22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026

വഖഫ് നിയമഭേദഗതിക്കെതിരെ നിയമപോരാട്ടം മുറുകി

ആര്‍ജെഡിയും എപിസിആറും സുപ്രീം കോടതിയില്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
April 6, 2025 10:43 pm

വഖഫ് ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെ നിയമപോരാട്ടം മുറുകി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) അറിയിച്ചു. രാജ്യസഭാ എംപി മനോജ് ഝായും പാർട്ടി നേതാവ് ഫയാസ് അഹമ്മദുമാണ് പാർട്ടിക്കുവേണ്ടി ഹർജി സമർപ്പിക്കുക. ബിഹാറില്‍ നിന്നുള്ള കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 2024 ലെ വഖഫ് (ഭേദഗതി) ബില്ലിനായുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റിയിലും ജാവേദ് അംഗമായിരുന്നു. ഇത് കൂടാതെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയും എഎപി എംഎല്‍എ അമാനത്തുള്ള ഖാനും അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആര്‍) എന്ന സംഘടനയും ബില്ലിനെ എതിർത്ത് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. 

ജനാധിപത്യ, മതേതര ചട്ടക്കൂടിന്റെ അടിത്തറയായ ആമുഖ മൂല്യങ്ങള്‍ക്കൊപ്പം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25, 26, 300 എ എന്നിവയും നിയമം നേരിട്ട് ലംഘിക്കുന്നതായി എപിസിആര്‍ ഹര്‍ജിയില്‍ പറയുന്നു. നിയമം നിര്‍ദേശിക്കുന്ന സമൂല പരിഷ്കരണം അനാവശ്യമാണെന്ന് മാത്രമല്ല, മുസ്ലിം സമൂഹത്തിന്റെ മതപരമായ കാര്യങ്ങളില്‍ ആശങ്കാജനകമായ ഇടപെടലുമാണ് നടത്തുന്നത്. മുഹമ്മദ് നബിയുടെ കാലം മുതലുള്ള ഖുര്‍ആന്‍ പരാമര്‍ശങ്ങളിലും ഹദീസുകളിലും ആഴത്തില്‍ വേരൂന്നിയ ആചാരമായ വഖഫിന്റെ അടിസ്ഥാന ലക്ഷ്യത്തെ ഇത് ദുര്‍ബലപ്പെടുത്തുന്നെന്നും ചൂണ്ടിക്കാട്ടി. മതപരമായ സ്വയംഭരണത്തിനും സംസ്ഥാന മേല്‍നോട്ടത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥ നിയമം തടസപ്പെടുത്തുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ലീഗും സുപ്രീം കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു കഴിഞ്ഞദിവസം ഒപ്പുവച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. വിഷയത്തില്‍ എല്ലാ മത, സമുദായ, സാമൂഹിക സംഘടനകളുമായി ഏകോപിപ്പിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചു. നിയമനിര്‍മ്മാണം പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ പ്രചാരണം തുടരുമെന്നും എഐഎംപിഎല്‍ബി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.