
രാത്രി വിദ്യാർത്ഥിനികളെ സ്റ്റോപ്പിൽ ഇറക്കാത്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിക്ക് സാധ്യത. സംഭവത്തെ സംബന്ധിച്ച് മന്ത്രി ഗണേഷ് കുമാർ ഇന്ന് റിപ്പോർട്ട് തേടിയേക്കും. ചാലക്കുടിയിൽ ഇന്നലെ രാത്രിയിലാണ് രണ്ട് പെൺകുട്ടികൾക്ക് ദുരനുഭവം നേരിട്ടത്. സംഭവത്തെ സംബന്ധിച്ച് വിദ്യാർത്ഥിനികൾ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസിൽ അങ്കമാലിയിൽനിന്ന് കയറിയ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർത്ഥിനികളോടായിരുന്നു ജീവനക്കാരുടെ ക്രൂരത.
കൊരട്ടിക്ക് അടുത്ത് പൊങ്ങത്ത് ബസ് നിർത്താൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറും കണ്ടക്ടറും തയാറായില്ലെന്നാണ് പരാതി. ഇടുക്കി സ്വദേശി ഐശ്വര്യ എസ് നായർ, പത്തനംതിട്ട സ്വദേശി ആൽഫ പി ജോർജ് എന്നിവർ പഠനാവശ്യത്തിനായി എറണാകുളത്ത് പോയി മടങ്ങുമ്പോഴാണ് ബസിൽ കയറിയത്. ഇവർക്ക് ഇറങ്ങേണ്ടത് കൊരട്ടിക്കടുത്തുള്ള പൊങ്ങത്തായിരുന്നു. അതിനായി കണ്ടക്ടറോടും ഡ്രൈവറോടും ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല.
സഹയാത്രക്കാർ പ്രതിഷേധം അറിയിച്ചിട്ടും ബസ് നിർത്താതായതോടെ അവർ തന്നെ കൊരട്ടി പൊലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്തി നൽകാമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്നു കുട്ടികൾ അറിയിച്ചു. ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലാണ് വിദ്യാർത്ഥിനികളെ ഇറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.