23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

സംരംഭകമേഖല തളരുന്നു; രാജ്യത്ത് ഈ വര്‍ഷം അടച്ചുപൂട്ടിയത് പതിനായിരത്തോളം

Janayugom Webdesk
ന്യൂഡൽഹി
February 9, 2023 10:43 pm

2022–23 സാമ്പത്തിക വര്‍ഷം ഇതുവരെയായി 10,655 സൂക്ഷ്മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ഡിസംബര്‍ വരെയുള്ള കണക്കാണിതെന്നതിനാല്‍ വര്‍ഷാവസാനം യഥാര്‍ത്ഥ എണ്ണം ഇതിനെക്കാള്‍ കൂടുതലായിരിക്കുമെന്നാണ് നിഗമനം. 

2021–22ല്‍ 6,222 സംരംഭങ്ങളാണ് അടച്ചുപൂട്ടപ്പെട്ടത്. പുതിയ സംരംഭങ്ങള്‍ അടച്ചുപൂട്ടപ്പെടുന്നതിന്റെ നിരക്ക് കൂടിയിരിക്കുന്നതായി രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ മറുപടിയിലുണ്ട്. 2020–21 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം അടച്ചുപൂട്ടിയത് 175 സംരംഭങ്ങളായിരുന്നു. 2019–20 വര്‍ഷത്തില്‍ 400 ചെറുകിട സംരംഭങ്ങളും അടച്ചുപൂട്ടി. അതേസമയം ഓരോ വര്‍ഷവും ശരാശരി 11,000 സംരംഭങ്ങള്‍ പുതിയതായി ആരംഭിക്കുന്നുണ്ട്. 

ഇന്ത്യയിലെ എംഎസ്‌എംഇകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ മൊത്തത്തില്‍ ബാധിക്കുമെന്നും തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. നോട്ട് നിരോധനത്തിന്റെയും ആസൂത്രണമില്ലാതെ നടപ്പിലാക്കിയ ചരക്കു സേവന നികുതിയുടെയും ഇരട്ട ആഘാതവും തുടർന്നുണ്ടായ കോവിഡ് സാഹചര്യങ്ങളുമാണ് എംഎസ്എംഇകളുടെ തകര്‍ച്ചയ്ക്ക് കാരണമായി കരുതുന്നത്. 

കോവിഡ് കാലത്ത് അസംസ്കൃത വസ്തുക്കളുടെ ക്ഷാമത്തിന്റെയും പണമൊഴുക്ക് നിലച്ചതിന്റെയും ഫലമായി സംരംഭങ്ങള്‍ക്ക് നിലനില്പില്ലാതായി. മഹാമാരി ആഞ്ഞടിച്ച 2021 ല്‍ 12,055 വ്യവസായികള്‍ ജീവനൊടുക്കിയെന്നാണ് ദേശീയ ക്രൈം റെക്കോ‍ ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 30 ശതമാനവും തൊഴില്‍ ലഭ്യതയുടെ 40 ശതമാനവും കയ്യാളുന്ന മേഖലയാണ് ചെറുകിട ഇടത്തരം സൂക്ഷ്മ സംരംഭങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 63 ദശലക്ഷം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 113 ദശലക്ഷം പേര്‍ ഈ മേഖലയെ ആശ്രയിച്ച് തൊഴില്‍ ചെയ്യുന്നുമുണ്ട്. 45 ശതമാനം പേര്‍ ജോലിചെയ്യുന്നത് ഉല്പാദന മേഖലയിലാണെന്നും കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 

കേന്ദ്രബജറ്റില്‍ പ്രധാനമന്ത്രി കൗശല്‍ യോജന എന്ന പേരില്‍ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും സംരംഭക മേഖലയ്ക്ക് മതിയായ അളവില്‍ ഊര്‍ജം പകരാന്‍ കഴിയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അഞ്ചുലക്ഷം കോടി സമ്പദ്‌വ്യവസ്ഥയെന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ എംഎസ്എംഇ മേഖലയുടെ വളര്‍ച്ചയിലൂടെ മാത്രമേ കഴിയൂ എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കേരളമടക്കമുള്ള ഏതാനും സംസ്ഥാനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. 

Eng­lish Sum­ma­ry; The entre­pre­neur­ial sec­tor is lan­guish­ing; About 10,000 have been shut down in the coun­try this year

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.