മലയാളികളുടെ കാർഷിക ‑വിളവെടുപ്പ് ഉത്സവമായ വിഷു ഇന്ന്. ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും വിഷു ദിനത്തിൽ മലയാളികൾ വിഷുക്കണി കണ്ടുണരും. വിഷുക്കണി, വിഷു കൈനീട്ടം, വിഷു സദ്യ എന്നിവയെല്ലാമായി ആഘോഷം പൊടിപൊടിക്കും. ക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക വിഷു ആഘോഷങ്ങളുണ്ട്. പല ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കും. വിഷുവിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലായിരുന്നു ഇന്നലെ നാടും നഗരവും. വിഷുത്തലേന്ന് ഞായറാഴ്ച സാധനങ്ങൾ വാങ്ങാനും മറ്റുമായി ആളുകൾ കുടുംബസമേതം നഗരത്തിലേക്കെത്തിയതോടെ നഗരം തിരക്കിമലർന്നു. നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവിലും പാളയത്തുമെല്ലാം നല്ല തിരക്കാണ് ഇന്നലെ വൈകീട്ട് അനുഭവപ്പെട്ടത്. വലിയ തോതിൽ വാഹനങ്ങൾ എത്തിയതോടെ പലപ്പോഴും നഗരം ഗതാഗതക്കുരുക്കിലമർന്നു.
തുണിക്കടകളിലായിരുന്നു ഇന്നലെ വലിയ തിരക്ക്. കൊന്നപ്പൂക്കളുടെ ചിത്രം പതിച്ച വസ്ത്രങ്ങളായിരുന്നു ഇത്തവണത്തെ പ്രത്യേകത. കണിക്കൊന്നയുടെ പ്രിന്റ് വരുന്ന സെറ്റ് സാരികൾക്കും സെറ്റ് മുണ്ടുകൾക്കും പാവടയ്ക്കുമെല്ലാം ആവശ്യക്കാർ ഏറെയായിരുന്നു. കണിവെള്ളരിയും കൃഷ്ണവിഗ്രഹങ്ങളും ഉൾപ്പെടെ കണിവെക്കാനുള്ള സാധനങ്ങൾക്കും ഡിമാന്റ് ഏറെയായിരുന്നു. കണിവെള്ളരിയും മാങ്ങയും ചക്കയുമെല്ലാം വിപണിയിൽ ലഭ്യമായിരുന്നു. മനോഹരമായ മയിൽപ്പീലികളും വിപണിയിലുണ്ടായിരുന്നു. നാടുനീളെ കൊന്ന പൂത്തതിനാൽ കണിക്കൊന്ന പൂക്കൾക്ക് ഇത്തവണ ക്ഷാമമുണ്ടായിരുന്നില്ല. വിഷുവിനെ വരവേൽക്കാൻ നേരത്തെ തന്നെ കണിക്കൊന്നകൾ പൂവണിഞ്ഞിരുന്നു. പലപ്പോഴും വിഷു ആകുമ്പോഴേക്ക് പൂക്കൾ കൊഴിഞ്ഞുപോവാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ വിഷു ദിനത്തിലും കൊന്ന മരങ്ങൾ പൂത്തുലഞ്ഞ് തന്നെ നിൽക്കുകയാണ്. വിഷുത്തലേന്ന് വിപണിയിലെത്തിയ കൊന്നപ്പൂക്കൾക്ക് 30 രൂപയായിരുന്നു വില. പ്ലാസ്റ്റിക് കണിക്കൊന്നയും പതിവുപോലെ ഇത്തവണയും ഉണ്ടായിരുന്നു. ദീർഘകാലം ഉപയോഗിക്കാൻ കഴിയുന്ന ചൈനയിൽ നിന്നുള്ള ഇത്തണം പ്ലാസ്റ്റിക് കൊന്നകൾക്കും ആവശ്യക്കാർ ഏറെയായിരുന്നു.
