23 December 2024, Monday
KSFE Galaxy Chits Banner 2

വയോജനങ്ങൾ നാടിന്റെ സമ്പത്ത്, അവരെ സംരക്ഷിക്കാൻ അണിചേരുക

എസ് ഹനീഫാ റാവുത്തര്‍
(ജനറൽ സെക്രട്ടറി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ)
May 17, 2022 7:00 am

മുതിർന്ന പൗരന്മാരുടെ ജനസംഖ്യ അനുദിനം വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്ത് രണ്ടുപേർ ഓരോ സെക്കന്റിലും 60-ാം ജന്മദിനം ആഘോഷിക്കുന്നു. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുതിർന്നവരുടെ സംഖ്യ അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ 48 ലക്ഷം വയോജനങ്ങളുണ്ട്. ജനസംഖ്യയുടെ 15 ശതമാനം. 2025 ആകുമ്പോഴേക്ക് ഇവിടെ ഒരു കോടിയിലേറെ ജനങ്ങൾ വയോജനങ്ങളായിരിക്കും. അതായത് 25 വർഷംകൊണ്ട് വർധനയുടെ നിരക്ക് ഏതാണ്ട് ഇരട്ടിയാകും. കുട്ടികളെക്കാൾ വൃദ്ധരുടെ സംഖ്യ വർധിക്കുന്ന ഒരു സമൂഹമായി നമ്മൾ മാറുന്നു എന്നാണിതിനർത്ഥം. ശിശു സംരക്ഷണത്തോടൊപ്പം മുതിർന്നവരുടെ സംരക്ഷണത്തിനും പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നാണ് ഈ വസ്തുത നമ്മെ ഓർമ്മിപ്പിക്കുന്നത്. ഏകാന്തതയും അരക്ഷിതബോധവും രോഗാതുരതയുമാണ് വാർധക്യകാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. മിണ്ടാനും പറയാനും ആരുമില്ലാതെ വരിക, മക്കളും കൊച്ചുമക്കളും തിരക്കിനിടയ്ക്ക് അവഗണിക്കുക, സമൂഹവുമായി ഇടപെടാനുള്ള അവസരങ്ങൾ ഇല്ലാതിരിക്കുക, അറിയാവുന്ന തൊഴിൽ തുടർന്നും ചെയ്യാൻ സാധിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഏകാന്തതയ്ക്ക് കാരണമാവുന്നു. ഏകാന്തത വിഷാദത്തിലേക്ക് നയിക്കും. മുതിർന്നവർക്കുവേണ്ടി പകൽ വീടുകൾ സ്ഥാപിക്കുക, അവരുടെ അറിവും പരിചയവും തുടർന്നും പ്രയോജനപ്പെടുത്തുന്ന തൊഴിലുകളിൽ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ ചെയ്യണം. മുതിർന്ന പൗരന്മാരുടെ കൂട്ടായ്മകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ വയോജനങ്ങളെ പ്രേരിപ്പിക്കണം. ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്തമാണത്.
വയോജനങ്ങളുടെ സുരക്ഷിതത്വത്തിന് അനിവാര്യമായും വേണ്ടത് സാമൂഹിക സുരക്ഷിതത്വമാണ്. അതിനാവട്ടെ ശക്തമായ സാമ്പത്തിക അടിത്തറ അത്യന്താപേക്ഷിതവുമാണ്. അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ പെൻഷൻ വയോജനങ്ങൾക്ക് ലഭ്യമാക്കണം. മറ്റ് പെൻഷനൊന്നും കിട്ടാത്തവർക്ക് പ്രതിമാസം കുറഞ്ഞത് 3500 രൂപ പെൻഷൻ നൽകാൻ സർക്കാർ തയാറാവണം. ഇന്ത്യൻ ഭരണഘടനയുടെ 41-ാം അനുച്ഛേദവും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 22-ാം ആർട്ടിക്കിളും അനുശാസിക്കുന്ന വാർധക്യകാലത്തെ സാമൂഹ്യസുരക്ഷാ പെൻഷന്റെ കാര്യം പൂർണമായ അർത്ഥത്തിൽ നടപ്പാക്കണം.


