സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറുമുൾപ്പെടുന്ന സമിതിയ്ക്ക് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള ചുമതല നൽകുന്ന സുപ്രധാന ഭേദഗതിയോടെയാണ് നിയമസഭ ബിൽ പാസാക്കിയത്. സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയെയൊ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരണമെന്ന ഭേദഗതി അംഗീകരിക്കാത്തതിനാല്‍ പ്രതിപക്ഷം നടപടികൾ ബഹിഷ്കരിച്ചു. ശബ്ദവോട്ടോടെയാണ് ബിൽ പാസായത്.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബില്ലിന്റെ 16ാം വകുപ്പിൽ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ഭേദഗതി സഭ അംഗീകരിച്ചു. വൈസ് ചാൻസലറുടെ താൽക്കാലിക ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ ചാൻസലർ, പ്രോ വൈസ് ചാൻസലറുമായി കൂടിയാലോചിച്ച് ആവശ്യമായ ക്രമീകരണമുണ്ടാക്കണമെന്നായിരുന്നു ഈ ഭേദഗതി. പ്രോ വൈസ് ചാൻസലർക്കോ മറ്റൊരു സർവകലാശാല വൈസ് ചാൻസലർക്കോ ചുമതല നൽകാനായിരുന്നു ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്.
ബിൽ നിയമമാകുന്നതോടെ ഒരു വിദ്യാഭ്യാസ വിചക്ഷണനെയോ അല്ലെങ്കിൽ കാർഷികവും വെറ്ററിനറി ശാസ്ത്രവും ഉൾപ്പെടെയുള്ള ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സാംസ്കാരികം, നിയമം അല്ലെങ്കിൽ പൊതുഭരണം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ പ്രാഗൽഭ്യമുള്ള വ്യക്തിയെയോ ചാൻസലറായി നിയമിക്കാനാകും.
എല്ലാ സർവകലാശാലകൾക്കും ഒരു ചാന്‍സലര്‍ മതിയെന്ന ഭേദഗതി പ്രതിപക്ഷാംഗം റോജി എം ജോൺ അവതരിപ്പിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി അല്ലെങ്കിൽ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചാൻസലറാകണമെന്നും തെരഞ്ഞെടുപ്പ് സമിതിയിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് സമിതിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്നത് പ്രായോഗിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും നിർദേശിക്കുന്ന പേരിനോട് ചീഫ് ജസ്റ്റിസ് വിയോജിച്ചാൽ അത് നിയമപ്രശ്നങ്ങളുണ്ടാക്കും. ഏകകണ്ഠമായി തെരഞ്ഞെടുക്കുന്ന ചാൻസലർക്കെതിരെ ആർക്കും കോടതിയെ സമീപിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മറുപടിയുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതി ചാൻസലറെ തെരഞ്ഞെടുക്കണമെന്ന നിർദേശത്തിൽ നിന്ന് പ്രതിപക്ഷം പിന്മാറി. എന്നാൽ, ഓരോ മേഖലയിലും വിദഗ്ധരായവരെ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരണമെന്ന ഔദ്യോഗിക ഭേദഗതിയോട് യോജിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ നടപടിയെ സങ്കുചിത നിലപാടായി ചരിത്രം രേഖപ്പെടുത്തുമെന്നും നിഷേധാത്മക നിലപാടിന് ചരിത്രം മാപ്പ് നൽകില്ലെന്നും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനിടെ മന്ത്രി പി രാജീവ് പറഞ്ഞു.
തിരുവനന്തപുരം: സർവകലാശാലകൾക്ക് വേണ്ടത് ധൈഷണിക നേതൃത്വമാണെന്നും റിട്ട. ജഡ്ജിമാർ എല്ലാ കാര്യത്തിലെയും അവസാന വാക്കാണെന്ന അഭിപ്രായമില്ലെന്നും മന്ത്രി പി രാജീവ്. ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലറായി മല്ലികാ സാരാഭായിയെ നിയമിച്ച മാതൃകയാണ് മറ്റ് സർവകശാലകളുടെ കാര്യത്തിലും സർക്കാർ ആലോചിക്കുന്നത്. യോഗ്യതയില്ലാത്തവരെയാണ് സർക്കാർ കൊണ്ടുവരുന്നതെങ്കിൽ പ്രതിപക്ഷ നേതാവിന് വിയോജനക്കുറിപ്പ് നൽകാം. ആ വിയോജനമാകും നക്ഷത്രത്തിളക്കത്തോടെ നിലനിൽക്കുകയെന്നും മന്ത്രി പറഞ്ഞു.
English Summary: The Governor was removed from the post of Chancellor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.