
കലയും കലാപവുമുള്ള മലയാളിയെ ലോക സിനിമയുടെ ലാവണ്യ കാഴ്ചകളിലൂടെ ആഗോള പൗരനാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 30-ാമത് പതിപ്പിന് ഇന്ന് തിരുവനന്തപുരത്ത് തിരശീല ഉയരും.
എട്ട് ദിവസം നഗരത്തിലെ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ കാണികൾക്ക് വിരുന്നാകും.
ഇന്ന് വൈകിട്ട് ആറിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിര്‍വഹിക്കും. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും. പലസ്തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമ്മൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമേൻ എന്നിവർ വിശിഷ്ടാതിഥികളാകും.
ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാർഷലിന് സാംസ്കാരിക മന്ത്രി സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സ്പാനിഷ് നടി ആഞ്ജല മോളിന, വിയറ്റ്നാമിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകന്‍ ബൂയി തക് ചുയെന്‍, അടൂർ ഗോപാലകൃഷ്ണൻ, ഡോ. ജയതിലക്, ഡോ. ദിവ്യ എസ് അയ്യർ, കമൽ, ബീന പോള്‍, രാജീവ് നാഥ്, ടി കെ രാജീവ് കുമാർ, കെ മധു, സി അജോയ്, സോഹൻ സീനുലാൽ, മധുപാൽ, അനിൽ തോമസ് എന്നിവർ പങ്കെടുക്കും. ഉദ്ഘാടനശേഷം പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി ആൻ മേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ പ്രദർശിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.