21 May 2024, Tuesday

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളെ വെല്ലുവിളിച്ച് തമി‌ഴ്‌ പുലികൾ വിലസുന്നു

ബേബി ആലുവ
കൊച്ചി
August 17, 2021 9:03 pm

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളെ വെല്ലുവിളിച്ച് പഴയ ശ്രീലങ്കൻ നിരോധിത സംഘടനയായ തമിഴ് പുലികളുടെ പ്രവർത്തനം രാജ്യത്ത് തലപൊക്കുന്നതായി റിപ്പോർട്ടുകൾ. ആയുധങ്ങളും മയക്കുമരുന്നും കടത്തുന്ന ശ്രീലങ്കൻ സംഘത്തിലെ ചിലർ താമസിച്ചുവന്ന അങ്കമാലിയിലെ വീട് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എപ്രിൽ ആദ്യം വിഴിഞ്ഞം കടലിൽ, ശ്രീലങ്കയിൽ നിന്ന് ഇറാനിലേക്കു പോവുകയായിരുന്ന ബോട്ടിൽ നിന്ന് തീരദേശ സംരക്ഷണസേന ആയുധങ്ങളും ലഹരിമരുന്നുകളും പിടിച്ചെടുക്കുകയും ബോട്ടിലുണ്ടായിരുന്ന രണ്ടു ശ്രീലങ്കൻ സ്വദേശികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണമാണ് അങ്കമാലിക്കടുത്ത് ഇവർ താമസിച്ചിരുന്ന വാടക വീട്ടിലേക്കു നീണ്ടത്. ഇവർക്കുള്ള എൽടിടിഇ ബന്ധം തെളിയിക്കുന്ന പുസ്തകങ്ങളും ഡിജിറ്റൽ രേഖകളും മറ്റും ഇവിടെ നിന്നു പിടിച്ചെടുത്തു. ആയുധ — ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഇവിടെയാണ് നടന്നതെന്നാണ് നിഗമനം.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ ഉദാസീനത മുതലെടുത്ത് വ്യാജ പാസ്പോർട്ടും മറ്റു വ്യാജ തിരിച്ചറിയൽ രേഖകളുമായി കഴിഞ്ഞ ഒരു വർഷമായി ഇവർ ഇവിടെ തങ്ങി വരികയായിരുന്നു. ഇവർക്കു പുറമെ, കൂടുതൽ ശ്രീലങ്കക്കാർ ഈ താമസസ്ഥലവുമായി ബന്ധപ്പെട്ടിരുന്നതായും വിവരമുണ്ട്. പിടിയിലായവരുടെ സംഘത്തിൽപ്പെട്ട രണ്ടുപേർ നെടുമ്പാശ്ശേരിയിൽ വാടകയ്ക്കു താമസിച്ചിരുന്നതായും കണ്ടെത്തി. തമിഴ്‌നാട്ടിലെ ചില കേന്ദ്രങ്ങളിലും ഇവർക്കു വേരുകളുള്ളതായി വ്യക്തമായിട്ടുണ്ട്. ശ്രീലങ്ക വഴി നടക്കുന്ന ആയുധക്കടത്ത് പാക്കിസ്ഥാൻ, ഇറാൻ എ­ന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ടാന്നെന്നാണ് വിലയിരുത്തൽ.

ശ്രീലങ്കൻ പൗരന്മാർക്കും ബംഗ്ലാദേശികൾക്കും വ്യാജ യാത്രാ — തിരിച്ചറിയൽ രേഖകൾ നിർമ്മിച്ചു നല്കുന്ന സംഘങ്ങൾ തമിഴ് നാട്ടിലും കൊൽക്കത്തയിലും മറ്റും സജീവമാണെന്ന കാര്യം പരസ്യമാണ്. ഈ സംഘങ്ങളെ പൂട്ടുന്നതിനുള്ള ഫലപ്രദമായ നടപടികളൊന്നും അധികൃതരിൽ നിന്നുണ്ടാകുന്നില്ല എന്നതിനു തെളിവാണ് രാജ്യത്തെ ശ്രീലങ്കക്കാരുടെയും ബംഗ്ലാദേശികളുടെയും വർധിച്ചുവരുന്ന സാന്നിധ്യം. രാജ്യത്തെ മത്സ്യബന്ധന തുറമുഖങ്ങൾ കേന്ദ്രീകരിച്ചാണ് ആയുധങ്ങളും ലഹരിമരുന്നുകളും കടത്തുന്നവരുടെയും മനുഷ്യക്കടത്തു നടത്തുന്നവരുടെയും പ്രവർത്തനം. മൂന്നു വർഷം മുമ്പ് നടന്ന മുനമ്പം മനുഷ്യക്കടത്തോടെയാണ് ഇത്തരം പ്രവർത്തനങ്ങൾക്കു പിന്നിലെ ബംഗ്ലാദേശ് — ശ്രീലങ്കൻ ബന്ധം വ്യക്തമായത്.

Eng­lish sum­ma­ry; The LTTE is chal­leng­ing the Cen­tral Intel­li­gence Agency

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.