2 July 2024, Tuesday
KSFE Galaxy Chits

ഐസ്ക്രീം സ്പൂണ്‍ മുതല്‍ കോലുമിഠായി വരെ നിരോധിക്കും: രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗത്തിന് പിടിവീഴുന്നു; ആദ്യഘട്ട നിരോധനം സെപ്റ്റംബറില്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 13, 2021 8:33 pm

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളെല്ലാം രാജ്യത്ത് നിരോധിച്ചു. 75 മൈക്രോണിൽ താഴെയുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് നിരോധിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂലൈ 1 മുതൽ നിരോധനം നിലവിൽ വരും. പ്ലാസ്റ്റിക് പ്ളേറ്റ്, കപ്പ്, ഗ്ളാസ്, ട്രേ, മിഠായി കവർ എന്നിവക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളെല്ലാം അടുത്ത വർഷം ജൂലൈ 1 മുതൽ ഉത്പാദിപ്പിക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

നേരത്തേ 50 മൈക്രോണിൽത്താഴെയുള്ള ഉത്പന്നങ്ങളെല്ലാം കേന്ദ്രം നിരോധിച്ചിരുന്നു. എന്നാലിനി 50 മൈക്രോണുള്ള പോളിത്തീൻ ബാഗുകൾ രാജ്യത്ത് ഉപയോഗിക്കാനാകില്ല. 120 മൈക്രോൺ മുതൽ മുകളിലേക്ക് മാത്രമേ പോളിത്തീൻ ബാഗുകളുടെ നിര്‍മ്മാണത്തിനും ഉപയോഗത്തിനും മാത്രമാണ് രാജ്യത്ത് അനുമതിയുള്ളത്. സെപ്റ്റംബർ 30 മുതലാകും ഈ നിരോധനം നിലവിൽ വരിക. രണ്ട് ഘട്ടമായിട്ടാകും ഈ നിരോധനം നടപ്പാക്കുക. ഇതിന്‍റെ ആദ്യഘട്ടമാണ് സെപ്റ്റംബർ 30ന് തുടങ്ങുന്നത്.

അതായത്, സെപ്റ്റംബ‍ർ 30 മുതൽ 75 മൈക്രോണിൽത്താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കാൻ പാടില്ല. അടുത്ത വർഷം ഡിസംബർ 31 മുതൽ 120 മൈക്രോണിൽത്താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളും പൂർണമായും നിരോധിക്കും.

കേന്ദ്രപരിസ്ഥിതി മന്ത്രാലയമാണ് ഈ വിജ്ഞാപനം പുറത്തിറക്കിയത്. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റികിന്‍റെ നിർമാണം, കയറ്റുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിങ്ങനെ എല്ലാ നടപടികളും നിരോധിച്ചിട്ടുണ്ട്. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാൽ ആ ഉത്പന്നം തന്നെ ജൂലൈ 1, 2022 മുതൽ നിരോധിക്കും.

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയർ ബഡ്‍സ്, ബലൂണുകളിലെ പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പതാകകൾ, കോലുമിഠായി പോലുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, ഐസ്ക്രീം പ്ലാസ്റ്റിക് സ്റ്റിക്കുകൾ, പോളിസ്റ്റെറീൻ (തെർമോകോൾ) ഡെക്കറേഷൻ, പ്ലേറ്റുകൾ, കപ്പുകൾ, ഗ്ലാസ്സുകൾ, ഫോർക്കുകൾ, സ്പൂണുകൾ, കത്തികൾ, സ്ട്രോ, ട്രേ, മധുരപലഹാരങ്ങളിൽ പൊതിയുന്ന കവറുകൾ, ക്ഷണക്കത്തുകളിലെ പ്ലാസ്റ്റിക്, സിഗരറ്റ് പാക്കറ്റിലെ പ്ലാസ്റ്റിക്, കാപ്പൂച്ചിനോയിലടക്കം കിട്ടുന്ന സ്റ്റിറിംഗ് സ്റ്റിക്കുകൾ, 100 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് — പിവിസി ബാനറുകൾ എന്നിവയെല്ലാം നിരോധിക്കപ്പെടും.

രാജ്യത്ത് ഒരു ദിവസം ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ 40 ശതമാനമെങ്കിലും ശേഖരിക്കപ്പെടാതെ പോകുന്നുവെന്നാണ് കണക്ക്. പ്ലാസ്റ്റികിന്റെ ഗുണനിലവാരം മൈക്രോൺ കണക്കാക്കി കൂട്ടുന്നതിലൂടെ പുനരുപയോഗിക്കാവുന്ന റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റികിന്റെ ഉത്പാദനം കൂടുമെന്നാണ് കണക്ക് കൂട്ടൽ.

ചെറുകിട വ്യവസായികളെയോ ഉത്പാദകരെയോ ബാധിക്കാത്ത തരത്തിലാണ് ചട്ടങ്ങളെന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്. മാർച്ചിൽ ഈ വിജ്ഞാപനത്തിന്റെ കരട് മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ നിർദേശങ്ങളെല്ലാം പരിശോധിച്ച് അവയെല്ലാം ഉൾപ്പെടുത്തിയ ശേഷമാണ്, അന്തിമവിജ്ഞാപനം പുറത്തിറക്കിയത്.

ആദ്യമായാണ്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ തരംതിരിച്ച് വ്യക്തമാക്കി ഒരു വിജ്‍ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്നത്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കാവുന്ന തരത്തിലുള്ള എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിക്കപ്പെടാൻ പോവുകയാണ്, കേന്ദ്രസർക്കാരിന്‍റെ ഈ ഉത്തരവിലൂടെ.

Eng­lish Sum­ma­ry: from spoons to sticks: the use of plas­tic in the coun­try is on the rise; The first phase of the ban is in September

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.