
രാജ്യത്തെ സാധാരണക്കാരായ കുടുംബങ്ങളില്‍ കടബാധ്യതകള്‍ പിടിമുറുക്കുന്നതായി പഠനം. 2021ലെ കോവിഡ് മഹാമാരി രാജ്യത്തെ കുടുംബങ്ങളുടെ മൊത്തത്തിലുള്ള കടബാധ്യത ഉയര്‍ത്തിയത് കൂടാതെ നഗരങ്ങളിലെയും പട്ടണങ്ങളിലെയും താഴ്ന്ന, ഇടത്തരം വരുമാനക്കാരില്‍ സൃഷ്ടിച്ച ഉപഭോഗമാന്ദ്യം ഇപ്പോഴും തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന ചികിത്സാ ചെലവുകള്‍, വരുമാനവും സമ്പാദ്യവും കുറയുന്നത്, ഉയരുന്ന വാടക, അടിസ്ഥാന ചില്ലറ ഉപഭോക്തൃ വസ്തുക്കളുടെ വിലക്കുതിപ്പ് എന്നിവയാണ് മാന്ദ്യത്തിന് കാരണം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ ശേഷം മധ്യവര്‍ഗത്തിന്റെ ഉപഭോഗ ചെലവ് നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് മറ്റ് പല ചെലവുകളും വെട്ടിക്കുറച്ചതുകൊണ്ടുണ്ടായതാണ്. ചിലരിതിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുള്ള കരകയറലിന്റെ പ്രതീതിയായി വാഴ്ത്തുന്നു. പക്ഷെ ഇത് അധികകാലം നീണ്ടുനിന്നില്ല. അഞ്ചിനും 30 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ള മധ്യവര്‍ഗം ദീര്‍ഘകാല തകര്‍ച്ചയിലേക്ക് വീണടിയുന്നതാണ് പിന്നീട് കണ്ടതെന്ന് സാമ്പത്തികവിദഗ്ധര്‍ പറയുന്നു. ചെലവുകള്‍ കൂടുന്നതിനനുസരിച്ച് വരുമാനം വര്‍ധിക്കുന്നില്ല എന്നതാണ് ഇടത്തരക്കാരെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. ആദായനികുതി വിവരങ്ങളും മറ്റ് റിപ്പോര്‍ട്ടുകളും പരിശോധിച്ചാല്‍, 10 വര്‍ഷത്തിലേറെയായി മധ്യവര്‍ഗത്തിന്റെ ശരാശരി വരുമാനം പ്രതിവര്‍ഷം 10.5 ലക്ഷമായി തുടരുന്നു. മാത്രമല്ല ഇവരുടെ വാങ്ങല്‍ശേഷി മൂന്നിലൊന്നായി കുറഞ്ഞു. മാത്രമല്ല, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ദൈനംദിന ഉപഭോഗം എന്നീ അത്യാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നു. ഇക്കാലയളവില്‍ ജീവിതച്ചെലവും ഗണ്യമായി വര്‍ധിച്ചു. ഇന്ധനം, ആരോഗ്യ പരിചരണം, സ്കൂള്‍ ഫീസ് എന്നിവ വേതനത്തെക്കാള്‍ വേഗത്തില്‍ വര്‍ധിച്ചു.
1.25 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ വരുമാനമുള്ള കുടുംബങ്ങളുടെ കടബാധ്യതയ്ക്ക് കാരണം സര്‍ക്കാര്‍ നയങ്ങളിലെ പോരായ്മയും അവഗണനയും സാമ്പത്തിക അച്ചടക്കമില്ലായ്മയും സാമൂഹ്യസുരക്ഷയുടെ അഭാവവുമാണ്. ഈ വര്‍ഷം തുടക്കത്തില്‍ രാജ്യത്തെ ഗാര്‍ഹിക കടം ജിഡിപിയുടെ 23.9 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ 23.1 ശതമാനത്തെക്കാള്‍ കൂടുതലാണിത്. പുതിയ വായ്പകളുടെ ഭൂരിഭാഗവും സുരക്ഷിതമല്ലാത്ത, ദുര്‍ബലരായ താഴ്ന്ന വരുമാനക്കാരാണ് എടുത്തിരിക്കുന്നത്. ഈ വായ്പകളുടെ 33 ശതമാനം അവശ്യ ഉപഭോഗം, പലചരക്ക്, മരുന്ന്, സ്കൂള്‍ ഫീസ് എന്നിവയ്ക്കായി ചെലവഴിക്കുന്നു. അതേസമയം അറ്റ സാമ്പത്തിക സമ്പാദ്യം ജിഡിപിയുടെ 5.3 ശതമാനമായി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകള്‍ 25 ശതമാനം കൂടി. ഏറ്റവും ചെറിയ വായ്പകളില്‍ പോലും കുടിശിക കൂടിക്കൊണ്ടിരിക്കുകയാണ്. 2023 ഡിസംബര്‍ മുതല്‍ 24 ജൂണ്‍ വരെ 10,000 രൂപയില്‍ താഴെയുള്ള വ്യക്തിഗത വായ്പകളുടെ തിരിച്ചടവിലെ വീഴ്ച 44 ശതമാനം വര്‍ധിച്ചു. ഇതില്‍ നിന്ന് ഗാര്‍ഹിക വരുമാനം എത്രത്തോളം ദുര്‍ബലമാണെന്ന് വ്യക്തമാണ്. തിരിച്ചുപിടിക്കാനാകാത്ത ക്രെഡിറ്റ് കാര്‍ഡ് കടം വര്‍ഷന്തോറും 28.4 ശതമാനം വര്‍ധിച്ച് 2024 ഡിസംബറില്‍ 6,742 കോടിയിലെത്തി. കുടിശികയുള്ള ക്രെഡിറ്റ് കാര്‍ഡ് കടം ഇരട്ടിയിലധികമായി. വളര്‍ന്നുവരുന്ന ഈ പ്രതിസന്ധി കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ ധനമന്ത്രാലയം പരാജയപ്പെട്ടു. ഇക്കൊല്ലത്തെ കേന്ദ്രബജറ്റ് നികുതി പരിധി 12 ലക്ഷത്തിന് മുകളിലാക്കിയെങ്കിലും ഭവന വായ്പകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വിദ്യാഭ്യാസ വായ്പ എന്നിവയ്ക്ക് ഇളവുകള്‍ ക്ലെയിം ചെയ്യാന്‍ ഇത് അനുവദിക്കുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.