22 December 2024, Sunday
KSFE Galaxy Chits Banner 2

ഇരുകാലി പെൺ മനസിന്റെ ആഴവും വഴികളും

ഇ ആർ ഉണ്ണി
December 11, 2022 1:33 pm

വി കെ ഷാഹിനക്ക് കവിതയുടെ വഴികൾ ആഴം നിറഞ്ഞതും ജീവിതത്തിന്റെ തിരശ്ചീന തലത്തിൽ നിന്ന് ചിതറി തെറിക്കുന്നതുമാണ്. ജീവിതം അങ്ങിനെയായതു കൊണ്ടാവാം സാമ്പ്രദായികമായ ചിന്തകളുടെ കോലായകളും നടുമുറ്റവും നാലമ്പലവും വിട്ട് ഈ കവിതകൾ ഇരുട്ടു നിറഞ്ഞ നിഗൂഢ വഴികളിലൂടെ സഞ്ചരിക്കുന്നത്.
പെൺജീവിതത്തിന്റെ വിവിധ വളവുകളിൽ ആഴത്തിൽ ചിന്തിച്ച് നിൽക്കുന്ന കൗമാരക്കാരി പെൺകുട്ടിയും പുരുഷാധിപത്യസമൂഹത്തിൽ വിവിധ അവസ്ഥകളോട് സൂക്ഷ്മവിശകലനം നടത്തി ചിലപ്പോഴൊക്കെ കലഹിച്ച് മുന്നോട്ട് സസൂക്ഷ്മം ചുവടു വെക്കുന്ന ‘അടുക്കള ശാസന’കളെ ധിക്കരിക്കുന്നവളും അതേ സമയം കുപ്പിവള ധരിച്ച് ഫ്രില്ലുള്ള പാവാടപ്പുള്ളികളിൽ സ്വപ്നം കാണുന്നവളും ഒക്കെയായ തനി സാധാരണ പെണ്ണിന്റെ
മനസു വായിക്കണോ ഈ കവിതകൾ വായിച്ചാൽ മതി എന്ന് ആമുഖമായി സധൈര്യം പറയാം. ആത്മസംഘർഷത്തിന്റെ നിരാശ്രയത്വത്തിൽ നിന്ന് മുളച്ച ഈ ചിറകുകൾ
അരിയാൻ പറക്കുമ്പോൾ കഴിയില്ല. 

ഒരു പെൺകുട്ടിയെ വരക്കുമ്പോൾ, ഇലമുളച്ചി, വളവിനപ്പുറം,
സ്വന്തമായൊരു മുറി, തുടങ്ങിയ കവിതകളിൽ സ്വത്വം, ലിംഗപദവി, സ്വാതന്ത്ര്യം, എന്നിവ വ്യക്തമായ ലക്ഷ്യബോധത്തോടെ ചർച്ച ചെയ്യുന്നുണ്ട്. അതേസമയം, “ഇതിനെല്ലാം പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ… നിങ്ങൾ തൻ പിൻമുറക്കാർ” എന്ന ഒരു നിർദ്ദോഷപരമായ ചങ്ങമ്പുഴ വിപ്ലവ ലൈൻ കൊണ്ടു നടക്കുന്നു കവി. പെണ്ണിന്റെ കഥ കല്യാണത്തോടെ കഴിഞ്ഞു എന്നത് പഴയ സങ്കല്പം. അതുകൊണ്ടാണ് പഴയ സിനിമകളും നോവലുകളും കല്യാണത്തിൽ അവസാനിക്കുന്നത്. അതിനപ്പുറം പെണ്ണിന്റെ കവിതകൾ ജനിക്കുന്നത് കല്യാണത്തിനു ശേഷം ‘സ്വന്തമായി ഒരു മുറി’ കിട്ടുമ്പോഴാണ്. അതുവരെ അനുഭവിക്കാത്ത വിശപ്പിന്റെ എരിച്ചിൽ അവൾ അവിടെ നേരിടുന്നു. അതുവരെ സമയത്തിനൂട്ടിയവരും വിഭവങ്ങളും പോരാതെ വരുന്ന സ്വന്തം മുറി, പലപ്പോഴും വിശപ്പടക്കാനാവാത്ത വിഭവങ്ങളുടെ കലവറയാണ്. വിശപ്പ് കെട്ടടങ്ങാത്ത പെണ്ണ് — നിത്യസത്യമാണോ? കവിത അന്വേഷിക്കുന്നു.
പെൺജീവിതത്തിൽ പ്രണയം, മതം, ജീവിതം, എന്നീ അവസ്ഥകളെ നിസംഗതയോടെ സമീപിക്കുമ്പോഴും, അനുഭവങ്ങളെ നിയോഗംപോലെ ഏറ്റുവാങ്ങുമ്പോഴും മിഴിയുയർത്തി തറക്കുന്ന നോട്ടത്തിലൊതുക്കുന്ന ജീവിത സമസ്യകൾക്ക് ഉത്തരം തരാതെ പോകാൻ പെണ്ണിനാവില്ലെന്ന് ഈ പെൺകവിതകൾ സൂചിപ്പിക്കുന്നു. ജീവിതം ചുവരില്ലാത്ത വീട്ടിൽ കണ്ണ് പൊത്തിക്കളിയായി തുടങ്ങി, ഉത്തരവും കഴുക്കോലും സ്വയം തീർത്ത്, സ്വപ്നങ്ങളുടെ മൈനകൾ മേയുന്ന പൂമുറ്റത്തിനു ചുറ്റും സ്വയം ചുട്ടെടുത്ത ഇഷ്ടികകൾ കൊണ്ട് ചുമരു നിർമ്മിക്കേണ്ടി വന്ന നിയോഗമാണ് ജീവിതം. 

