23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

കിവീസിനെ പറപ്പിച്ചു; ആദ്യ ടി20യില്‍ ഇന്ത്യക്ക് 48 റണ്‍സ് ജയം

Janayugom Webdesk
January 21, 2026 11:07 pm

ന്യൂസിലാൻഡിനെതിരായ ഒ­ന്നാം ടി20 ക്രിക്കറ്റ് മത്സരത്തില്‍ വിജയത്തോടെ തുടങ്ങി ഇന്ത്യ. 48 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർ അഭിഷേക് ശർമ്മയും അവസാന ഓവറുകളിൽ റിങ്കു സിങ്ങും തകർത്താടിയപ്പോൾ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 238 റൺസെടുത്തു. മറുപടി ബാറ്റി­ങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നി­ലെത്തി. വമ്പന്‍ വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ നന്നെ തകര്‍ച്ച നേരിട്ടു. സ്കോര്‍ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ ഡെവോണ്‍ കോണ്‍വെയെ അര്‍ഷദീപ് സിങ് പുറത്താക്കി. തൊട്ടുപിന്നാലെ മൂന്നാമനായെത്തിയ രചിന്‍ രവീന്ദ്രയും (ഒന്ന്) മടങ്ങി. 40 പന്തില്‍ 78 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന്റെ ടോപ് സ്കോറര്‍. മാര്‍ക്ക് ചാപ്മാന്‍(39), ഡാരില്‍ മിച്ചല്‍ (28) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍. ഇന്ത്യ­ക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെ യും വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇ­ന്ത്യക്ക് തുടക്കത്തിൽ സഞ്ജു സാംസൺ (10), ഇഷാൻ കിഷൻ (8) എന്നിവരെ വേഗത്തിൽ നഷ്ടമായിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഭിഷേക് ശർമ്മയും നായകൻ സൂര്യകുമാർ യാദവും ചേർന്ന് കിവീസ് ബൗളർമാരെ നിലംപരിശാക്കി. വെറും 35 പന്തിൽ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറുമടക്കം 84 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. സൂര്യകുമാറുമായി (32) ചേർന്ന് 47 പന്തിൽ 99 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും അഭിഷേകിനായി. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി റൺസ് കണ്ടെത്താൻ വിഷമിച്ചിരുന്ന നായകൻ സൂര്യകുമാർ യാദവ് 22 പന്തിൽ 32 റൺസെടുത്ത് ഫോമിലേക്കുള്ള സൂചന നൽകി. 11-ാം ഓവറിൽ മിച്ചൽ സാന്റ്‌നറാണ് സൂര്യയെ പുറത്താക്കിയത്. 

പിന്നാലെ അഭിഷേകും പുറത്തായതോടെ സ്കോറിങ് നേഗത അല്പം താഴ്ന്നുവെങ്കിലും റിങ്കു സിങ്ങിന്റെ വരവ് കാര്യങ്ങൾ മാറ്റിമറിച്ചു.
അവസാന ഓവറുകളിൽ ക്രീസിലെത്തിയ റിങ്കു സിങ് ഒരിക്കൽ കൂടി തന്റെ ഫിനിഷിങ് മികവ് പുറത്തെടുത്തു. വെറും 20 പന്തുകൾ നേരിട്ട റിങ്കു മൂന്ന് സിക്‌സും നാല് ഫോറുമടക്കം 44 റൺസോടെ പുറത്താകാതെ നിന്നു. ഡാരിൽ മിച്ചൽ എറിഞ്ഞ അവസാന ഓവറിൽ മാത്രം 21 റൺസാണ് റിങ്കു അടിച്ചെടുത്തത്. ഹാർദിക് പാണ്ഡ്യ (25) ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ ശിവം ദുബെ (9) നിരാശപ്പെടുത്തി. ന്യൂസിലാന്‍ഡിനായി ജേക്കബ് ഡഫിയും കൈല്‍ ജാമിസണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.