5 January 2025, Sunday
KSFE Galaxy Chits Banner 2

സഹകരണത്തിന്റെ ‘കേരള’ കരുത്ത്

കടകംപള്ളി സുരേന്ദ്രൻ
എംഎല്‍എ
November 30, 2024 4:45 am

2024 നവംബർ 29ന് കേരള ബാങ്ക് നിലവിൽ വന്നിട്ട് അഞ്ച് വർഷം പൂർത്തിയായി. മുന്‍ എല്‍ഡിഎഫ് സർക്കാർ അധികാരമേറ്റ 2016 മുതൽ മൂന്ന് വർഷത്തിലേറെക്കാലം സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തിയ തീവ്രമായ പരിശ്രമങ്ങൾക്കൊടുവിലാണ് 2019 നവംബർ 29ന് കേരള ബാങ്ക് യാഥാർത്ഥ്യമായത്. 

ബാങ്കിങ് രംഗത്ത് ലയന നടപടികളുടെ ഭാഗമായി സാധാരണ ഉണ്ടാകുന്ന ബഹുവിധ പ്രശ്നങ്ങൾക്ക് പുറമെ പ്രളയവും കോവിഡ് മഹാമാരിയും സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ച കാലയളവിൽ 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് ഒരു ഏകീകൃത സംവിധാനം രൂപീകരിക്കുക എന്ന കഠിന പ്രയത്നമാണ് ഏറ്റെടുക്കേണ്ടി വന്നത്. പുതിയ ബാങ്കിനും ബ്രാഞ്ചുകൾക്കുമുള്ള റിസർവ് ബാങ്ക് ലൈസൻസ്, ജീവനക്കാരുടെ സംയോജനം, അഞ്ച് വ്യത്യസ്ത കോർ ബാങ്കിങ് പ്ലാറ്റ് ഫോമുകളുടെ ഏകീകരണം, റിസർവ് ബാങ്ക് മാനദണ്ഡ പ്രകാരമുള്ള മൂലധന പര്യാപ്തത എന്നിങ്ങനെ വളരെ സങ്കീർണമായ ദൗത്യങ്ങൾ ഒന്നൊന്നായി പൂർത്തീകരിക്കാൻ മൂന്ന് വർഷത്തോളം വേണ്ടിവന്നു. തുടക്കത്തിൽ കേരള ബാങ്കിൽ ലയിക്കുന്നതിൽ നിന്നും വിട്ടുനിന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിയമ നിർമ്മാണത്തിലൂടെ കേരള ബാങ്കിൽ സംയോജിപ്പിച്ചത് 2023 ജനുവരിയിലാണ്. അങ്ങനെ കഴിഞ്ഞ അഞ്ച് വർഷമെന്നത് സൂക്ഷ്മമായി പരിശോധിച്ചാൽ കേരള ബാങ്ക് എന്ന കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷെഡ്യൂൾഡ് ബാങ്ക് മുന്നോട്ടുള്ള കുതിപ്പിനെക്കാൾ ശ്രദ്ധ കേന്ദ്രീകരിച്ചത് അതിന്റെ സ്ഥിരതയും ഭദ്രതയും ഉറപ്പാക്കുന്നതിലാണെന്ന് കാണാം. 

ഇക്കാലയളവില്‍ ബാങ്കിന്റെ തനത് ഫണ്ടിലും നിക്ഷേപത്തിലും വായ്പയിലും മൊത്തം ബിസിനസിലും ക്രമാനുഗതമായ വളർച്ചയുണ്ടായി. 1,16,582 കോടി രൂപയുടെ മൊത്തം ബിസിനസ് നേടാൻ കഴിഞ്ഞു. നബാർഡിൽ നിന്നുമുള്ള പുനർവായ്പയാണ് ബാങ്കിന്റെ പ്രധാന കടമെടുപ്പ്. 2024 മാർച്ച് 31 പ്രകാരം 13,000 കോടി രൂപയിലധികം ഈയിനത്തിലുണ്ട്. കേരള ബാങ്ക് രൂപീകരണത്തിന് മുമ്പ് കേരളത്തിന് ഈയിനത്തിൽ ലഭിക്കുമായിരുന്ന സംഖ്യ 3,000 കോടി രൂപയിൽ താഴെയാണ്. ഇതാണ് നാല് മടങ്ങായി വർധിച്ചത്. കേരളത്തിലെ കർഷകരിലേക്കും സാധാരണക്കാരിലേക്കും അത്രയും പണം കൂടുതലായി എത്തിച്ചേർന്നു എന്നതാണ് നേട്ടം. ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയിൽ വലിയ കുറവ് വന്നു. രൂപീകരണ ശേഷമുള്ള അഞ്ച് സാമ്പത്തിക വർഷങ്ങളിലും പ്രവർത്തന ലാഭം നേടി. 2024 മാർച്ച് 31ല്‍ ബാങ്കിന്റെ മൂലധന പര്യാപ്തത 10.18 ശതമാനം ആണ്. ഒമ്പത് ശതമാനമാണ് റിസർവ് ബാങ്ക് മാനദണ്ഡപ്രകാരം ആവശ്യമുള്ള മൂലധന പര്യാപ്തത. 

എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതും ആധുനിക ബാങ്കിങ് സേവനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതും സഹകരണ മൂല്യങ്ങളിലധിഷ്ഠിതവുമായ ഒരു പ്രൊഫഷണൽ ബാങ്ക് എന്നതായിരുന്നു ബാങ്ക് രൂപീകരണത്തിനായി മുന്നോട്ടുവച്ച ലക്ഷ്യങ്ങളിലൊന്ന്. ബാങ്കിന് ഇപ്പോൾ 75 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. അതായത്, ബാങ്ക് അക്കൗണ്ടിന് യോഗ്യതയുള്ള സംസ്ഥാനത്തെ ജനങ്ങളിൽ മൂന്നിലൊരാൾക്ക് കേരള ബാങ്കിൽ അക്കൗണ്ട് ഉണ്ട്. കർഷകരും, സാധാരണക്കാരും, തൊഴിലാളികളും, വനിതകളുമാണ് കൂടുതലുള്ളത്. എല്ലാവിഭാഗം ജനങ്ങൾക്കും ആധുനിക ബാങ്കിങ് സേവനങ്ങൾ നൽകാൻ കഴിയുന്ന രീതിയിൽ, സാങ്കേതിക സംവിധാനങ്ങൾ മറ്റേതൊരു ബാങ്കിനോടും കിടപിടിക്കുന്ന രീതിയിലേക്ക് ഉയർത്തുന്നതിനും കഴിഞ്ഞിട്ടുണ്ട്.
കേരള ബാങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ യാതൊരു ചാർജുകളുമില്ലാതെ ആരംഭിക്കാൻ കഴിയും. മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏതൊരു സേവനത്തിനും വളരെ ചുരുങ്ങിയ ചാർജുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സഹകരണ മൂല്യങ്ങളിലധിഷ്ഠിതമായ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മുൻവർഷങ്ങളിൽ ബാങ്ക് പാവപ്പെട്ടവരും വിവിധങ്ങളായ കഷ്ടത അനുഭവിക്കുന്നവരുമായവരുടെ വായ്പകളിൽ 200 കോടിയിലധികം രൂപയുടെ ഒറ്റത്തവണ തീർപ്പാക്കൽ അനുവദിച്ചതും, വയനാട് ദുരന്തത്തിൽ വീടും സ്ഥലവും ജീവിത മാർഗങ്ങളും നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളിയതും അത്യന്തം ശ്ലാഘനീയമായ നടപടികളായിരുന്നു. 

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെയും ബാങ്കിനെയും ഒരു സോഫ്റ്റ്‌വേര്‍ നെറ്റ്‌വർക്കിലൂടെ ബന്ധിപ്പിച്ചുകൊണ്ട് ഏകീകൃത സഹകരണ ബാങ്കിങ് സേവന ശൃംഖല രൂപീകരിക്കുകയും 5,000 ബിസിനസ് ടച്ച് പോയിന്റുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു മറ്റൊരു ഉദ്ദേശ ലക്ഷ്യമായിരുന്നത്. പിഎസിഎസ്‌കളുടെ സോഫ്റ്റ്‌വേർ ഏകീകരണ നടപടികൾ സഹകരണ സംഘം രജിസ്ട്രാറുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. പൂർത്തീകരിക്കുന്ന മുറയ്ക്ക് കേരള ബാങ്കുമായി ഒരു ഇന്റർഫേസിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകുമെന്ന് കരുതുന്നു. 