കണ്ണുപൊത്തി കളിക്കാത്ത മക്കൾക്ക് കണ്ണുവെട്ടിച്ച് ജീവിക്കാൻ ഒരിടം, നമ്മുടെ ജീവിതം. അതിനു താഴെ സാക്ഷ്യപ്പെടുത്താൻ നാം മാത്രം.
അവസാനം പെണ്ണും നാൽപതു കഴിയുമ്പോൾ. അരക്കിറുക്കികളും മന്ത്രവാദിനികളുമാകുന്നു.
അവർ ജീവിതകെട്ടുപാടുകളുടെ ഹുക്കുകൾ അഴിച്ച് കാറ്റു കൊള്ളാനിറങ്ങുന്നു. തരളിതയായ സ്ത്രീ ചാരി നിൽക്കാൻ തോളു തേടുന്നുവോ? തോൾ കുലുക്കി പാട്ടുമൂളി കടന്നു പോകുന്നുവോ?
എല്ലാവർക്കും എല്ലാരുമാവാൻ കഴിയില്ലെന്ന പരിമിതമായ ചിന്തയിലും പെണ്ണിരുന്നു പോകരുതെന്നും മുളയ്ക്കുന്ന ചിറകുകളെ തേടി പറക്കണമെന്നും ആഹ്വാനം ചെയ്ത്, പുതിയ പെൺ കാലത്തിന്റ ആഹ്വാനങ്ങളുടെ കവിയായി ഷാഹിന മാറുന്നു.
പ്ലാവിലക്കഞ്ഞി, ഉട്ടോപ്യ, വിത്ത്, തോക്കുകൾ എനിക്ക് കാവൽ നിൽക്കുമ്പോൾ, ലോക് ഡൗൺ, സോഷ്യലിസം എന്നീ കവിതകളിൽ ഇതേ പെണ്ണ്, ജീവിച്ചു മരിക്കുമ്പോഴും, തേടുന്ന കാലിന്നടിയിലെ മണ്ണ്, നഷ്ടപെട്ടതോ? അതോ ആദ്യമേ ഇല്ലാത്തതോ എന്ന സംശയം, പെണ്ണിനിന്നും ബാക്കി നിൽക്കുന്നു എന്ന യാഥാർത്ഥ്യം കൂടി പറയുന്ന കവി, തന്റെ ശവക്കച്ച സ്വയം തുന്നിയേക്കാം എന്ന് തീരുമാനിക്കുന്നിടത്ത്, മുളക്കുന്നില്ലേ… പുതിയ ചിറകുകൾ… എന്നന്വേഷിക്കുമ്പോഴും വേണ്ട… ലില്ലിപ്പൂക്കൾ കൊണ്ടൊരു മുൾക്കിരീടം എന്ന ധീരതക്കിരിക്കട്ടെ വായനക്കാരന്റെ കുതിരപ്പവൻ. 

പറക്കുമ്പോൾ മാത്രം മുളയ്ക്കുന്ന ചിറകുകൾ
(കവിത)
വി കെ ഷാഹിന
ലോഗോസ് ബുക്സ്
വില: 150 രൂപ

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.