ഇതുകൂടി വായിക്കാം; മുതിർന്നവരുടെ പങ്കാളിത്തം മുപ്പത്തേഴ് കോടി


വയോജനങ്ങൾ ആധുനിക ജീവിതക്രമങ്ങൾക്കനുസരിച്ച് ഇടപഴകാനുള്ള അറിവും പരിചയവും നേടുകയാണെങ്കിൽ വാർധക്യകാല ജീവിതത്തിലെ ക്ലേശങ്ങൾ വളരെയധികം കുറയ്ക്കാനാകും. ഇവിടെയാണ് ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അവരെ പ്രാപ്തരാക്കുന്നതിന്റെ പ്രസക്തി. സമൂഹമാധ്യമങ്ങളും ഇന്റർനെറ്റും ചാറ്റിങ്ങും മറ്റും ഉപയോഗിക്കാനാകാത്തവിധം പഴഞ്ചന്മാരായി അവരെ നിലനിർത്താതെ ഡിജിറ്റൽ ലോകത്തിലേക്ക് അവരെ കൈപിടിച്ചു നടത്തണം. വാര്‍ധക്യത്തിലെ ഏകാന്തതയും വിരസതയും അകറ്റി അവരെ ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിതം നയിക്കാൻ അതു പ്രാപ്തമാക്കും. തലമുറകൾ തമ്മിലുള്ള സംഘർഷങ്ങൾ കുറെയൊക്കെ ലഘൂകരിക്കാനും കഴിയും. അതിനുവേണ്ടി ഡിജിറ്റൽ സാക്ഷരതയും പരിശീലനവും അടിസ്ഥാനസൗകര്യങ്ങളും ലഭ്യമാക്കണം. കമ്പ്യൂട്ടർ, ലാപ്‌ടോപ്പ്, സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, വൈഫൈ എന്നിവ അവർക്കു ലഭ്യമാക്കണം. അതവരുടെ അവകാശമായി അംഗീകരിക്കപ്പെടണം. നമ്മുടെ സ്കൂളുകളിലെ കമ്പ്യൂട്ടർ സൗകര്യങ്ങൾ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത തരത്തിൽ വയോജന പഠനകേന്ദ്രങ്ങളാക്കാവുന്നതാണ്. അല്ലെങ്കിൽ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ച് ഇതിനായി പ്രത്യേകം സൗകര്യമൊരുക്കണം. സ്മാർട്ട്ഫോണും, കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഇന്റർനെറ്റും സൗജന്യമായോ സൗജന്യനിരക്കിലോ ലഭ്യമാക്കണം. ഡിജിറ്റൽ സാക്ഷരതയും പരിശീലനവും നൽകി വയോജനങ്ങളെ ശാക്തീകരിച്ച് അവരെ സമൂഹത്തിൽ സജീവവും സാർത്ഥകവുമായ പങ്കു വഹിക്കാൻ അവസരം നൽകണം. കേന്ദ്ര‑സംസ്ഥാന വയോജന നയങ്ങളിൽ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. കേന്ദ്രസർക്കാർ ഇതിനായി ഡിജിറ്റൽ എംപ്ലോയ്‌മെന്റ് പോർട്ടലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും പ്രഖ്യാപിച്ചതായി അടുത്തിടെ റിപ്പോർട്ടു ചെയ്തിരുന്നു. സംസ്ഥാന വയോജന നയത്തിൽ പറയുന്നതിങ്ങനെയാണ്. “60 വയസു കഴിയുന്ന വിദഗ്ധരുടെ സന്നദ്ധസേവനം വിവിധ വികസന പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും, മുതിർന്നവർക്ക് പുനർനിയമനം ലഭിക്കുന്നതിനായി എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് രൂപീകരിക്കും”.


ഇതുകൂടി വായിക്കാം; ഫാ. സ്റ്റാൻസ്വാമി ആദിവാസി സമൂഹത്തിന്റെ സ്പന്ദനം


2006‑ലാണ് അന്നത്തെ എൽഡിഎഫ് സർക്കാർ വയോജന നയം പ്രഖ്യാപിച്ചത്. 16 വർഷം കഴിഞ്ഞിട്ടും ഇതു പ്രാവർത്തികമാക്കാൻ നടപടിയൊന്നുമെടുത്തിട്ടില്ല. തുടർഭരണത്തിൽ രാഷ്ട്രീയനേതൃത്വം ഇച്ഛാശക്തിയോടെ ഇതു നടപ്പാക്കാൻ തയാറാകണം. വയോജനങ്ങൾക്ക് ആരോഗ്യത്തോടെയും അന്തസോടെയും ആത്മാഭിമാനത്തോടെയുമുള്ള ജീവിതം സാധ്യമാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. കേരളത്തിലെ വയോജനങ്ങൾ അതു പ്രതീക്ഷിക്കുന്നു. വയോജന ജനസംഖ്യ കൂടുന്നതോടൊപ്പം അവർക്കെതിരെ ശാരീരികവും മാനസികവുമായ പീഡനങ്ങളും കൂടുകയാണ്. ഇത് മനസിലാക്കി ജൂൺ 15 ന് ലോക വയോജന പീ‍ഡനവിരുദ്ധ ബോധവല്ക്കരണദിനമായി ആചരിക്കാൻ ഐക്യരാഷ്ടസഭ ആഹ്വാനം ചെയ്തിട്ടുണ്ട്. കേരളത്തിൽ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ജൂൺ 15 മുതൽ വയോജന പീഡനവിരുദ്ധ ബോധവല്ക്കരണ പക്ഷാചരണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയിൽ വയോജനങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഉൾപ്പെടുത്തണം. മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള ഒരു പരിപാടിയും അവർക്കു മാത്രമായി പരിമിതപ്പെടുത്താനാവില്ല. കാരണം പ്രായമാവുക എന്നത് ഒരു തുടർ പ്രക്രിയയാണ്. ജനിക്കുമ്പോൾ മുതൽ പ്രായമാവുകയാണ്. നല്ല സമ്പാദ്യം, ആരോഗ്യകരമായ ജീവിതശൈലി, സാമൂഹ്യസംഘടനകളിലെ പ്രവർത്തനം തുടങ്ങിയവ ചെറുപ്പത്തിലേ കരുതിയാൽ വാർധക്യത്തിലെ മിക്ക പ്രശ്നങ്ങളും പരിഹരിക്കാനാവും. മൊത്തം ജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകതന്നെ വേണം. മുതിർന്ന പൗരന്മാരെ സംഘടിപ്പിച്ച് അവരോടൊപ്പം പ്രവർത്തിച്ച് അവരുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുകയും പ്രശ്നങ്ങൾ സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ. ഈ മാസം 18, 19 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനം കേരളത്തിലെ വയോജനങ്ങളെ സംബന്ധിച്ച് നിർണായകമാണ്. അവരുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കാനുള്ള പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.