22 January 2026, Thursday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

കലാപഭൂമിയാക്കുകയല്ല പ്രതിപക്ഷ ധര്‍മ്മം

Janayugom Webdesk
November 22, 2023 5:00 am

ബ്രഹാം ലിങ്കൺ ജനാധിപത്യത്തെ വിശേഷിപ്പിച്ചത്, ‘ജനാധിപത്യത്തിൽ ഞാൻ ഒരു അടിമയാകാത്തതുപോലെ തന്നെ ഒരു യജമാനനും ആയിരിക്കില്ല’ എന്നാണ്. ജനാധിപത്യമെന്നത് ഭൂരിപക്ഷമോ ഭരണകൂടമോ അല്ല, മറിച്ച് ജനപക്ഷത്ത് നിൽക്കുകയും അതിനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന മൂല്യങ്ങളാണ്. ഭൂരിപക്ഷമെന്നത് പ്രായോഗികമായ ഒരു തെരഞ്ഞെടുപ്പ് ഉപാധി മാത്രമാണ്. അവിടെ ഭരണപക്ഷത്തോളം ഉത്തരവാദിത്തം പ്രതിപക്ഷത്തിനുമുണ്ട്. കഴിഞ്ഞ നാല് ദിവസങ്ങളിലായി കേരളസര്‍ക്കാര്‍ നടത്തിവരുന്ന നവകേരളസദസ് എന്ന ജനകീയപരിപാടി തീര്‍ത്തും ജനപങ്കാളിത്തം കൊണ്ട് സമ്പന്നമാകുമ്പോള്‍ രാഷ്ട്രീയ എതിരാളികളില്‍ അങ്കലാപ്പുണ്ടാവുക സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ പരിപാടിയുടെ നിറംകെടണമെന്ന് അവരാഗ്രഹിക്കുന്നതും സ്വാഭാവികം. പരമാവധി നിസഹകരണമായിരിക്കും പ്രതിപക്ഷത്തില്‍ നിന്നുണ്ടാവുക എന്നതിലും തര്‍ക്കമില്ല. അത്തരമൊരു ആഹ്വാനം കേരളത്തിലെ മുഖ്യപ്രതിപക്ഷമായ യുഡിഎഫ് നടത്തുകയും ചെയ്തിരുന്നു. പക്ഷേ പരിപാടി മൂന്ന് ദിവസം പിന്നിട്ടപ്പോള്‍, ആദ്യദിവസങ്ങളില്‍ നെഗറ്റീവ് വാര്‍ത്തകള്‍ കൊണ്ട് പൊളിക്കാന്‍ ശ്രമിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ പോലും സദസിലെ ജനകീയത റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയതോടെ യുഡിഎഫിന് സമനിലതെറ്റി. എങ്ങനെയും പരിപാടി തകര്‍ക്കുക എന്ന ഗൂഢലക്ഷ്യത്തിലേക്കവര്‍ നീങ്ങി. അതിന്റെ പ്രതിഫലനമാണ് കല്യാശേരിയിൽ കണ്ടത്. ഓടുന്ന വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടിയുമായി ഒരുസംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു. പൊലീസ് ലാത്തിച്ചാര്‍ജും സംഘര്‍ഷവുമാണവര്‍ കണക്കുകൂട്ടിയത്. തൊട്ടുപിന്നാലെയുണ്ടായ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം കലാപാസൂത്രണം വെളിപ്പെടുത്തുന്നതായി. പ്രതിഷേധങ്ങളെ കായികമായാണ് നേരിടുന്നതെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നായിരുന്നു പ്രസ്താവന. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നരനായാട്ട് നടത്തി സ്വൈരമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്നും തെരുവിൽ നേരിടുമെന്നുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭീഷണി.


