
സംസ്ഥാനത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ വഴി ഫാർമസിസ്റ്റ് രജിസ്ട്രേഷനെടുക്കുന്ന സംഘം സജീവം. മറ്റ് സംസ്ഥാനങ്ങളിലെ ഫാർമസി കോളജുകളുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സംസ്ഥാന ഫാർമസി കൗൺസിൽ വഴി രജിസ്ട്രേഷൻ നടത്തിയാണ് തട്ടിപ്പ്.
ഫാർമസി ആക്ടിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്താത്തതിനെത്തുടർന്നാണ് വ്യാജ സർട്ടിഫിക്കറ്റുമായി ഫാർമസിസ്റ്റുകൾ സംസ്ഥാനത്ത് വിലസുന്നത്. ഡി ഫാം, ബി ഫാം, എം ഫാം കോഴ്സുകൾക്ക് തിയറിയും പ്രാക്ടിക്കലും ഇടകലർന്നുള്ള സിലബസാണുള്ളത്. പരീക്ഷയ്ക്ക് മുമ്പ് ഒരുമാസം തുടർച്ചയായി പ്രാക്ടിക്കൽ ചെയ്യാറുണ്ടെന്നാണ് വ്യാജ സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നവരുടെ വാദം. എന്നാൽ ഓരോ തിയറി ഭാഗത്തെയും ആസ്പദമാക്കി നടത്തുന്ന പ്രാക്ടിക്കലും വൈവയും ഒറ്റയടിക്ക് നടത്തിയെന്നത് ബാലിശമായ വാദമാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
അന്യസംസ്ഥാനത്ത് നിന്നുള്ള സർട്ടിഫിക്കറ്റുമായി വരുന്നവർ കേരളത്തിൽ പ്രവർത്തിക്കുന്നതിന് മുമ്പ് നിയമപരമായ യോഗ്യതാപരിശോധന സർക്കാർ മെഡിക്കൽ കോളജ് ലാബിൽ നടത്തണമെന്നാണ് ആവശ്യം. 1948ൽ തയ്യാറാക്കിയ നിയമത്തിൽ 74വർഷങ്ങൾ കഴിഞ്ഞിട്ടും കാലാനുസൃതമായ മാറ്റം വരാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
അന്യസംസ്ഥാനങ്ങളിലെ തട്ടിപ്പ് കോളജുകളിൽ നിന്നും പണം കൊടുത്ത് തരപ്പെടുത്തുന്ന സർട്ടിഫിക്കറ്റിന് ആ സംസ്ഥാനത്ത് തന്നെ ആദ്യം രജിസ്ട്രേഷൻ വാങ്ങുകയും പിന്നീട് ട്രാൻസ്ഫർ രീതിയിൽ കേരള ഫാർമസി കൗൺസിലിൽ നിന്ന് രജിസ്ട്രേഷൻ വാങ്ങിയെടുക്കുന്നതുമായ രീതി നിയമം മൂലം തടയണമെന്നാണ് ആവശ്യം ഉയരുന്നത്. ഇങ്ങനെ വ്യാജമായി രജിസ്ട്രേഷൻ നേടിയ പലരും ഫാർമസിസ്റ്റായി സംസ്ഥാനത്തിനകത്തും പുറത്തും ജോലി ചെയ്യുന്നുണ്ട്.
അംഗീകൃത ഫാർമസിസ്റ്റുകൾക്ക് മാത്രമാണ് ആശുപത്രികളിലും സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലുമടക്കം മരുന്ന് വിതരണം നടത്താനുള്ള അംഗീകാരം. എന്നാൽ ഇത് പാലിക്കാതെ പലരും കുറുക്കുവഴി സ്വീകരിക്കാറുണ്ട്. അംഗീകൃത ഫാർമസിസ്റ്റിന് പകരം അവരുടെ സർട്ടിഫിക്കറ്റ് വാടകയ്ക്ക് വാങ്ങി ഭിത്തിയിൽ തൂക്കുന്ന സ്ഥാപനങ്ങളുമുണ്ട്.
English Summary: The law has not been amended for 75 years; Pharmacists are dealing with fake certificates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.