22 January 2026, Thursday

Related news

January 22, 2026
January 21, 2026
December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
August 26, 2025

ഗവര്‍ണര്‍ തകര്‍ക്കുന്നത് സാധാരണക്കാരന്റെ സ്വപ്‌നങ്ങള്‍

കെ രാജന്‍ (റവന്യു മന്ത്രി )
January 20, 2024 4:30 am

സംസ്ഥാന ചരിത്രത്തില്‍ എന്നും പ്രാധാന്യത്തോടെ അടയാളപ്പെടുത്താവുന്ന നിയമഭേദഗതിയാണ് കഴിഞ്ഞ സെ‌പ‌റ്റ്ംബര്‍ 14ന് കേരള നിയമസഭ പാസാക്കിയ കേരള ഭൂപതിവ് (ഭേദഗതി) നിയമം. പട്ടയം ലഭിച്ച ഭൂമിയില്‍ പൂര്‍ണമായ ഉടമസ്ഥാവകാശം ലഭ്യമാകാത്ത ഒരുജനതയുടെ വേദന പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഇതു തിരിച്ചറിഞ്ഞ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഭൂപതിവ് നിയമ ഭേദഗതി നിയമത്തിലേക്ക് നയിച്ചത്.
പതിച്ചുകൊടുത്ത ഭൂമി പരിമിതമായ ആവശ്യങ്ങള്‍ക്ക് മാത്രമേ വിനിയോഗിക്കാന്‍ പാടുള്ളൂ എന്ന സാഹചര്യം നിലനില്‍ക്കെ, പട്ടയഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കല്‍, നിര്‍മ്മാണ നിയന്ത്രണം എന്നിവ സംബന്ധിച്ച് വിവിധ കേസുകള്‍ കോടതിയിലെത്തി. ഇക്കാര്യങ്ങളില്‍ കോടതി കര്‍ശന നിലപാടെടുക്കുകയും അത് ഇടുക്കി അടക്കമുള്ള മലയോര ജില്ലകളില്‍ വലിയ സാമൂഹ്യപ്രശ്‌നമായി മാറുകയും ചെയ്തപ്പോഴാണ് 2019ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചട്ടഭേദഗതി എന്ന ആശയം ആദ്യമായി പരിഗണിച്ചത്. എന്നാല്‍ നിയമം ഭേദഗതി ചെയ്യാതെ ചട്ടം ഭേദഗതി ചെയ്യാനാകില്ല എന്ന് എജിയും നിയമവകുപ്പും നിയമോപദേശം നല്‍കി. ഇതോടെ നിയമഭേദഗതിക്കുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.

തികച്ചും ഏകപക്ഷീയമായ രീതിയില്‍ നിയമം ഭേദഗതി ചെയ്യുകയല്ല സര്‍ക്കാര്‍ ചെയ്തത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മത മേലധ്യക്ഷന്മാര്‍, സാമുദായിക നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍, നിയമ വിദഗ്ധര്‍ തുടങ്ങി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിയമഭേദഗതി തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ നിയമസഭ ഏകകണ്ഠമായി നിയമം പാസാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രികയിലെ ഒരു പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നിറവേറ്റപ്പെട്ടത്. കൃഷി, വീട് എന്നിവയ്ക്കൊപ്പം ആശുപത്രികള്‍, സ്കൂളുകള്‍, ജലസംഭരണികള്‍, മാര്‍ക്കറ്റുകള്‍ അടക്കം സ്ഥാപിക്കപ്പെട്ടതോ സ്ഥാപിക്കപ്പെടേണ്ടതോ ആയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് നിയമപരമായ അനുമതികളും അംഗീകാരവും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇത് പരിഹരിക്കാനായി പതിച്ചുകൊടുത്ത ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നതിനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന വ്യവസ്ഥകളാണ് നിയമഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സാധാരണ ജനങ്ങള്‍ക്ക് യാതൊരു ഭാരവും ഉണ്ടാകാത്ത രീതിയില്‍, അതേസമയം പരിസ്ഥിതി പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് ചട്ടം രൂപീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നിയമസഭ ബില്‍ പാസാക്കിയിട്ട് നാലു മാസം പിന്നിട്ടു. ദൗര്‍ഭാഗ്യവശാല്‍ ഇതുവരെ ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവണര്‍ തയ്യാറായിട്ടില്ല. ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ ചില വ്യക്തികളും സംഘടനകളും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ നടപടി എടുക്കാത്തതുമൂലമാണ് അംഗീകാരം നല്‍കാത്തത് എന്ന തികച്ചും ബാലിശമായ വാദമാണ് ഗവര്‍ണര്‍ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നത്.