ഇതുകൂടി വായിക്കൂ: പ്രതിപക്ഷത്തിന്റെ വ്യാജപ്രചരണങ്ങള്‍ പൊളിഞ്ഞു


നവകേരള സദസ് ഒരു സര്‍ക്കാര്‍ പരിപാടിയാണ്. അതിനെ തെരുവിൽ നേരിടുമെന്ന് പറയുന്നതിനര്‍ത്ഥം ജനങ്ങളെ തെരുവിൽ നേരിടുമെന്നാണ്. ഇത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിനും ചേര്‍ന്നതല്ല. യുവാക്കളെ ചാവേറുകളാക്കി തെരുവിലിറക്കുകയും സംഘര്‍ഷമുണ്ടാക്കി സര്‍ക്കാര്‍ പരിപാടി തടസപ്പെടുത്താമെന്ന് കരുതുകയും ചെയ്യുന്നത് ജനവിരുദ്ധവും ഫാസിസത്തിന് സമാനവുമാണ്. കരിങ്കൊടി കാണിച്ചവര്‍ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരിൽ ഇന്നലെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ച് സംഘർഷത്തിലെത്തിയതും സമാധാനമല്ല, പ്രതിപക്ഷ ലക്ഷ്യമെന്ന് അടിവരയിടുന്നു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ സംഘര്‍ഷനീക്കം. ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത പരിപാടിയില്‍ സ്വന്തം നേതാക്കളും അണികളും ഉള്‍പ്പെടെ പങ്കെടുക്കുന്നതും യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദവും വഴിതിരിച്ചുവിടാനാണവര്‍ കരിങ്കൊടിക്കലാപം ആസൂത്രണം ചെയ്യുന്നത്. പരിപാടി അലങ്കാേലപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുമ്പോള്‍ സംയമനം പാലിക്കുക എന്ന വലിയ ഉത്തരവാദിത്തം ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുണ്ട്. പ്രകോപനം സൃഷ്ടിക്കലാണ് അവരുടെ ലക്ഷ്യമെന്നും ആരും പ്രകോപനത്തിൽ വീഴരുതെന്നും മുഖ്യമന്ത്രി തന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്; അത് പാലിക്കണം.


ഇതുകൂടി വായിക്കൂ: അന്ധമായ നിലപാടുകളില്‍ നട്ടം തിരിയുന്ന യുഡിഎഫ്


ഭരണനിർവഹണ തലത്തിലെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുക മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെടുന്ന വിമതസ്വരങ്ങളെ ഉയർത്തിപ്പിടിക്കുകയും അവയെ ജനകീയമായി സംഘടിപ്പിക്കുകയും ചെയ്യുക എന്നതുകൂടിയാണ് പ്രതിപക്ഷധര്‍മ്മം. ആ നിലയിലാണ് പ്രതിപക്ഷം ഭരണകൂടത്തെ തിരുത്താനും സമൂഹത്തിലെ ഫാസിസ്റ്റ് പരിണാമത്തെ ചെറുക്കാനുമുള്ള സംവിധാനമായി മാറേണ്ടത്. ജനാധിപത്യത്തിലെ ക്രിയാത്മകമായ പ്രതിപക്ഷം പ്രതിനിധിസഭയിൽ മാത്രമല്ല, സമൂഹത്തിലും പ്രതിപക്ഷമായി പ്രവർത്തിക്കണം. എന്നാല്‍ അധികാരം മാത്രം ലക്ഷ്യമിടുന്ന രാഷ്ട്രീയത്തിന് ഒരു നല്ല ജനാധിപത്യ ഭരണകൂടത്തെയോ പ്രതിപക്ഷത്തെയോ സംഭാവന ചെയ്യാനാവില്ല. ഇതാണ് യുഡിഎഫ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് മന്ത്രിസഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ച് പരിഹാരം കണ്ടെത്താനുള്ള അവസരമാണ് ബഹിഷ്കരണത്തിലൂടെ യുഡിഎഫ് എംഎല്‍എമാര്‍ നഷ്ടപ്പെടുത്തുന്നത്. ഇത് തീര്‍ച്ചയായും തെരഞ്ഞെടുത്തയച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സർക്കാരിന്റെ ചിറ്റമ്മനയം മൂലം നട്ടംതിരിയുന്ന അവസ്ഥയിലും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് നാടിന്റെ വികസനത്തെ തുരങ്കംവയ്ക്കുകയായിരുന്നു നാളിതുവരെ പ്രതിപക്ഷം. വ്യാജ ആരോപണങ്ങൾ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത തകർക്കാന്‍ പോലും ശ്രമിച്ചവരാണ് കേരളത്തിലെ യുഡിഎഫ്. അവരെങ്ങനെയാണ് പ്രതിപക്ഷധര്‍മ്മം നിറവേറ്റുക.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.