
ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കരുത്ത് വർധിപ്പിച്ചുകൊണ്ട്, പൂർണമായും ഇന്ത്യയിൽ രൂപകല്പന ചെയ്ത് നിർമ്മിച്ച ആദ്യത്തെ മലിനീകരണ നിയന്ത്രണ കപ്പലായ ‘സമുദ്ര പ്രതാപ്’ കമ്മിഷൻ ചെയ്തു. ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡിലാണ് ചടങ്ങുകള്‍ നടന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കപ്പൽ രാജ്യത്തിന് സമർപ്പിച്ചു.
114.5 മീറ്റർ നീളവും 16.5 മീറ്റർ വീതിയുമുള്ള ഈ കപ്പൽ 4,200 ടൺ ഭാരവാഹക ശേഷിയുള്ളതാണ്. മണിക്കൂറിൽ 22 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള സമുദ്ര പ്രതാപിന് ഒറ്റയടിക്ക് 6,000 നോട്ടിക്കൽ മൈൽ ദൂരം താണ്ടാൻ സാധിക്കും. സമുദ്രത്തിലെ എണ്ണച്ചോർച്ച, രാസ മലിനീകരണം എന്നിവ തടയുന്നതിനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനുമാണ് ഈ കപ്പൽ പ്രധാനമായും ഉപയോഗിക്കുക.
കൊച്ചി ആസ്ഥാനമാക്കിയായിരിക്കും ഈ കപ്പൽ പ്രവർത്തിക്കുക. സമുദ്രത്തിലെ വെല്ലുവിളികളെ നേരിടാൻ അത്യാധുനിക ആയുധങ്ങളും സാങ്കേതികവിദ്യയും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. 30എംഎം സിആര്‍എന്‍-91 തോക്കും, സംയോജിത ഫയർ കൺട്രോൾ സംവിധാനമുള്ള രണ്ട് 12.7 എംഎം റിമോട്ട് കൺട്രോൾ തോക്കുകളും കപ്പലിലുണ്ട്.
എണ്ണച്ചോർച്ച തിരിച്ചറിയാൻ സഹായിക്കുന്ന ‘ഓയിൽ ഫിംഗർ പ്രിന്റിങ്’ മെഷീൻ, കെമിക്കൽ ഡിറ്റക്ടറുകൾ, മലിനീകരണ നിയന്ത്രണ ലാബ് എന്നിവ കപ്പലിലുണ്ട്. കോസ്റ്റ് ഗാർഡ് ചരിത്രത്തിൽ ആദ്യമായി ‘ഡൈനാമിക് പൊസിഷനിങ്’ സൗകര്യമുള്ള കപ്പലാണിത്. ഇത് കടലിൽ ഒരേ സ്ഥാനത്ത് സ്ഥിരമായി നിൽക്കാൻ കപ്പലിനെ സഹായിക്കുന്നു. കൂടാതെ അത്യാധുനിക അഗ്നിശമന സംവിധാനങ്ങളും ഇതിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.