കടലിൽ മീൻ പിടിത്തത്തിനിടെ സ്‌ട്രോക്ക് വന്ന് തളർന്നുപോയ മത്സ്യത്തൊഴിലാളിയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കരയിലെത്തിച്ച് ആശുപത്രിയിലാക്കി. രണ്ടാഴ്ച മുമ്പ് കോഴിക്കോട്ട് നിന്ന് മീൻപിടിക്കാനിറങ്ങിയ എയ്ഞ്ചൽ മദർ ഫാത്തിമ എന്ന തമിഴ്‌നാട് ബോട്ടിലെ തൊഴിലാളി ബേക്കൽ പള്ളിക്കരയിലെ ശലമോൻ (40) ആണ് നാല് ദിവസം മുമ്പ് സ്‌ട്രോക്ക് വന്ന് ഒരു വശം തളർന്ന് അവശനായത്. ഹാംറേഡിയോ വഴിയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. നീലേശ്വരം അഴിത്തല തീരദേശ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സോണിരാജിന്റ നിർദേശ പ്രകാരം നീലേശ്വരം അഴിത്തലയിലെ ഫിഷറീസ് റസ്‌ക്യൂ ബോട്ട് രക്ഷാപ്രവർത്തനത്തിനായി കടലിലിറങ്ങി. സി പി ഒ, ശരത്, ഫിഷറീസ് റസ്‌ക്യൂ ഗാർഡ് സേതു, ശിവൻ, ഡ്രൈവർ ഷൈജു, സതീശൻ, എസ് ഐ, എം ടി പി സെയ്ഫുദ്ദീൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.
കിലോമീറ്ററുകൾ താണ്ടി തിരച്ചിൽ നടത്തിയ ശേഷം കടലിൽ വച്ചു തന്നെ പള്ളിക്കരയിലെ സഖാവ് എന്ന വള്ളം വരുത്തി തിരച്ചിൽ സംഘത്തിലുണ്ടായിരുന്ന എം ടി പി സെയ്ഫുദ്ദീൻ, മാർട്ടിൻ, ശെൽവൻ, ബിജു, എന്തോനീസ്, സതീശൻ എന്നിവർ ഇതിവേക്ക് മാറിക്കയറി സംഭവസ്ഥലത്തേക്കു നീങ്ങി. ബുധനാഴ്ച രാത്രി 9. 30 ന് സംഘാംഗങ്ങൾ കരയിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയായിരുന്ന എയ്ഞ്ചൽ- മദർ ഫാത്തിമ എന്ന ബോട്ട് കണ്ടെത്തി ശലമോനെ സഖാവ് എന്ന രക്ഷാ തോണിയിലേക്കു മാറ്റി ഇന്നലെ പുലർച്ചെയോടെ പള്ളിക്കരയിലെത്തിച്ചു. രക്ഷാപ്രവർത്തനം എട്ട് മണിക്കൂറോളം നീണ്ടു നിന്നു. ആദ്യം ഉദുമയിലെ ആശുപത്രിയിലും പിന്നീട് കണ്ണൂർ ആസ്റ്റർ മിംസിലേക്കും മാറ്റി. ആരോഗ്യ നില മോശമായിരുന്നതിനാൽ നിലവിൽ ഐ സി യുവിൽ ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.