22 January 2026, Thursday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

പാർട്ടിയുടെ മേൽ മോഡി-ഷാ കൂട്ടുകെട്ടിന്റെ പിടി അയയുന്നു

Janayugom Webdesk
August 30, 2024 5:00 am

ബിജെപിയുടെ മേൽ നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പിടി അയയുന്നതിന്റെ സൂചനകളാണ് അല്പാല്പമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ മേലുള്ള ഇരുനേതാക്കളുടെയും നിയന്ത്രണത്തെ ചോദ്യംചെയ്ത് ആദ്യത്തെ വെടിപൊട്ടിച്ചത് ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് ആയിരുന്നുവെന്നത് രാഷ്ട്രീയവൃത്തങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മോഹൻ ഭാഗവത് നരേന്ദ്ര മോഡിയുടെയോ അമിത് ഷായുടെയോ പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും ആരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറെ വൈകാതെ, ജൂൺ 10നായിരുന്നു ബിജെപി നേതൃത്വത്തിന്റെ ഔദ്ധത്യത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള സർസംഘ് ചാലകിന്റെ നാഗ്പൂർ പ്രസംഗം. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം ബിജെപിയുടെയും സംഘ്പരിവാറിന്റെയും ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വം ആസ്വദിച്ചുപോന്ന മോഡിക്ക് തെരെഞ്ഞടുപ്പിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ആർഎസ്എസ് നേതൃത്വം പ്രധാനമന്ത്രിയെയും പാർട്ടി നേതൃത്വത്തെയും പ്രതിരോധത്തിലാക്കുകയായിരുന്നു. ‘യഥാർത്ഥ സേവകൻ താൻ വഹിക്കുന്ന പദവിയുടെ അന്തസ് കാത്തുസൂക്ഷിക്കണം. തന്റെ ഉത്തരവാദിത്തം നിർവഹിക്കുമ്പോൾ ഔചിത്യം പാലിക്കണം. സ്വന്തം പ്രവൃത്തിയെപ്പറ്റി ദുരഹങ്കാരം അരുത്. അങ്ങനെയുള്ള ആൾക്കേ യഥാർത്ഥ സേവകൻ എന്ന് അവകാശപ്പെടാനാവു’. പ്രത്യേകിച്ച് പ്രകോപനമൊന്നും കൂടാതെ നടത്തിയ ഈ പരാമർശങ്ങൾ ആരെയാണ് ലക്ഷ്യം വച്ചതെന്ന് വ്യക്തം. മണിപ്പൂരിലെ സ്ഥിതിഗതികളെപ്പറ്റി തുടർന്ന് ഭാഗവത് നടത്തിയ പരാമർശങ്ങൾ ആരെയാണ് താൻ ലക്ഷ്യം വയ്ക്കുന്നതെന്ന് ആർക്കെങ്കിലും സംശയം അവശേഷിച്ചിരുന്നെങ്കിൽ അതുകൂടെ പരിഹരിക്കാൻ മതിയായവ ആയിരുന്നു. ഭാഗവതിനെ തുടർന്ന് സംഘ്പരിവാർ നേതൃത്വത്തിൽനിന്നും ബിജെപിക്കെതിരായ ചില വിമർശനങ്ങളും ഉയരുകയുണ്ടായി. ഹിന്ദുത്വ ആശയങ്ങളുടെ പ്രതീകമായി മോഡിയെ അവതരിപ്പിച്ച് മുന്നോട്ടുപോകുന്നത് സുരക്ഷിതമായിരിക്കില്ലെന്ന ചിന്ത ആർഎസ്എസിൽ ശക്തിയാർജിക്കുന്നതായാണ് സമീപകാല സംഭവവികാസങ്ങൾ പലതും സൂചിപ്പിക്കുന്നത്. മോഡിയിലും അമിത് ഷായിലും മാത്രം ബെറ്റുവച്ച് ഹിന്ദുത്വ രാഷ്ട്രീയവുമായി ഇനി ഏറെ മുന്നോട്ടുപോകാനാവില്ല എന്ന ചിന്ത സംഘ്പരിവാറിൽ ശക്തിയാർജിക്കുന്നതായി വേണം വിലയിരുത്താൻ. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പും ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അത്തരം സൂചനകൾക്ക് ബലം പകരുന്നവയാണ്. 

തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമവാക്ക് മോഡിയും ഷായും ഉൾപ്പെട്ട ഗുജറാത്ത് ലോബിയുടേതായിരുന്നു കഴിഞ്ഞ പത്തുവർഷങ്ങളിലും. എന്നാൽ അവരുടെ ഈ അപ്രമാദിത്യം ചോദ്യം ചെയ്യപ്പെടുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നപ്പോൾ അതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. അപ്രതീക്ഷിതമായുണ്ടായ എതിർപ്പിനെത്തുടർന്ന് ആദ്യം പട്ടിക പിൻവലിക്കാൻ നിർബന്ധിതമായി. 44 പേരുകൾ അടങ്ങിയ പട്ടികയിൽ ഒരുപേരുമാത്രം മാറ്റി രണ്ടാമത് പട്ടിക ആ സംസ്ഥാനത്തെ പാർട്ടിയുടെമേൽ അടിച്ചേല്പിക്കുകയാണ് ഉണ്ടായത്. ജമ്മു- കശ്മീരിലെ പഴയ പാർട്ടിപ്രവർത്തകരെ അവഗണിച്ച് കാലുമാറ്റക്കാരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയതെന്ന പരാതി അവിടെ ശക്തമായി നിലനില്‍ക്കുന്നതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. പത്ത് അസംബ്ലി സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ സ്ഥാനാർത്ഥി നിർണയത്തിലും പ്രചരണം സംഘടിപ്പിക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കോ പതിവ് റോൾ ഇല്ലെന്നുമാത്രമല്ല മുഖ്യമന്ത്രി ആദിത്യനാഥും ആർഎസ്എസ് നേതൃത്വവുമാണ് ആ ചുമതലകൾ നേരിട്ട് നിർവഹിക്കുന്നതെന്നാണ് അവിടെനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖമായിരുന്ന നരേന്ദ്ര മോഡിക്ക് മുൻതെരഞ്ഞെടുപ്പുകളിൽ ലഭിച്ചിരുന്ന സ്വീകാര്യത സംസ്ഥാനത്തും തന്റെ മണ്ഡലമായ വാരാണസിയിൽപോലും ലഭിച്ചില്ലെന്ന വിലയിരുത്തലിലാണ് ആർഎസ്എസും സംഘ്പരിവാറും. ഹിന്ദുത്വത്തിന്റെ പുതിയ പ്രതീകമായി ആദിത്യനാഥിനെ ഉയർത്തിക്കാട്ടുന്നതായിരിക്കും ബിജെപിക്ക് തെരഞ്ഞെടുപ്പിൽ പ്രയോജനപ്രദമെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തലെന്ന് രാഷ്ട്രീയനിരീക്ഷകർ കരുതുന്നു. ഹിന്ദുത്വ ആശയങ്ങളോട് യോജിപ്പില്ലാത്ത തെലുഗുദേശം, ജനതാദൾ (യു) എന്നീ പാർട്ടികളുടെ ഔദാര്യത്തിൽ ഭരണം എത്തിച്ചതിന്റെ ഉത്തരവാദിത്തം മോഡിക്കും ഗുജറാത്ത് ലോബിക്കുമാണെന്ന വിലയിരുത്തലാണ് ആർഎസ്എസിനുള്ളത്. 

ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലും അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു-കശ്മീർ, ഹരിയാന എന്നിവിടങ്ങളിലും തുടർന്ന് വർഷാവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഝാർഖണ്ഡ് അടുത്തവർഷം ആരംഭത്തിൽ തെരഞ്ഞെടുപ്പ് നടക്കേണ്ട ഡൽഹി, ബിഹാർ എന്നിവിടങ്ങളിലെ ഫലങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാണ്. ഈ തെരഞ്ഞെടുപ്പ്കളിൽ ലഭ്യമായ സൂചനകളനുസരിച്ച് ബിജെപിക്ക് ഏറെ പ്രതീക്ഷയ്ക്ക് വകയില്ല. എങ്കിലും ആർഎസ്എസും മോഡി, ഷാ കൂട്ടുകെട്ടും നല്ല പോരാട്ടം കാഴ്ചവയ്ക്കുമെന്നതിൽ സംശയമില്ല. ഇന്ത്യ സഖ്യത്തിന് യോജിച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായി മാറിക്കൂടായ്കയില്ല. ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് പല നിർണായക വിഷയങ്ങളിലും സ്വന്തം നിലപാടുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യം ഇപ്പോൾത്തന്നെ സംജാതമായിട്ടുണ്ട്. വഖഫ് നിയമ ഭേദഗതി, ലാറ്ററൽ എൻട്രി, ബ്രോഡ്കാസ്റ്റിങ് ബിൽ തുടങ്ങിയവയിൽ സ്വന്തം നിലപാടിനനുസരിച്ച് മുന്നോട്ടുപോകാൻ കഴിയാത്തത് മുന്നണിയിൽ ക്രമേണ അസ്വാരസ്യങ്ങൾക്ക് കാരണമാകും. തെലുഗുദേശം, ജനതാദൾ (യു) എന്നിവയുടെ ആവശ്യങ്ങൾ അനന്തമായി നീട്ടിവയ്ക്കാൻ അവർക്കും കഴിയാത്ത സാഹചര്യം തുടരാനുമാവില്ല. രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ കാലത്തേക്ക് നീങ്ങാനുള്ള സാഹചര്യം കണക്കിലെടുത്ത് പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിര കൂടുതൽ ശക്തമാക്കാനാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.