തിരക്ക് കാരണം സിനിമകൾ അധികം കാണില്ലായിരുന്നെങ്കിലും ഒരു സിനിമയിൽ വേഷമിട്ടിട്ടുണ്ട് ഉമ്മൻചാണ്ടി. സൺ പിക്ചേഴ്സിന്റെ ബാനറിൽ സൈമൺ കുരുവിള സംവിധാനം ചെയ്ത ‘പീറ്റർ’ എന്ന ചിത്രത്തിലായിരുന്നു മുഖ്യമന്ത്രിയായി അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയത്. അനുവാദം ചോദിച്ചെത്തിയ സംവിധായകനോട് അഭിനയിക്കാൻ താത്പര്യമില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമാണെന്നും മോശമായൊന്നും ചിത്രീകരിക്കില്ലെന്നുമുള്ള സംവിധായകന്റെ വാക്കുകൾക്ക് മുമ്പിൽ ഒടുവിൽ അദ്ദേഹം സമ്മതം മൂളി. സിനിമയ്ക്കായി പ്രത്യേക സമയമൊന്നും നീക്കിവെക്കാനാവില്ല. പതിവ് തിരക്കുകൾക്കിടയിൽ നിങ്ങൾക്ക് വേണ്ടത് ചിത്രീകരിക്കാമെന്നായിരുന്നു ഉമ്മൻചാണ്ടി വ്യക്തമാക്കിയത്. പുതുപ്പള്ളി പള്ളിയുടെ മുമ്പിലെ കൽക്കുരിശിൽ മെഴുകുതിരി തെളിയിച്ചായിരുന്നു ആദ്യ സിനിമയുടെ ഷൂട്ടിംഗിന് തുടക്കം.
ഉമ്മൻചാണ്ടി പള്ളിയിൽ പോകുന്നതും വീട്ടിലെത്തി നിവേദക സംഘത്തെ കാണുന്നതുമെല്ലാമായിരുന്നു ആദ്യ ദിവസം ചിത്രീകരിച്ചത്. ഷൂട്ടിംഗിന് മുമ്പുളള ക്ലാപ്പടിയും ലൈറ്റിംഗും ക്യാമറാമാനുമൊക്കെ ഉണ്ടായിരുന്നതൊഴിച്ചാൽ പതിവുപോലെ ആൾക്കൂട്ടത്തിനിടയിൽ തന്നെയായിരുന്നു ഉമ്മൻചാണ്ടി. രാഷ്ട്രീയ നേതാക്കളായ പി സി ജോർജ്, സി കെ പത്മനാഭൻ എന്നിവരെല്ലാം വേഷമിട്ട കെ കെ റോഡ് എന്ന ചിത്രത്തിന് ശേഷമുള്ള സംവിധായകൻ സൈമൺ കുരുവിളയുടെ സംവിധാന സംരംഭമായിരുന്നു പീറ്റർ. എന്നാൽ ഈ ചിത്രം പൂർത്തിയായില്ല. ഒരു നല്ല കോട്ടയംകാരൻ തുടങ്ങിയ സംവിധായകന്റെ മറ്റ് ചിത്രങ്ങൾ പുറത്തിറങ്ങിയെങ്കിലും ഉമ്മൻചാണ്ടി വെള്ളിത്തിരയിലെത്തിയില്ല. ഉമ്മൻചാണ്ടിയുടെ ജീവിതം ‘ഉമ്മൻചാണ്ടീ.… ’ എന്ന പേരിൽ സിനിമയാക്കാനുള്ള നീക്കം നടന്നിരുന്നെങ്കിലും അതും പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. കെ എസ് യു കാലം മുതൽ മുഖ്യമന്ത്രി പദംവരെയുള്ള കാര്യങ്ങളായിരുന്നു ഈ സിനിമയുടെ ഉള്ളടക്കം. സംസ്ഥാന സർക്കാറിന് വേണ്ടി പി ആർ ഡി ഒരുക്കിയ ‘എന്നും നമ്മളോടൊപ്പം’ എന്ന ഷോർട്ട് ഫിലിമിൽ ഉമ്മൻചാണ്ടി അഭിനയിച്ചിട്ടുണ്ട്.
സിനിമയോട് ഇഷ്ടക്കേടില്ലെങ്കിലും സമയം കിട്ടാത്തതിനാൽ സിനിമകളധികം കാണില്ലായിരുന്നു ഉമ്മൻചാണ്ടി. സിനിമാ താരങ്ങളും സംവിധായകരുമായി അടുത്ത സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു. പല സിനിമകളിലും അദ്ദേഹത്തെ ഓർമ്മപ്പെടുത്തുന്ന കഥാപാത്രങ്ങളെ എഴുത്തുകാർ രൂപപ്പെടുത്തിയിരുന്നു. പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന സിനിമയിൽ ഉമ്മൻചാണ്ടീന്ന് പേരുള്ള രണ്ടാമതൊരാളെ കേട്ടിട്ടുണ്ടോയെന്ന് പോലും കേന്ദ്ര കഥാപാത്രം ചോദിക്കുന്നുണ്ട്. സിനിമയോടും സിനിമാക്കാരോടും ഇത്രയധികം ബന്ധമുള്ളപ്പോഴും കണ്ട സിനിമകൾ പോലും ഉമ്മൻചാണ്ടിക്ക് പലപ്പോഴും ഓർമ്മയില്ലായിരുന്നു. ഒരിക്കൽ നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ അവസാനം കണ്ട സിനിമ ഏതെന്ന് ചോദിച്ചപ്പോൾ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. തന്റെ ആദ്യം റിലീസ് ചെയ്ത സിനിമയാണ് ഉമ്മൻചാണ്ടി അവസാനമായി കണ്ടത് എന്ന് കേട്ടപ്പോൾ ലാലും അദ്ഭുതപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മറ്റൊരു ചാനലിന് നൽകിയ അഭിമുഖത്തിൽ കുടുംബവുമായിട്ട് പല സിനിമകളും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പോലെ മുമ്പ് കണ്ട സിനിമകളേ ഓർത്തിരിക്കുന്നുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയോട് ഇഷ്ടക്കേടില്ലെങ്കിലും തിരക്ക് കാരണം തിയേറ്ററിലേക്ക് പോകാൻ കഴിയാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടിവിയിൽ സിനിമ കാണുമ്പോഴും കോമഡി സിനിമകളോടായിരുന്നു താത്പര്യം. നർമ്മ രംഗങ്ങൾ കണ്ട് ചിരിക്കുമ്പോഴും പലപ്പോഴും രംഗത്തുള്ള നടീനടൻമാർ ആരെന്നുപോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല.
English Summary: the film acted by Oomen Chandy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.