31 January 2026, Saturday

Related news

January 31, 2026
January 20, 2026
November 5, 2025
August 2, 2025
July 21, 2025
February 15, 2025
September 18, 2024
July 31, 2024
April 12, 2024
April 11, 2024

‘ദ കേരള സ്റ്റോറി 2’ വിദ്വേഷം പടർത്താനുള്ള ആസൂത്രിത നീക്കം; കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ

Janayugom Webdesk
തിരുവനന്തപുരം
January 31, 2026 9:39 pm

വർഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസിനെ മുറിവേല്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ദ കേരള സ്റ്റോറി’ എന്ന പ്രൊപ്പഗാണ്ട സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവന്ന പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതും നുണകൾ മാത്രം ഉല്പാദിപ്പിക്കുന്നതുമായ സംഘ്പരിവാർ ഫാക്ടറിയുടെ മറ്റൊരു ഉല്പന്നം മാത്രമാണിതെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച് ലോകത്തിന് മുന്നിൽ അപമാനിക്കാനാണ് സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടും ശ്രമിക്കുന്നത്. 

ലവ് ജിഹാദ് പോലുള്ള വ്യാജ ആരോപണങ്ങളെ ആവർത്തിച്ചും വിദ്വേഷം പടർത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം ആസൂത്രിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് നാടിനെ ധ്രുവീകരിക്കാനോ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനോ ഉള്ള ലൈസൻസല്ലെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. അന്വേഷണ ഏജൻസികളും കോടതികളും പലതവണ തള്ളിക്കളഞ്ഞ വാദങ്ങളെ സത്യമെന്നോണം എഴുന്നള്ളിക്കുന്നത് രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണ്. വർഗീയ വിഷവിത്തുകൾ വിതച്ച് നേട്ടം കൊയ്യാനുള്ള ഇത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സജി ചെറിയാൻ പ്രസ്താവനയിലൂടെ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.