
വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് ക്ലബ്ബ് ജീവനക്കാരിയെ വെടിവെച്ച് കൊല്ലാൻ ശ്രമം. ഡിസംബർ 20ന് പുലർച്ചെ ഗുരുഗ്രാമിലെ എംജി റോഡിലുള്ള ക്ലബ്ബിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഡൽഹി സംഗം വിഹാർ സ്വദേശികളായ തുഷാർ (25), സുഹൃത്ത് ശുഭം (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി നജഫ്‌ഗഡ് സ്വദേശിയായ കല്പന(25) എന്ന യുവതിക്കാണ് വെടിയേറ്റത്. ആറുമാസം മുമ്പ് യുവതിയുമായി സൗഹൃദത്തിലായ തുഷാർ ഇവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ വിവാഹാഭ്യർത്ഥന യുവതി പലതവണ നിരസിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ ഡിസംബർ 19ന് രാത്രി സുഹൃത്തിനൊപ്പം ക്ലബ്ബിലെത്തിയ തുഷാർ വീണ്ടും വിവാഹാഭ്യർത്ഥന നടത്തുകയും യുവതി വിസമ്മതിച്ചതോടെ വെടിയുതിർക്കുകയുമായിരുന്നു.
ഒരു മാസം മുമ്പ് പ്രതി യുവതിയുടെ വീട്ടിലെത്തി കലഹമുണ്ടാക്കിയിരുന്നതായും പരാതിയിലുണ്ട്. വെടിയേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഉത്തർപ്രദേശിലെ ബറൗട്ടിലേക്ക് കടന്ന പ്രതികളെ ക്രൈം യൂണിറ്റ് സംഘമാണ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സെക്ടർ 29 പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.