ഒമിക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ കണ്ടെത്തുന്നതിന് മുന്‍പേ യൂറോപ്പില്‍ കണ്ടെത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഡച്ച് ആരോഗ്യവകുപ്പ്. നവംബര്‍ 19,23 തീയതികളില്‍ നടത്തിയ പരിശോധനയിലാണ് യൂറോപ്പില്‍ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് പറയുന്നു. ആഫ്രിക്കയില്‍ ഒമിക്രോണ്‍ കണ്ടെത്തുന്നതിന് മുന്‍പ് എങ്ങനെയാണ് യൂറോപ്പില്‍ അസുഖം സ്ഥിരീകരിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഒമിക്രോണിന്റെ ഉത്ഭവം ആഫ്രിക്കയിലാണെന്ന നിഗമനത്തില്‍ ലോകരാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.
രോഗം സ്ഥിരീകരിച്ചവര്‍ ഒരു ലക്ഷണവും ഇല്ലാത്തവരോ അല്ലെങ്കില്‍ ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരോ ആയിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചിരുന്നു. വിദേശത്ത് പോകാത്ത, നാട്ടില്‍ മറ്റാരുമായി സമ്പര്‍ക്കമില്ലാതിരുന്ന യുവാവിന് ജര്‍മ്മനിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ലാ റിയൂനിയന്‍ ദ്വീപിലും സ്‌കോട്ട്‌ലന്‍ഡിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം, ഡെല്‍റ്റ വകഭേദത്തെ മറികടക്കാനുള്ള സാധ്യതയുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അഡ്രിയാൻ പ്യുരെൻ പറഞ്ഞു. ഡെല്‍റ്റയേക്കാള്‍ വ്യാപനശേഷി ഒമിക്രോണിന് കൂടുതലാണെങ്കില്‍ രോഗബാധയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ വര്‍ധനവ് ഉണ്ടാകും. വാക്സിനുകളോ മുൻകാല അണുബാധയോ ഉണ്ടാക്കുന്ന പ്രതിരോധശേഷിയെ ഒമിക്രോണിന് എത്രത്തോളം പ്രതിരോധിക്കാന്‍ കഴിയുമെന്നും മറ്റ് വകഭേദങ്ങളേക്കാൾ കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്നും നാലാഴ്ചയ്ക്കുള്ളിൽ കണ്ടെത്താന്‍ വിദഗ്ധര്‍ക്ക് കഴിഞ്ഞിരിക്കണമെന്നും പ്യുരെൻ കൂട്ടിച്ചേര്‍ത്തു.
നെെജീരിയയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ആഫ്രിക്കന്‍ രാജ്യമാണ് നെെജീരിയ. ബ്രസീലിലും വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ദമ്പതികളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഗള്‍ഫ് രാജ്യമായ സൗദി അറേബ്യയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. അതേസമയം ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. നേരത്തെ മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സൗദി 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഏര്‍പ്പെടുത്തും മുന്‍പ് സൗദിയിലെത്തിയതാവാം ഇദ്ദേഹം എന്നാണ് നിഗമനം.
English Summary: The Dutch Department of Health says Omicron was first discovered in Europe
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.