സഹകരണ മേഖലയിലൂടെ ശേഖരിക്കുന്ന വിഭവങ്ങൾ നമ്മുടെ നാടിന്റെ വികസനത്തിനായി വിനിയോഗിക്കുക എന്നതായിരുന്നു മൂന്നമത്തെ ലക്ഷ്യം. നിലവിൽ ബാങ്കിന്റെ വായ്പാ — നിക്ഷേപ അനുപാതം 75 ശതമാനമാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകളെ താരതമ്യം ചെയ്യുമ്പോൾ ഇത് ഏറ്റവും ഉയർന്ന നിലവാരമാണ്. കാർഷിക ഉല്പാദനം, കാർഷിക അനുബന്ധ മേഖലകൾ, ഉല്പന്നങ്ങളുടെ മൂല്യവർധന തുടങ്ങിയ മേഖലകൾക്കാവശ്യമായ വായ്പാ പിന്തുണ നൽകുക, മൊത്തം വായ്പയുടെ കുറഞ്ഞത് 40 ശതമാനമെങ്കിലും ഈ ആവശ്യങ്ങൾക്കായി വിനിയോഗിക്കുക എന്നതായിരുന്നു പ്രധാനപ്പെട്ട മറ്റൊരു ലക്ഷ്യം. ഇതിൽ വളരെയേറെ മുന്നേറാൻ ബാങ്കിന് കഴിഞ്ഞു. മൊത്തം വായ്പ 50,000 കോടി രൂപയിലേക്ക് അടുക്കുകയാണ്. ഇതിൽ 25 ശതമാനം കാർഷികവായ്പകളാണ്. ഈ വർഷം അവസാനിക്കുമ്പോഴേക്കും ഇത് 33 ശതമാനത്തിലേക്ക് ഉയർത്തുന്നതിനാണ് ബാങ്ക് പദ്ധതിയിട്ടിട്ടുള്ളത്. 

കാർഷികോല്പന്നങ്ങളുടെ മൂല്യവർധനയ്ക്ക് നബാർഡിൽ നിന്നുള്ള അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പ്രയോജനപ്പെടുത്തി ഒരു ശതമാനം പലിശ നിരക്കിൽ 201 കോടിയുടെ 151 പദ്ധതികളാണ് ബാങ്ക് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കായി അനുവദിച്ചു നൽകിയത്. ഇതിലൂടെ നെല്ല്, നാളികേരം, കാപ്പി, തേയില, പച്ചക്കറികൾ, കിഴങ്ങുവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവയുടെ സംഭരണവും സംസ്കരണവും കയറ്റുമതി ഉൾപ്പടെയുള്ള വിപണനവും കേരളത്തിലെ സഹകരണ മേഖലയിലൂടെ നടന്നുവരികയാണ്. നബാർഡ് പുനർവായ്പ പരമാവധി പ്രയോജനപ്പെടുത്തി കുറഞ്ഞ പലിശ നിരക്കിൽ കർഷകർക്കാവശ്യമായ വായ്പ ലഭ്യമാക്കുക എന്നതും ബാങ്കിന്റെ ലക്ഷ്യമായിരുന്നു. 

കാർഷിക മേഖലയിൽ വലിയ ഇടപെടൽ തന്നെ ബാങ്ക് നടത്തുകയുണ്ടായി. ബാങ്ക് രൂപീകരണത്തിന് മുമ്പ് നാല് ശതമാനം പലിശ നിരക്കിലാണ് കർഷകർക്ക് കിസാൻ ക്രെഡിറ്റ് വായ്പ അനുവദിച്ചിരുന്നത്. ജില്ലാ ബാങ്ക് എന്ന തലം ഇല്ലാതായതോടെ കിസാൻ ക്രെഡിറ്റ് വായ്പ മൂന്ന് ശതമാനംനിരക്കിലാണ് അനുവദിക്കുന്നത്. കേരളത്തിലെ കർഷകർക്ക് ഈയിനത്തിൽ ഉണ്ടാകുന്ന വാർഷിക നേട്ടം 50 കോടി രൂപയ്ക്ക് മുകളിലാണ്. 

