24 December 2025, Wednesday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

യൂറോപ്യൻ രാഷ്ട്രീയത്തിൽ നിർണായകമാവുന്ന തെരഞ്ഞെടുപ്പുഫലം

Janayugom Webdesk
February 26, 2025 5:00 am

ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് ഞായറാഴ്ച ജർമ്മൻ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ആ രാജ്യത്തിന്റെ രാഷ്ട്രീയ ഗതിവിഗതികളെ മാത്രമല്ല യൂറോപ്യൻ രാഷ്ട്രീയത്തെത്തന്നെ നിർണായകമായി സ്വാധീനിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിൽ നവ ഫാസിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമായ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി (ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി) പ്രതീക്ഷിച്ചതുപോലെ 20.8 ശതമാനം വോട്ടുകളുമായി തങ്ങളുടെ ജനപിന്തുണ ഇരട്ടിയാക്കി. കുടിയേറ്റവിരുദ്ധ വിദ്വേഷ രാഷ്ട്രീയവും, ഒരിക്കൽക്കൂടി യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ പാളയത്തില്‍നിന്നും ലഭിച്ച പിന്തുണയും അവരുടെ നേട്ടത്തിന് സഹായകമായി. ഇലോൺ മസ്ക് ജർമ്മൻ തെരഞ്ഞെടുപ്പിൽ നടത്തിയ പരസ്യമായ ഇടപെടലുകൾ ആ രാജ്യത്തും യൂറോപ്പിലും കടുത്ത വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നെങ്കിലും അത് നവ ഫാസിസ്റ്റുകൾക്ക് തുണയായതായാണ് വിലയിരുത്തപ്പെടുന്നത്. 

എന്നാൽ എഎഫ്ഡിയുടെ മുന്നേറ്റം, കൂടുതൽ കരുതലോടെ നീങ്ങാൻ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ കരസ്ഥമാക്കിയ യാഥാസ്ഥിക ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനെയും (സിഡിയു) അവരുടെ ബവേറിയൻ സഹോദരപ്പാർട്ടിയായ ക്രിസ്ത്യൻ സോഷ്യൽ യൂണിയനെയും (സിഎസ്‌യു) നിർബന്ധിതമാക്കിയതായ സൂചനകളാണ് പുറത്തുവരുന്നത്. ഇരു പാർട്ടികളും ചേർന്ന് 28.5 ശതമാനം വോട്ടുകളും, 630 അംഗ ബുൺഡെസ്റ്റാഗിൽ 208 സീറ്റുകളുമായി പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയാണ്. പക്ഷെ സർക്കാർ രൂപീകരണത്തിന് കുറഞ്ഞത് 316 സീറ്റുകൾ വേണമെന്നിരിക്കെ കൂട്ടുകക്ഷി ഭരണം അനിവാര്യമാണ്. സിഡിയു നേതാവ് ഫ്രെഡെറിച്ച് മെർസ് എഎഫ്ഡിയുമായുള്ള മുന്നണിയുടെ സാധ്യതകൾ തള്ളിക്കളയുക മാത്രമല്ല നവ ഫാസിസ്റ്റുകളെ പ്രതിരോധിക്കേണ്ടതിന്റെ രാഷ്ട്രീയപ്രാധാന്യത്തിന് അടിവരയിടുകയും ചെയ്യുന്നു. മാത്രമല്ല, തങ്ങളുടെ പരമ്പരാഗത പ്രതിയോഗിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്‌പിഡി)യുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും സാധ്യതകൾ ആരായുകയും ചെയ്തിരിക്കുന്നു. ഇത് ഇക്കാലഘട്ടത്തിലെ യൂറോപ്യൻ രാഷ്ട്രീയത്തിലെ നിർണായക വിഴിത്തിരിവായി മാറിയേക്കാം. 

