തിയ അധികൃതരുമായി സംസാരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.