വിഷു കഴിഞ്ഞാലും അലങ്കാരമായി ഉപയോഗിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. കുടുംബശ്രീയുടെയും മറ്റ് കർഷക സംഘടനകളുടെയും നേതൃത്വത്തിൽ ജില്ലയിൽ കണിവെള്ളരി കൃഷി നടത്തിയിരുന്നു. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, അലക്കിയ മുണ്ടും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും കൃഷ്ണ വിഗ്രവുമെല്ലാം വെച്ചാണ് വിഷുക്കണി ഒരുക്കുക.
നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവുമായി സപ്ലൈകോ, കൺസ്യൂമർ ഫെഡ് വിഷു — ഈസ്റ്റർ ചന്തകൾ തുറന്നതിനാൽ സാധാരണക്കാർക്ക് കാശ കാലിയാവാത്ത ആഘോഷമാണ് ഇത്തവണ വിഷുവും ഈസ്റ്ററുമെല്ലാം. പൊതുവിപണിയേക്കാൾ വലിയ വിലക്കുറവിലാണ് ചന്തകളിൽ സാധനങ്ങൾ ലഭ്യമാക്കുന്നത്. ജില്ലയിൽ വടകര, കൊടുവള്ളി, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലായി നാലു കേന്ദ്രങ്ങളിലാണ് സപ്ലൈകോ ചന്തകൾ. വടകര സൂപ്പർ മാർക്കറ്റ്, താമരശ്ശേരി സൂപ്പർമാർക്കറ്റ്, കൊയിലാണ്ടി സൂപ്പർ മാർക്കറ്റ്, കോഴിക്കോട് കോവൂർ സൂപ്പർ മാർക്കറ്റ് എന്നിവടങ്ങളിലാണ് ചന്തകൾ പ്രവർത്തിക്കുന്നത്. 13 ഇന സബ്സിഡി സാധനങ്ങളാണ് സപ്ലൈകോയുടെ ചന്തയിലുള്ളത്. രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാണ് ചന്തകളുടെ പ്രവർത്തന സമയം. 19 ന് സമാപിക്കും.
ജില്ലയിൽ താമരശ്ശേരി, ബാലുശ്ശേരി, ചക്കിട്ടപ്പാറ, കൊയിലാണ്ടി, വടകര, മേപ്പയിൽ റോഡ്, കക്കട്ടിൽ, നാദാപുരം, നടക്കാവ്, പാറോപ്പടി, ഈസ്റ്റ്ഹിൽ, മുതലക്കുളം, പേരാമ്പ്ര, ഒഞ്ചിയം സൂപ്പർ മാർക്കറ്റുകളിലാണ് കൺസ്യൂമർ ഫെഡ് ചന്തകൾ പ്രവർത്തിക്കുന്നത്. 22 വരെ ചന്തയിലെത്തി സാധനങ്ങൾ വാങ്ങാം. 13 നിത്യോപയോഗ സാധനങ്ങൾക്ക് പൊതുവിപണിയേക്കാൽ 30 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. വിപണിയിൽ പച്ചക്കറി വില താരതമ്യേന കുറവാണെന്നതും മറ്റൊരാശ്വാസമായിരുന്നു.
ഉത്പാദനം കൂടിയതിനാൽ ആവശ്യത്തിന് പച്ചക്കറികൾ വിപണിയിലെത്തി. വിഷുവിനോടനുബന്ധിച്ച് പ്രത്യേക ഡിസ്ക്കൗണ്ടോടെ ആരംഭിച്ച ഖാദി- കൈത്തറി മേളകളും ആളുകളെ ആകർഷിച്ചു. റെക്കോർഡ് കളക്ഷൻ നേടിയ എമ്പുരാന് പിന്നാലെ വിഷു റിലീസ് ചിത്രങ്ങളും മികച്ച പ്രതികരണം സ്വന്തമാക്കുന്നത് സിനിമാ മേഖലയ്ക്കം ഉണർവ് പകരുന്നുണ്ട്. എമ്പുരാൻ, ബസൂക്ക, ആലപ്പുഴ ജിംഖാന, മരണമാസ് തുടങ്ങിയ ചിത്രങ്ങൾക്കെല്ലാം നല്ല തിരക്കാണ് തിയേറ്ററുകളിൽ അനുഭവപ്പെടുന്നത്. തമിഴ് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയ്ക്കും നല്ല തിരക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.