21 May 2024, Tuesday

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആഗോള അംഗത്വം റദ്ദാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 25, 2023 10:41 pm

ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആഗോള മനുഷ്യാവകാശ സംഘടനയിലെ അംഗത്വം റദ്ദാകും. ജീവനക്കാരുടെയും നേതൃത്വത്തിന്റെയും അഭാവം, നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍, അന്വേഷണ വിഷയത്തില്‍ പൊലീസ് നടത്തുന്ന ഇടപെടല്‍, പൊതുസമൂഹവുമായുള്ള അകല്‍ച്ച, പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിലെ വീഴ്ച എന്നിവയാണ് എന്‍എച്ച്ആര്‍സിയുടെ അംഗത്വം റദ്ദാക്കാനുള്ള കാരണങ്ങള്‍. 

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഓഫിസുമായി ബന്ധമുള്ള ഗ്ലോബല്‍ അലയന്‍സ് ഓഫ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിഷന്‍ (ജിഎഎന്‍എച്ച് ആര്‍ഐ)ലോക രാജ്യങ്ങളിലെ മനുഷ്യാവകാശ സംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അംഗത്വം പുതുക്കി നല്‍കുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും നടത്തുന്ന അവലോകന യോഗമാണ് അംഗത്വം പുതുക്കി നല്‍കുക. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന അവലോകന യോഗത്തില്‍ ഇന്ത്യ പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് അടുത്ത അവലോകനം നടക്കുന്ന കാലയളവ് വരെ ഇന്ത്യയുടെ റാങ്ക് ബി സ്റ്റാറ്റസില്‍ ആവും നിലനിര്‍ത്തുക.

13 രാജ്യങ്ങള്‍ അംഗമായ ജിഎഎന്‍എച്ച്ആര്‍ഐയില്‍ ഇന്ത്യക്ക് പുറമെ കോസ്റ്ററിക്കയ്ക്കും ഉത്തര അയര്‍ലന്‍ഡിനുമാണ് അംഗത്വം നഷ്ടപ്പെടുന്നത്. 2016ലാണ് ഇന്ത്യ ആദ്യമായി ജിഎഎന്‍എച്ച്ആര്‍ഐയുടെ അംഗത്വപ്പട്ടികയില്‍ നിന്ന് പുറത്തായത്. പിന്നീട് 2017ല്‍ ഇന്ത്യക്ക് എ കാറ്റഗറി പദവി ലഭിച്ചിരുന്നു. അതേസമയം 2019ല്‍ പുതുക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമത്തില്‍ വ്യവസ്ഥ ചെയ്ത പല നിബന്ധനകളും പാലിക്കുന്നതില്‍ ഇന്ത്യ പിന്നാക്കം പോയതായി ജിഎഎന്‍എച്ച്ആര്‍ഐയുടെ വിലയിരുത്തലില്‍ കണ്ടെത്തിയിട്ടുണ്ട്. കമ്മിഷനില്‍ ദേശീയ പിന്നാക്ക വിഭാഗം കമ്മിഷന്‍ അംഗം, ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗം, ഭിന്നശേഷി വിഭാഗം കമ്മിഷന്‍ അംഗം എന്നിവര്‍ ഉണ്ടാകണമെന്ന നിര്‍ദേശം പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. 

Eng­lish Summary;The glob­al mem­ber­ship of the Nation­al Human Rights Com­mis­sion is cancelled
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.