മുനമ്പം ജുഡീഷ്യൽ കമ്മിഷൻ പ്രവർത്തനം തത്ക്കാലത്തേക്ക് നിർത്തിവെച്ചു. കമ്മിഷന്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജിയെത്തിയ സാഹചര്യത്തിലാണിതെന്ന് ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ അറിയിച്ചു. കേസ് പെട്ടെന്ന് തീർപ്പാക്കിയാൽ റിപ്പോർട്ട് വേഗത്തിൽ സമർപ്പിക്കും. കമ്മിഷന്റെ പ്രവർത്തനം നിയമ പ്രകാരമാണെന്നും എൻക്വറി ആക്ട് പ്രകാരം തന്നെയാണ് കമ്മിഷൻ രൂപീകരിച്ചിട്ടുള്ളതെന്നും സർക്കാരിന്റെ വശം സർക്കാർ പറയുമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രൻ പറഞ്ഞു. ഇതിനിടെ നിലവിലെ സാഹചര്യത്തിൽ മുനമ്പത്തെ താമസക്കാർക്ക് അനുകൂലമാകുന്ന 35 വർഷം മുമ്പത്തെ കോടതിയുത്തരവ് മുനമ്പം ഭൂസംരക്ഷണ സമിതി ജൂഡീഷ്യൽ കമ്മിഷന് കൈമാറി.
മുനമ്പത്തെ തർക്കഭൂമയിൽ കുടികിടപ്പ് അവകാശമുണ്ടായിരുന്ന 14 കുടുംബങ്ങൾക്ക് 1989ൽ കിട്ടിയ അനൂകൂല കോടതിയുത്തരവിന്റെ പകർപ്പാണ് സമിതി ജൂഡീഷ്യൽ കമ്മിഷന് കൈമാറിയത്. ഈ മാസം 28ന് മുമ്പ് മുനമ്പം ജൂഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരുടെ താത്ക്കാലിക പിൻമാറ്റം. മുനമ്പം കമ്മിഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദിയുടെ പേരിൽ ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സിവിൽ കോടതി തന്നെ കണ്ടെത്തിയ സ്ഥിതിക്ക് ജുഡീഷ്യൽ കമ്മിഷനെ സർക്കാർ നിയമിച്ചത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് സിംഗിൾ ബെഞ്ച് ആവശ്യപ്പെട്ടു. മുനമ്പം കമ്മിഷന് ജൂഡീഷ്യൽ അധികാരങ്ങളോ അർധ ജുഡീഷ്യൽ അധികാരങ്ങളോ പോലുമില്ലെന്നും നിർദേശങ്ങൾ സമർപ്പിക്കാൻ മാത്രമേ കഴിയുകയുള്ളുവെന്നും സർക്കാർ മറുപടി നൽകിയിരുന്നു.സാധാരണ ജൂഡീഷ്യൽ കമ്മിഷന്റെ അധികാരങ്ങൾ ഇല്ലെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയ സ്ഥിതിക്കാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ നടപടികൾ തൽക്കാലത്തേക്ക് നിർത്തിവെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.