എസ്‌പിഡി നേതൃത്വം കൊടുത്ത ത്രികക്ഷി മുന്നണിയുടെ തകർച്ചയാണ് ഒലഫ് ഷോൾസ് സർക്കാരിന്റെ രാജിയിലേക്കും തെരഞ്ഞെടുപ്പിലേക്കും നയിച്ചത്. എസ്‌പിഡിക്ക് ലഭിച്ച 16.1 ശതമാനം വോട്ട് ആ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ജനസമ്മിതിയെയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ അവരുടെ 120 സീറ്റുകൾ നവ ഫാസിസത്തെയും കുടിയേറ്റ വിരുദ്ധ വിദ്വേഷ രാഷ്ട്രീയത്തെയും പ്രതിരോധിക്കുന്നതിൽ നിർണായകമാകും. ഉക്രെയ്ൻ യുദ്ധം യൂറോപ്പിനെ ഒഴിവാക്കി അവസാനിപ്പിക്കുകയെന്ന ട്രംപിന്റെ അപകടകരമായ കുതന്ത്രത്തെ തടയുന്നതിനും അത്തരമൊരു കൂട്ടുകെട്ട് ഫലപ്രദമായേക്കാം. യൂറോപ്യൻ സമ്പദ്ഘടനയുടെ ലോക്കോമോട്ടീവ് എന്നറിയപ്പെട്ടിരുന്ന ജർമ്മനി കടുത്ത വ്യാവസായിക തളർച്ചയെയും സാമ്പത്തിക മാന്ദ്യത്തെയുമാണ് നേരിടുന്നത്. ട്രംപിന്റെ വ്യാപാര നയങ്ങളും യൂറോപ്പിന് കടുത്ത ഭീഷണിയായി മാറിയിരിക്കുന്നു. കുടിയേറ്റ പ്രശ്നം, ഉക്രെയ്ൻ — റഷ്യൻ യുദ്ധം, വ്യാവസായിക — സാമ്പത്തിക തളർച്ച എന്നിവയെ ഫലപ്രദമായി നേരിടാനും ട്രംപ് ഉയർത്തുന്ന യുഎസ് കേന്ദ്രീകൃത വ്യാപാര, രാഷ്ട്രീയ വെല്ലുവിളികളെ നേരിടാനും ഉതകുന്ന ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തിൽ ഉയർന്നുവന്നേക്കാവുന്ന മുന്നണി സംവിധാനം ഏറെ കാലികപ്രസക്തമാകും. അത്തരം ഒരു കൂട്ടുകെട്ട് തീവ്ര വലതുപക്ഷ, നവ ഫാസിസ്റ്റ് മുന്നേറ്റത്തെ തടയുന്നതിനും കുടിയേറ്റ പ്രശ്നം ക്രിയാത്മകമായി പരിഹരിക്കുന്നതിനും സഹായകമാവും. ജനസംഖ്യയിൽ 18 ശതമാനത്തിലേറെ കുടിയേറ്റ ജനതയെ ഉൾക്കൊള്ളുന്ന സ്പെയ്ൻ സാമ്പത്തിക വളർച്ചയിൽ കൈവരിച്ച നേട്ടവും അതേ പ്രശ്നത്തെ ശത്രുതാമനോഭാവത്തോടെ സമീപിക്കുന്ന ജർമ്മനിയുടെയും ഫ്രാൻസിന്റേതുമടക്കം സമ്പദ്ഘടനകളുടെ തളർച്ചയും ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം ആവശ്യപ്പെടുന്നു. 

ജർമ്മൻ പാർലമെന്റ് തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരുഘടകം ഇടതുപക്ഷ ഡൈ ലിങ്കെ പാർട്ടി അതിന്റെ വോട്ടുവിഹിതം ഇരട്ടിയായി ഉയർത്തിയതാണ്. കിഴക്കൻ ജർമ്മനിയിലെ (പഴയ ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക്) സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടിയുടെ പിന്തുടർച്ചയായ ഡൈ ലിങ്കെ 8.8 ശതമാനം വോട്ടുകൾ കരസ്ഥമാക്കി. 18–24 പ്രായപരിധിയിലുള്ള വോട്ടർമാരുടെ ഏറ്റവും കൂടുതൽ വോട്ടുകൾ, 26 ശതമാനം നേടിയതും ഡൈ ലിങ്കെ ആണെന്നത് ശ്രദ്ധേയമാണ്. ഏറ്റവുംകൂടുതൽ ചെറുപ്പക്കാരുടെ വോട്ടുകൾ നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന എഡിഎഫിന് ആ പ്രായപരിധിക്കാരുടെ 21 ശതമാനം വോട്ടുകളുമായി രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇടതുപക്ഷ ആശയങ്ങൾക്ക് ചെറുപ്പക്കാരെ ആകർഷിക്കാൻ കഴിയുന്നില്ലെന്ന ആക്ഷേപത്തിന് ശക്തമായ മറുപടിയായി മാറുകയായിരുന്നു ഡൈ ലിങ്കെയുടെ നേട്ടം. ഇത് ഫ്രാൻസ് അടക്കം ഇതര യൂറോപ്യൻ രാജ്യങ്ങളിലെയും രാഷ്ട്രീയ പ്രക്രിയയിൽ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഞ്ചുശതമാനം വോട്ട് ദേശീയതലത്തിൽ നേടാൻ കഴിയാതിരുന്ന ഡൈ ലിങ്കെക്ക് പ്രവിശ്യാ അടിസ്ഥാനത്തിൽ മാത്രമേ പ്രാതിനിധ്യം ഉണ്ടായിരുന്നുള്ളു. പുതിയ പാർലമെന്റിൽ ക്രിയാത്മക ജനാധിപത്യ പ്രതിപക്ഷമായി പ്രവർത്തിക്കാനുള്ള അവസരമാണ് ഇടതുപക്ഷത്തിന് കൈവന്നിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.