26 June 2024, Wednesday
KSFE Galaxy Chits

കടമ്പൊഴി പാടശേഖരത്തിൽ വിത്ത് വിതയ്ക്കാൻ 
ജില്ലാ കളക്ടർ എത്തിയത് കർഷക വേഷത്തിൽ

Janayugom Webdesk
മുഹമ്മ
April 23, 2022 6:48 pm

കഞ്ഞിക്കുഴി: കൈലിമുണ്ടും ഉടുത്ത് മുല്ലപ്പൂവും ചൂടി പാടവരമ്പത്ത് വിത്ത് എറിയാൻ ജില്ലാ കളക്ടർ ഡോ. രേണുരാജ് എത്തി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ഈ വർഷത്തെ നെൽകൃഷിക്ക് തുടക്കം കുറിച്ച് നാലാം വാർഡിലെ കടമ്പൊഴി പാടശേഖരത്തിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കളക്ടർ എത്തിയത്. ചടങ്ങിനെത്തിയ കളക്ടർക്ക് സംഘാടകർ നൽകിയ പച്ചക്കറി ബൊക്കെയും മുല്ലപ്പൂ മാലയും കൈലിമുണ്ടും സ്നേഹപൂർവ്വം സ്വീകരിക്കുകയും കർഷക വേഷത്തിൽ പാടവരമ്പത്ത് എത്തി നെല്ല് വിതയ്ക്കുകയും ചെയ്തു. 30 വർഷമായി തരിശ് കിടന്ന പാടശേഖരത്തിൽ ആണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കൃഷിവകുപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ യുവാക്കളുടെ കൂട്ടായ്മയിലൂടെയാണ് കൃഷിയിറക്കുന്നത്.

നമ്മുടെ പ്രകൃതിയും കാലാവസ്ഥയും എല്ലാം പ്രവചനാതീതമായി മാറി കൊണ്ടിരിക്കുകയാണെന്ന് കളക്ടര്‍ പറഞ്ഞു. അവയുടെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ കൃഷിയിലൂടെയും നെൽവയൽ സംരക്ഷണത്തിലൂടെയും നമുക്ക് കഴിയുമെന്നും അതിനായി കൂടുതൽ യുവാക്കുകൾ കാർഷിക മേഖലയിലേക്ക് കടന്നുവരണം. അതിലൂടെ കാർഷിക ഉൽപ്പാദന രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തുവാൻ നമുക്ക് സാധിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധസുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്ത്, കൃഷിഓഫീസർ ജാനിഷ് റോസ്, എൻ കെ നടേശൻ, എൻ പി ധനുഷ് തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റുമാരായ അനില, സുരേഷ്, അജന, വി സി പണിക്കർ, പി ലളിത, പി ദീപുമോൻ, സി കെ ശോഭൻ, മിനി പവിത്രൻ, എസ് ചെല്ലപ്പൻ, വി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.