കര്‍ണാടകയിലെ സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഭഗവത് ഗീത ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്. ഈ അധ്യായന വര്‍ഷം മുതല്‍ തന്നെ ഭഗവത് ഗീത പഠനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോറല്‍ സയന്‍സ് (ധാര്‍മിക വിദ്യാഭ്യാസം) വിഷയത്തിനൊപ്പമായിരിക്കും ഭഗവത് ഗീതയും ഉള്‍പ്പെടുത്തുക എന്നാണ് റിപ്പോര്‍ട്ട്.
പാഠ്യപദ്ധതിയില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സമിതിയെ രൂപീകരിച്ച് നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലുന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.ഭഗവത് ഗീത പാഠപുസ്തകമാക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല.
ഭഗവത് ഗീതയെ നിലവില്‍ ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉന്നത സമിതിയെ നിയോഗിക്കും. സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും മോറല്‍ സയന്‍സില്‍ എന്തൊക്കെ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുക.മോറല്‍ സയന്‍സില്‍ കുട്ടികള്‍ക്ക് പരീക്ഷയുണ്ടായിരിക്കില്ല.ബൈബിളും ഖുര്‍ആനും പോലെ ഭഗവത് ഗീത മതഗ്രന്ഥമല്ലെന്ന മന്ത്രി നാഗേഷിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഗുജറാത്തിന്റെ മാതൃകയില്‍ കര്‍ണാടകയിലും ഭഗവത്ഗീത പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഭഗവത് ഗീത സിലബസില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും പറഞ്ഞിരുന്നു.അതേസമയം, വിദ്യാഭ്യാസത്തിന്റെ പേരില്‍ മതപരമായ കാര്യങ്ങളാണ് സര്‍ക്കാര്‍ പഠിപ്പിക്കാന്‍ നോക്കുന്നതെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി അജയ് കാമത്ത് വിമര്‍ശിച്ചു. പുരാതന വിദ്യാഭ്യാസ സമ്പ്രദായം ദളിതരെയും സ്ത്രീകളെയും മാറ്റി നിര്‍ത്തിയിരുന്നെന്നും ഭഗവത് ഗീത അശാസ്ത്രീയമാണെന്നും കാമത്ത് പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ അന്ധവിശ്വാസങ്ങള്‍ വളര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ നേരത്തെ ഭഗവത്ഗീത സിലബസിന്റെ ഭാഗമാക്കിയിരുന്നു. ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സിലബസിലാണ് ഭഗവത് ഗീത നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളടക്കം സര്‍ക്കാരിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഭഗവത് ഗീത പഠിപ്പിക്കുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനി പറഞ്ഞിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ സംസ്‌കാരവും വിജ്ഞാന സംവിധാനവും ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് ഭഗവത് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കുന്നത് എന്നാണ് മന്ത്രി പറഞ്ഞത്.
English Summary: The government is planning to make Bhagwat Gita a part of the curriculum in Karnataka as well
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.