
ഭർത്താവ് വിവാഹത്തിന് മുമ്പ് വാഗ്ദാനം ചെയ്ത ജോലി നൽകാതിരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് കബഡി താരം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 2020ലാണ്, സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന കിരൺ സൂരജ് ദാധെയും സ്വപ്നിൽ ജയദേവ് ലംബ്ഘാരയും വിവാഹിതരായത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു ജോലി നൽകാമെന്ന് വിവാഹത്തിന് മുമ്പ് സ്വപ്നിൽ കിരണിന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ജോലി നൽകുന്നത് സ്വപ്നിൽ നിരന്തരം വൈകിച്ചതിനെ തുടർന്ന് കിരൺ സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു. ജോലി വാഗ്ദാനം പാലിക്കാത്തതിന് പുറമെ കിരണിനെ ഭർത്താവ് മാനസികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്.
ഭർത്താവിൽ നിന്ന് ഭീഷണിയും മോശം വാക്കുകളും തുടർച്ചയായി നേരിടേണ്ടി വന്നതോടെ, കിരണിൻ്റെ കുടുംബം അവളോട് ഫാമിലി കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പീഡനങ്ങളുടെ തെളിവായി ഭർത്താവ് അയച്ച സന്ദേശങ്ങൾ കിരൺ ഫോണിൽ സൂക്ഷിച്ചിരുന്നു.
ഡിസംബർ 4നാണ് കിരൺ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സ്വപ്നിൽ ലംബ്ഘാരയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.