ഇതുകൂടി വായിക്കൂ:സാമ്പത്തിക അടിയന്തരാവസ്ഥയെന്ന ഗവര്‍ണറുടെ പുതിയ ഭീഷണി


ഭരണഘടനയുടെ 167-ാം അനുച്ഛേദ പ്രകാരം ഗവര്‍ണര്‍ക്ക് താഴെ പറയുന്ന വിവരങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണവും നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദേശങ്ങളും സംബന്ധിച്ച് മന്ത്രിസഭയുടെ തീരുമാനങ്ങള്‍, ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട വിവരങ്ങളും നിയമ നിര്‍മ്മാണത്തിനുള്ള നിര്‍ദേശങ്ങളും സംബന്ധിച്ച് ഗവര്‍ണര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍, മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഒരു മന്ത്രി തീരുമാനമെടുത്ത വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം സംബന്ധിച്ച് തുടങ്ങിയവ. കേരള സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം എല്ലാ മന്ത്രിസഭായോഗ തീരുമാനങ്ങളും ഗവര്‍ണറെ യഥാവിധി തന്നെ അറിയിക്കുന്നുണ്ട്. ഇപ്പോള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചിട്ടുള്ള ബില്ലുകളുടെ നിര്‍ദേശങ്ങള്‍ മന്ത്രിസഭ പാസാക്കിയപ്പോള്‍ അവയും ഗവര്‍ണര്‍ക്ക് അയച്ചിരുന്നു. ‌ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ 2023 ജൂലൈ ഏഴിന് മന്ത്രിസഭയെടുത്ത തീരുമാനം ഭരണഘടനയുടെ 167(എ) അനുശാസിക്കുന്നതനുസരിച്ച് തൊട്ടടുത്ത ദിവസം തന്നെ ഗവര്‍ണറെ അറിയിച്ചിരുന്നു. എന്നാല്‍ 167(ബി) പ്രകാരം ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങളോ വിശദീകരണങ്ങളോ സര്‍ക്കാരിനോട് ഗവര്‍ണര്‍ ആരാഞ്ഞിട്ടില്ല.

ഭരണഘടനയിലെ അനുച്ഛേദം 200 പ്രകാരം നിയമസഭ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ച ഒരു ബില്‍ സംബന്ധിച്ച് നാല് നടപടികളാണ് ഗവര്‍ണര്‍ക്ക് സ്വീകരിക്കാവുന്നത്. ബില്ലിന് അംഗീകാരം നല്‍കുക, ബില്ല് തടഞ്ഞുവയ്ക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുക, നിയമസഭയുടെ പരിഗണനയ്ക്കായി തിരിച്ചയയ്ക്കുക എന്നിവയാണത്. നിയമസഭയുടെ പരിഗണനയ്ക്കായി തിരിച്ചയയ്ക്കുമ്പോള്‍ പ്രസ്തുത ബില്ലോ അതിലെ ഏതെങ്കിലും വ്യവസ്ഥകളോ പുനഃപരിശോധിക്കുകയോ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുന്ന പ്രകാരം ഭേദഗതികള്‍ ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്ന് നിയമസഭയോട് അഭ്യര്‍ത്ഥിക്കാവുന്നതാണ്. ഇപ്രകാരം തിരിച്ചയയ്ക്കപ്പെട്ട ബില്‍ ഭേദഗതികളോടേയോ അല്ലാതെയോ നിയമസഭ പാസാക്കി ഗവര്‍ണര്‍ക്ക് വീണ്ടും അയച്ചാല്‍ പിന്നെ തടഞ്ഞുവയ്ക്കാന്‍ ഭരണഘടന അനുവാദം നല്‍കുന്നില്ല. അംഗീകരിക്കുക എന്നുള്ളത് മാത്രമാണ് ഗവര്‍ണര്‍ക്കു മുന്നിലുള്ള മാര്‍ഗം. അനുച്ഛേദം 200ന്റെ പ്രൊവിസോയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഇതില്‍ത്തന്നെ ഗവര്‍ണര്‍ ഇപ്രകാരം ബില്‍ തിരിച്ചയയ്ക്കുന്നത് കഴിയുന്നത്ര പെട്ടെന്നായിരിക്കണമെന്നും (as soon as pos­si­ble) വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ബില്ലിന് അംഗീകാരം നല്‍കുകയോ രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്ക്കുകയോ ചെയ്യുക എന്നുള്ളത് മാത്രമാണ് ഭരണഘടന ഗവര്‍ണര്‍ക്ക് നല്‍കുന്ന അവകാശം. തെലങ്കാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസില്‍ ഇക്കാര്യം സുപ്രീം കോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. As soon as pos­si­ble എന്നുപറഞ്ഞിരിക്കുന്നത് മൂലം ഗവര്‍ണര്‍ക്ക് ദീര്‍ഘകാലത്തേക്ക് ബില്ല് പിടിച്ചുവയ്ക്കാന്‍ കഴിയില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. തടഞ്ഞുവയ്ക്കുക എന്നത് എല്ലാ കാലത്തേക്കും തടഞ്ഞുവയ്ക്കുക എന്നല്ല ഭരണഘടന ഉദ്ദേശിച്ചതെന്ന് ഗവര്‍ണര്‍ മനസിലാക്കണം. ഇവിടെ ഗവര്‍ണറും നിയമസഭയും തമ്മിലുള്ള നടപടികളാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു പങ്കും നിര്‍വഹിക്കാനില്ല.


