25 January 2026, Sunday

ഡച്ച് തെരഞ്ഞെടുപ്പിൽ തീവ്ര വലത് കക്ഷിക്ക് തോൽവിയെന്ന് പ്രവചനം; റോബ് ജെറ്റൻ ആദ്യ ‘ഗേ’ പ്രധാനമന്ത്രി ആയേക്കും

Janayugom Webdesk
ആംസ്റ്റർഡാം
October 30, 2025 2:11 pm

നെതർലാൻഡ്‌സ് പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഗീർട്ട് വിൽഡേഴ്‌സിന്റെ തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടി പരാജയപ്പെടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. ഫ്രീഡം പാർട്ടിക്ക് മൂന്നിലൊന്ന് സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തൽ. ലിബറൽ‑പുരോഗമന പാർട്ടിയായ ഡി 66 ഡച്ച് പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു.150 അംഗ പാർലമെന്റിൽ ഡി66 പാർട്ടിക്ക് 27 എംപിമാരെ ലഭിക്കുമെന്നാണ് പ്രവചനം. സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി സമ്മതിച്ച റോബ് ജെറ്റൻ പ്രധാനമന്ത്രിയാകാനാണ് സാധ്യത കൂടുതൽ.

2023‑ലെ തിരഞ്ഞെടുപ്പിൽ വെറും ഒൻപത് സീറ്റ് മാത്രം നേടിയ പാർട്ടിക്ക് ഇതൊരു തിരിച്ചുവരവാകും. അതേസമയം, 37 എംപിമാരിൽ നിന്ന് 25 ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്ന വിൽഡേഴ്‌സിന്റെ കുടിയേറ്റ വിരുദ്ധ ഫ്രീഡം പാർട്ടിക്ക് (പിവിവി) ഇത് തിരിച്ചടിയാണ്.

”ഡി66‑ന്റെ ചരിത്രത്തിലെ മികച്ച ഫലമാണ് ഞങ്ങൾ ഇന്ന് നേടിയത്. നിഷേധാത്മകതയുടെയും വിദ്വേഷത്തിന്റെയും ‘ഇതൊന്നും നടക്കില്ല’ എന്നതിന്റെയും രാഷ്ട്രീയത്തോട് അവർ വിട പറഞ്ഞിരിക്കുന്നു.” ജെറ്റൻ പറഞ്ഞു.

ഒരു നൂറ്റാണ്ടിലേറെയായി സഖ്യകക്ഷി സർക്കാരുകൾ ഭരണം നടത്തുന്ന നെതർലാൻഡ്‌സിൽ ഒരു കക്ഷിക്കു മാത്രം കേവലം ഭൂരിപക്ഷം നേടാൻ സാധിക്കാറില്ല. 150 അംഗ പാർലമെന്റിൽ കഴിഞ്ഞ തവണ 37 സീറ്റുകൾ നേടി ഗിർട്ട് വീൽഡേഴ്‌സിന്റെ പാർട്ടി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇക്കുറി മുഖ്യധാരാ പാർട്ടികളെല്ലാം അദ്ദേഹത്തിന്റെ പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.