30 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2023
August 14, 2023
May 11, 2023
March 18, 2023
January 30, 2023
December 27, 2022
December 20, 2022
December 9, 2022
November 15, 2022
November 13, 2022

ലാളിത്യത്തിന്റെ പ്രതിരൂപം

Janayugom Webdesk
July 12, 2022 5:15 am

റു പതിറ്റാണ്ടു കാലത്തെ നിസ്വാർത്ഥവും ത്യാഗപൂർണവുമായ പൊതുപ്രവർത്തനത്തിലൂടെ ജനങ്ങളുടെ മനസിൽ അനന്യമായ സ്ഥാനം നേടിയ പി കെ വാസുദേവൻ നായർ ഓർമ്മയായിട്ട് ഇന്ന് പതിനേഴ് വർഷം പൂർത്തിയാകുന്നു. നമ്മുടെ രാഷ്ട്രവും കേരളവും കടന്നുപോന്ന സംഘർഷനിർഭരമായ വഴിത്താരകളിലും വിധേയമായ അത്യത്ഭുതകരമായ പരിവർത്തനങ്ങളിലും അവയോടൊപ്പം നടക്കാനും അവയെ സ്വാധീനിക്കാനും പികെവിയും കൂട്ടരും നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടും.
ആലുവ യുസി കോളജിൽ ചേർന്ന ശേഷമാണ് പികെവി രാഷ്ട്രീയ കാര്യങ്ങളിൽ സജീവ താല്പര്യമെടുക്കുന്നത്. തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയന്റെ പ്രവർത്തനം സജീവമായ കാമ്പസുകളിലൊന്നായിരുന്നു യുസി കോളജ്. 1942ലെ ക്വിറ്റ്ഇന്ത്യാ സമരം വിദ്യാർത്ഥികളിൽ സജീവ താല്പര്യമുണർത്തി. കൂടുതൽ കൂടുതൽ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളായി. ഈ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ച പികെവി, കോളജ് യൂണിയൻ ചെയർമാനായി. നാടിന്റെയും ജനങ്ങളുടെയും മോചനത്തിനുള്ള മാർഗം മാർക്സിസം-ലെനിനിസം ആണെന്ന തിരിച്ചറിവ് പികെവിയെയും കമ്മ്യൂണിസ്റ്റാക്കി.
1945ൽ പികെവി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയന്റെയും തുടർന്ന് വിദ്യാർത്ഥി ഫെഡറേഷൻ കേരള കമ്മിറ്റിയുടെയും പ്രസിഡന്റായി പ്രവർത്തിച്ച പികെവി അതിവേഗം കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന വിദ്യാർത്ഥി നേതാവായി. തിരുവനന്തപുരം ലോ കോളജിൽ നിയമ പഠനവും നടത്തി.


ഇതുകൂടി വായിക്കൂ: സൗമ്യം, ദീപ്തം പികെവി


കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ പികെവിക്ക് ഒളിവിൽ പോകേണ്ടിവന്നു. മൂന്നു വർഷത്തിനു ശേഷം പാർട്ടിയുടെ നിരോധനം നീക്കിയപ്പോൾ ഒളിവിൽനിന്ന് പുറത്തുവന്ന് അഖില കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ പ്രസിഡന്റായി. അക്കാലത്ത് നടന്ന വിദ്യാർത്ഥി സമരങ്ങളുടെ മുൻനിരയിലായിരുന്നു സഖാവ്. അനിതരസാധാരണ വശ്യതയുള്ള പ്രഭാഷണ ശൈലിയും സംഘടനാപാടവവും ഉണ്ടായിരുന്ന പികെവി കേരളത്തിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായി. 1954ൽ പാർട്ടി നേതൃത്വം പികെവിയെ ജനയുഗത്തിന്റെ ചുമതലക്കാരനായി നിയോഗിച്ചു.
1957ൽ തിരുവല്ല നിയോജകമണ്ഡലത്തിൽ മത്സരിച്ച് ലോക്‌സഭാംഗമായി. 1962ൽ അമ്പലപ്പുഴ നിന്നും 1967ൽ പീരുമേട്ടിൽനിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കക്ഷിപരിഗണനകൾക്ക് അതീതമായി എല്ലാപേരുടെയും സ്നേഹവും ആദരവും നേടാൻ പികെവിക്ക് കഴിഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ പാർലമെന്റിൽ വീറോടെ പൊരുതിയ അംഗമായിരുന്നു പികെവി.


ഇതുകൂടി വായിക്കൂ: ലോകസഭയിലെ ശ്രദ്ധേയ സാന്നിധ്യം


1971ൽ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്ന പികെവി അച്യുതമേനോൻ ഗവണ്മെന്റിന്റെ കാലത്ത് ഐക്യമുന്നണി ഏകോപന സമിതിയിൽ സിപിഐയുടെ പ്രതിനിധികളിൽ ഒരാളായിരുന്നു. 1977ൽ ആലപ്പുഴ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച പികെവി വ്യവസായ വൈദ്യുതി വകുപ്പ് മന്ത്രിയായി. 1978ൽ എ കെ ആന്റണി മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോൾ പികെവി മുഖ്യമന്ത്രിയായി. ക്രാന്തദർശിയായ ഭരണാധികാരി ആണെന്ന് ചുരുങ്ങിയ കാലംകൊണ്ട് തെളിയിക്കാൻ പികെവിക്ക് കഴിഞ്ഞു. 1984 മുതൽ 1998 വരെ സിപിഐ സംസ്ഥാന സെക്രട്ടറിയായി പികെവി പ്രവർത്തിച്ചു. ലാളിത്യം പികെവിയുടെ മുഖമുദ്ര ആയിരുന്നു. എഴുത്തിലായാലും പ്രസംഗത്തിലായാലും വലിയ സിദ്ധാന്തങ്ങൾ ദുർഗ്രഹമായ ഭാഷയിൽ വിവരിക്കുക പികെവിയുടെ ശീലമായിരുന്നില്ല.
പികെവിയെപ്പോലുള്ളവരുടെ സാന്നിധ്യവും നേതൃത്വവും കേരളവും രാജ്യവും ആവശ്യപ്പെടുന്ന സന്ദർഭമാണിത്. വിഷലിപ്തമായ ചിന്തകൾ വളർത്തി ജനങ്ങളെ ഭിന്നിപ്പിക്കാൻ കേന്ദ്ര ഭരണാധികാരികൾ ശ്രമിക്കുന്നു. ജനപക്ഷത്തുനിന്ന് പ്രവർത്തിക്കുന്ന ഒരു ഗവണ്മെന്റ് കേരളത്തിൽ വീണ്ടും അധികാരത്തിൽ എത്തിയിരിക്കുന്നു. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയുള്ള വരുംകാല പോരാട്ടങ്ങൾക്ക് പികെവിയുടെ സ്മരണ നമുക്ക് കരുത്തു പകരും. പികെവിക്ക് ശ്രദ്ധാഞ്ജലി.

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.