ഇതുകൂടി വായിക്കൂ:മലയോര ജനത എന്തുകൊണ്ട് രാജ്ഭവനിലേക്ക്…?


ഇപ്പോള്‍ ഗവര്‍ണര്‍ ഉന്നയിക്കുന്ന പ്രകാരം നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് യാതൊരു അഭിപ്രായവും സര്‍ക്കാരിനോട് ഒരു ഫയലിലും ഗവര്‍ണര്‍ ആരാഞ്ഞിട്ടില്ല. അപ്രകാരം സര്‍ക്കാരിനോട് ആരായാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി അധികാരമില്ലെങ്കിലും, അത്തരത്തില്‍ ചോദിച്ചാല്‍ കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇവിടെ ഗവര്‍ണര്‍ക്ക് ചില വ്യക്തികളോ സംഘടനകളോ അയച്ച ചില പരാതികളില്‍ സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണ് ഗവര്‍ണര്‍ ആരാഞ്ഞിട്ടുള്ളത്. ഗവര്‍ണര്‍ക്ക് വ്യക്തികളും സംഘടനകളും നല്‍കുന്ന എല്ലാ പരാതികളും ഇത്തരത്തില്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കായി അയയ്ക്കാറുണ്ട്. അതിന് സര്‍ക്കാര്‍ ക്രമപ്രകാരം അഭിപ്രായം നല്‍കാറുമുണ്ട്. ഈ വിഷയത്തിലും അതേ നടപടി തന്നെ സ്വീകരിച്ച് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. ഇവിടെ ഭൂപതിവ് നിയമ ഭേദഗതിയിലെ ഏതെങ്കിലും വ്യവസ്ഥകളില്‍ യാതൊരു സംശയവും ഗവര്‍ണര്‍ ഉന്നയിച്ചിട്ടില്ല. സബ്‌ജക്ട് കമ്മിറ്റിയുടെ വിശദമായ പരിശോധനയ്ക്കും വിശദമായ ചര്‍ച്ചകള്‍ക്കും മൂന്ന് വായനകള്‍ക്കും ശേഷം പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് നിയമം പാസാക്കിയത്. നിയമസഭ ബില്‍ പാസാക്കി കഴിഞ്ഞാല്‍ സര്‍ക്കാരിന് അതില്‍ ഭരണഘടനാപരമായി നിയന്ത്രണമില്ല. അതുകൊണ്ടാണ് നിയമസഭ പാസാക്കിയ ബില്‍ പുനഃപരിശോധിക്കണമെന്ന് തോന്നിയാല്‍ നിയമസഭയ്ക്ക് തന്നെ തിരിച്ചയയ്ക്കാന്‍ അനുച്ഛേദം 200ന്റെ പ്രൊവിസോ ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നത്. നിയമസഭ ബില്ല് പാസാക്കി കഴിഞ്ഞാല്‍ അത് സഭയുടെ സ്വത്താണ്. ഏതെങ്കിലും തരത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല. അതാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത. നിയമസഭ ഏകകണ്ഠമായാണ് നിയമം പാസാക്കിയത് എന്നത് എടുത്തുപറയേണ്ടതാണ്.

ഒരു ഭരണ പ്രതിസന്ധി സൃഷ്ടിക്കുക എന്നുള്ളത് മാത്രമാണ് ഗവര്‍ണറുടെ ലക്ഷ്യം. മലയോര മേഖലയിലെ ജനതയുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഭൂപതിവ് നിയമ ഭേദഗതിയിലൂടെ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭൂപതിവ് നിയമ ഭേദഗതിയോടൊപ്പം നിയമസഭ പാസാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഭേദഗതി എന്ത് പരാതിയുടെ, അല്ലെങ്കില്‍ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കണം. സംസ്ഥാനത്ത് നെല്‍വയല്‍ തരംമാറ്റ അപേക്ഷകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അവ സമയബന്ധിതമായി തീര്‍പ്പാക്കാനായി ആര്‍ഡിഒമാര്‍ക്കുള്ള അധികാരം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി നല്‍കുന്നതിനായി നിയമ ഭേദഗതി കൊണ്ടുവന്നത്. ഭൂമി തരംമാറ്റിയ ശേഷം ബാങ്കില്‍ നിന്ന് വായ്പയെടുത്തോ വില്പന നടത്തിയോ മക്കളുടെ വിവാഹ ആവശ്യത്തിനും, ചികിത്സാ ആവശ്യത്തിനും വിനിയോഗിക്കാനുള്ള സാധാരണക്കാരന്റെ അവസരമാണ് ഇതിലൂടെ ഗവര്‍ണര്‍ നിഷേധിച്ചത്. കെട്ടിട നികുതി നിയമത്തില്‍ കാലോചിതമായ പരിഷ്കുാരങ്ങള്‍ കൊണ്ടുവന്ന കേരള കെട്ടിട നികുതി നിയമ ഭേദഗതി എന്തിനാണ് ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുന്നതെന്നും അറിയില്ല.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.