മുണ്ടത്തിക്കോട് സെന്ററില്‍ ക്രിസ്തുരാജ പള്ളിവക സ്ഥലത്തു സ്ഥാപിച്ചിരുന്ന രൂപക്കൂടിന്റെ ചില്ലു തകര്‍ത്ത് തിരുസ്വരൂപംകടത്തിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുക്കളായ രണ്ടുപേരെക്കൂടി മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു.
മുണ്ടത്തിക്കോട് പുലിക്കുന്നത്ത് വീട്ടില്‍ പ്രജീഷ് (48), ധനേഷ് (40) എന്നിവരാണു പിടിയിലായത്. നേരത്തേ സ്ഥലവാസിയായ നെടിയേടത്തു ഷാജിയെ (53) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ റിമാൻഡിലാണ്. സ്ഥലത്തുപൊലീസ് കാവല്‍ തുടരുന്നു. തിരുസ്വരൂപം ഷാജിയുടെ വീടിനു സമീപമുള്ള പറമ്പിലെ കുറ്റിക്കാട്ടില്‍ തല്ലിത്തകർത്ത് അഞ്ചു കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തി. ഇപ്പോള്‍ പിടിയിലായവരാണു തിരുസ്വരൂപം പൊലീസിനു കാണിച്ചുകൊടുത്തത്.
റിമാൻഡിലായ ഷാജിയുടെ മകനെയും കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും സംഭവത്തില്‍ പങ്കില്ലെന്നുകണ്ട് വിട്ടയച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ലോക്കഷനുകളും പരിശോധിച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തില്‍ കൂടുതല്‍പേര്‍ക്കു പങ്കുണ്ടോയെന്നും സംശയിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണു രൂപക്കൂടിന്റെ ചില്ലുതകർത്ത് ക്രിസ്തുരാജന്റെ തിരുസ്വരൂപം ഇളക്കിമാറ്റിയ നിലയില്‍ കണ്ടത്. ഷാജിയുടെ വീടിനു മുന്നിലായാണ് രൂപക്കൂട് സ്ഥാപിച്ചിരുന്നത്. അതു മാറ്റണമെന്ന് ഷാജിയും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ പേരില്‍ രൂപക്കൂട് മാറ്റണമെന്നാവശ്യപ്പെട്ട് ബോർഡും സ്ഥാപിച്ചിരുന്നു.
സംഭവത്തില്‍ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നുള്ള വകുപ്പുകളടക്കം ചേർത്താണു പൊലീസ് കേസെടുത്തിരിക്കുന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തിയിരുന്നു. സമാധാനസമ്മേളനവും സംഘടിപ്പിച്ചു. ഇതേസമയം, രൂപക്കൂടു തകർത്ത സംഭവവുമായി ഹിന്ദു ഐക്യവേദിക്കു ബന്ധമില്ലെന്നു ജില്ലാ സെക്രട്ടറി മുരളി പുതുശേരി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.