നവകേരള നിർമിതിയിൽ എപ്രകാരമാണ് ശാസ്ത്രത്തിന് ഇടപെടാൻ കഴിയുക എന്ന ചർച്ചകൾ ശാസ്ത്രഗവേഷണ സമൂഹത്തിൽ നിന്നുയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് കുന്ദമംഗലം സിഡബ്ല്യുആർഡിഎമ്മിൽ സയന്റിസ്റ്റ് കോൺക്ലേവിന്റേയും വിവിധ പദ്ധതികളുടേയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം, ജന്തുജന്യ രോഗങ്ങൾ, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയ പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന പരിശോധനകൾ കാര്യക്ഷമമായി ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ശാസ്ത്ര, ശാസ്ത്രഗവേഷണ മേഖലകളിൽ കൂടുതൽ യുവജനങ്ങളെ ആകർഷിക്കാനും യുവജനത മികച്ച ഗവേഷണ സാധ്യതകൾ തേടി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത കുറയ്ക്കാനുമുള്ള ആശയങ്ങൾ ശാസ്ത്രജ്ഞരുമായി നടന്ന മുഖാമുഖത്തിൽ ചർച്ചയായി. ശസ്ത്രരംഗത്തേക്ക് കടന്നുവരുന്നവർക്ക് ഓരോ ജോലിയുടെയും സ്വഭാവം അനുസരിച്ച് ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള സാധ്യതകൾ, ശാസ്ത്ര അധ്യാപക പരിശീലനം കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ തുടങ്ങിയവയും ശാസ്ത്രജ്ഞർ പങ്കുവെച്ചു. ശാസ്ത്രശാഖകളിൽ വിദ്യാഭ്യാസം നേടി തൊഴിൽ രഹിതരായി തുടരുന്ന സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക, ഗവേഷണ സ്ഥാപനങ്ങളിലെ പരീക്ഷണങ്ങൾ കാര്യക്ഷമമായും വ്യാവസായികാടിസ്ഥാനത്തിലും ഉയർത്താനുള്ള ക്രിയാത്മകമായ നടപടികൾ ആവിഷ്കരിക്കുക തുടങ്ങി നിർദേശങ്ങളും ഉയർന്നു. ശാസ്ത്രജ്ഞർ പങ്കുവെച്ച നിർദേശങ്ങളും ആശങ്കകളും ഗൗരവത്തോടെ കാണുന്നതായി സംവാദത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ബൗദ്ധിക സ്വത്തവകാശം, ഭൗമ സൂചിക പദവി, കാർബൺ ന്യൂട്രാലിറ്റി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ സയമബന്ധിതമായ പദ്ധതികളും ദൗത്യങ്ങളും സർക്കാർ ഏറ്റെടുത്തു നടത്തിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലേയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലേയും ശാസ്ത്രജ്ഞരാണ് മുഖാമുഖത്തിൽ പങ്കെടുത്തത്. ശാസ്ത്ര സാങ്കേതിക മേഖലയിലെ കാലിക പ്രസക്തിയുള്ള വിഷയങ്ങൾ നിർവചിക്കുക, അതിലധിഷ്ഠിതമായ സംസ്ഥാന സർക്കാറിന്റെ ശാസ്ത്ര നയ രൂപീകരണം എന്നിവയായിരുന്നു സംവാദത്തിന്റെ ലക്ഷ്യങ്ങൾ. കൗൺസിലിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളായ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ, നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ തിരുവനന്തപുരം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോട്, ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് കോഴിക്കോട്, ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസ് കോട്ടയം, കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രം കോട്ടയം, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി 140 ഓളം ശാസ്ത്രജ്ഞരാണ് പങ്കെടുത്തത്.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെഎസ്സിഎസ് ടിഇ) — ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ അതിഥി ഗൃഹ‑ട്രെയിനി ഹോസ്റ്റൽ സമുച്ചയത്തിന്റെയും കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് സ്റ്റുഡന്റ് ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും പിടിഎ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ജലശേഖരണ‑വിവര വിനിമയ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവൻ എംപി, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ എം സി ദത്തൻ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.