
കനത്ത മൂടൽമഞ്ഞ് ഡല്‍ഹിയില്‍ കുറഞ്ഞെങ്കിലും മോശം വായുനിലവാരം മാറ്റമില്ലാതെ തുടരുന്നത് ജനങ്ങളെ വലയ്ക്കുന്നു. കനത്ത മൂടൽമഞ്ഞ് സമീപ ദിവസങ്ങളിൽ ഡൽഹിയിലെ വിമാന സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ 148 വിമാന സർവീസുകൾ റദ്ദാക്കുന്ന അവസ്ഥവരെ വന്നു. 150-ലധികം വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം വൈകുകയും ചെയ്തു. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ സർവീസുകളാണ് കാര്യമായി തടസ്സപ്പെട്ടത്.
സീറോ വിസിബിലിറ്റി പ്രശ്‌നത്തിൽ കാര്യമായ പുരോഗതിയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വായുനിലവാരം അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന സാഹചര്യത്തിൽ സർക്കാർ നിർദ്ദേശിച്ച വർക്ക് ഫ്രം ഹോം നയം നടപ്പാക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകണമെന്ന ഉത്തരവ് പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ മുൻപ് റവന്യൂ വകുപ്പിനും തൊഴിൽ വകുപ്പിനും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് നിർദ്ദേശം നൽകി.
മലിനീകരണ നിയന്ത്രണത്തിനായുള്ള ജിആർഎപി-4 നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഓഫീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ പല സ്ഥാപനങ്ങളും ഇത് പൂർണ്ണമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പരിശോധന കർശനമാക്കുന്നത്. റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിലൂടെ മലിനീകരണ തോത് നിയന്ത്രിക്കാനാണ് ഈ നടപടി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.