26 January 2026, Monday

നിര്‍ണയ ലബോറട്ടറി ശൃംഖല യാഥാര്‍ത്ഥ്യമായി; ആരോഗ്യരംഗത്ത് വന്‍ നേട്ടം

* 1300 സർക്കാർ ലാബുകള്‍ 
* പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍ 
Janayugom Webdesk
തിരുവനന്തപുരം
October 30, 2025 10:39 pm

സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള നിര്‍ണയ ലബോറട്ടറി ശൃംഖലയുടെ (ഹബ് ആന്റ് സ്‌പോക്ക്) ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സര്‍ക്കാര്‍ ലാബുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ഗുണനിലവാരം ഉയര്‍ത്തുകയും ലാബുകളെ പരസ്പരം ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയില്‍ ബന്ധിപ്പിക്കുകയും ചെയ്തു. ഇതിലൂടെ സൗജന്യമായോ മിതമായ നിരക്കിലോ വീടിന് തൊട്ടടുത്ത് പരിശോധന നടത്താം. കേരളത്തിന്റെ രോഗപരിശോധനാ ചരിത്രത്തിലെ വിപ്ലവകരമായ മുന്നേറ്റമാണ് നിര്‍ണയ എന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന ലാബ് പരിശോധനകള്‍, സങ്കീര്‍ണ ലാബ് പരിശോധനകള്‍, എഎംആര്‍ സര്‍വയലന്‍സ്, മെറ്റാബോളിക്ക് സ്‌ക്രീനിങ്, ടിബി ‑ക്യാന്‍സര്‍ സ്‌ക്രീനിങ്, ഔട്ട്‌ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധനകള്‍, സാംക്രമിക രോഗ നിര്‍ണയവും നിരീക്ഷണവും എന്നിങ്ങനെ ലബോറട്ടറി പരിശോധനകളെ ഏഴ് ഡൊമൈനുകളായി തരം തിരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ തലത്തില്‍ തന്നെ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്ന ഈ സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ള 1300 ഓളം ലാബുകള്‍ നിലവില്‍ നിര്‍ണയ പദ്ധതിയുടെ ഭാഗമാണ്. ഇതില്‍ വിവിധ ജില്ലകളിലായി ഇരുനൂറിലധികം ഹബ്ബ് ലാബുകളും 1100 ഓളം സ്‌പോക്ക് ലാബുകളും ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴിയാണ് റിസള്‍ട്ട് ലഭ്യമാകുന്നത്. പോര്‍ട്ടലിലും, എസ്എംഎസ് ആയും, എംഇ ഹെല്‍ത്ത് മൊബൈല്‍ ആപ്പ് വഴിയും റിസള്‍ട്ട് ലഭ്യമാകും. ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസും ഈ പദ്ധതിയുമായി സഹകരിക്കുന്നു. കൂടുതല്‍ സങ്കീര്‍ണമായ ടെസ്റ്റുകള്‍ കുടുംബാരോഗ്യ/ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ തലത്തില്‍ തന്നെ സാധ്യമാകുന്നു. ദൂരെയുള്ള ഹബ് ലാബില്‍ നേരിട്ട് ചെല്ലാതെ തന്നെ പരിശോധനകള്‍ നടത്തുവാന്‍ രോഗിക്ക് സാധിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള, ഗുണ നിലവാരമുള്ള പരിശോധനകള്‍, കുറഞ്ഞ ചിലവില്‍ രോഗിക്ക് സാധ്യമാകുന്നു. ടെസ്റ്റ് റിസള്‍ട്ടുകള്‍, സാമ്പിളുകള്‍ പരിശോധനയ്ക്കായി നല്‍കിയ സ്‌പോക്ക് ലാബുകളായ ഹെല്‍ത്ത് സെന്ററില്‍ നിന്ന് തന്നെ സമയബന്ധിതമായി രോഗിക്ക് ലഭിക്കുന്നു.

കൂടാതെ പരിശോധനാ സമയത്ത് നല്‍കിയ വെരിഫൈഡ് രജിസ്റ്റര്‍ഡ് മൊബൈല്‍ നമ്പറില്‍ എസ്എംഎസ് ആയും രോഗിക്ക് ലഭിക്കും. ഈ സംവിധാനത്തിലൂടെ പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുവാന്‍ സാധിക്കുന്നു. ഇതിലൂടെ രോഗികളുടെ ചികിത്സാ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു. നവകേരളം കര്‍മ്മപദ്ധതിയിലും ആര്‍ദ്രം പദ്ധതിയിലും വിഭാവനം ചെയ്ത സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിലെ നിര്‍ണായക ചുവടുവെപ്പാണ് നിര്‍ണയ.

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.