എന്‍ആര്‍ഐ/എന്‍ആര്‍ഇ നിക്ഷേപം, ഫൊറെക്സ് വിനിമയം എന്നിവ സഹകരണ മേഖലയിലൂടെ നടപ്പാക്കി ഒരേ സമയം പ്രവാസി സമൂഹത്തിന് സേവനം നൽകുകയും, വിഭവങ്ങൾ സംസ്ഥാന വികസനത്തിനായുള്ള പദ്ധതികൾക്കായി വിനിയോഗിക്കുകയും ചെയ്യുക എന്നത് മുന്നോട്ടുവച്ച ഒരു ലക്ഷ്യമാണ്. എന്നാൽ ഈ രംഗത്തേക്ക് കടക്കാൻ ബാങ്കിന് നാളിതുവരെ കഴിഞ്ഞിട്ടില്ല. ഇതിന് റിസർവ് ബാങ്ക് ലൈസൻസ് ലഭിക്കണമെങ്കിൽ നിഷ്ക്രിയ ആസ്തി (എന്‍പിഎ) ഏഴ് ശതമാനത്തിന് താഴെ എത്തണം. നിലവിൽ എന്‍പിഎ 11 ശതമാനത്തിന് മുകളിലാണ്. 

വിദ്യാർത്ഥികൾക്ക് പ്രത്യേക നിക്ഷേപ പദ്ധതി, സ്വദേശത്തും വിദേശത്തുമുള്ള പഠനത്തിന് വായ്പ, യുവജനങ്ങൾക്ക് ചെറുകിട — സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള എംഎസ്എംഇ വായ്പകൾ എന്നിവയെല്ലാം ആകർഷകമായ രീതിയിൽ നടപ്പാക്കുന്നതിന് ബാങ്കിന് കഴിഞ്ഞു. 

നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും ചില കുറവുകളും ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല. ബാങ്കിന്റെ സഞ്ചിത നഷ്ടം മൂലം വിഭാവനം ചെയ്ത രീതിയിൽ പിഎസിഎസുകൾക്ക് ഡിവിഡന്റ് നൽകുന്നതിന് കഴിഞ്ഞിട്ടില്ല എന്നത് പരിഹരിക്കപ്പെടേണ്ടതു തന്നെയാണ്. പിഎസിഎസ് ഇതര വിഭാഗം സംഘങ്ങൾ കേരള ബാങ്കുമായുള്ള ഇടപാടുകളിൽ പൂർണ തൃപ്തരല്ല എന്നതും പരിശോധിക്കപ്പെടണം. 2019 മുതൽ ബാങ്കിൽ പുതിയ റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. പല ബ്രാഞ്ചുകളും ശുഷ്കമായാണ് പ്രവർത്തിക്കുന്നത്. 1500ലധികം ജീവനക്കാരുടെ കുറവുണ്ട്. മാത്രല്ല, ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുന്നതിലും കുറവു വന്നിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണം. 

ജില്ലാ സഹകരണ ബാങ്കുകൾ ഇല്ലാതായതുമൂലം കേരളത്തിലെ സഹകരണ മേഖല വലിയ പ്രയാസം നേരിടുന്നു എന്ന തരത്തിൽ ഇപ്പോഴും ഒറ്റപ്പെട്ട പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അത് തെറ്റാണ്. സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റം, മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ വ്യാപനം, കേരളത്തിലെ സഹകരണ മേഖലയെ ദുർബലപ്പെടുത്തുന്നതിനുള്ള ഇഡി, ആദായനികുതി വകുപ്പുകളുടെ അമിതാധികാര ഇടപെടലുകൾ, ഒറ്റപ്പെട്ടതെങ്കിലും നമ്മുടെ സഹകരണ സംഘങ്ങളിൽ നടന്ന ക്രമക്കേടുകൾ എന്നിവയെല്ലാം ചേർന്ന് ഒട്ടേറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വേളയിൽ കേരള ബാങ്ക് പോലുള്ള ശക്തമായ സഹകരണ ധനകാര്യ സ്ഥാപനം ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ ജനകീയ ബാങ്കിങ് മേഖല തകർച്ചയിലേക്ക് വഴിമാറിയേനെ എന്നതാണ് യാഥാർത്ഥ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.