
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫിലെ വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യുവില്‍ രണ്ടാംപാദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ ജയം. കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്കാണ് രക്ഷയായത്. ഇരുപാദ പോരില്‍ 6–2 എന്ന അഗ്രിഗെറ്റിലാണ് സിറ്റി തോല്‍വി വഴങ്ങിയത്.
കളിയിലുടനീളം എംബാപ്പെ അവരെ വട്ടം കറക്കുന്ന കാഴ്ചയായിരുന്നു. മത്സരമാരംഭിച്ച് നാലാം മിനിറ്റിൽ എംബാപ്പെ മാഞ്ചസ്റ്റർ സിറ്റിയുടെ വല കുലുക്കി. 33-ാം മിനിറ്റിൽ വീണ്ടും പന്ത് മാഞ്ചസ്റ്റർ സിറ്റിയുടെ വലയിലെത്തിച്ച് എംബാപ്പെ റയൽ മഡ്രിഡിന്റെ ലീഡുയർത്തി. 61-ാം മിനിറ്റിൽ ഹാട്രിക്ക് പൂർത്തിയാക്കി. ബോക്‌സിന്റെ വലതു മൂലയില്‍ നിന്നു താരം തൊടുത്ത ഉടനീളന്‍ ഷോട്ട് സിറ്റി ബോക്‌സിന്റെ ഇടത് മൂലയിലേക്ക് കയറുകയായിരുന്നു. ഗോണ്‍സാലസാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.
പിഎസ്ജിയുടെ ഗോള്‍മഴ കണ്ട മറ്റൊരു മത്സരത്തിനാണ് ചാമ്പ്യന്‍സ് ലീഗ് സാക്ഷ്യം വഹിച്ചത്. ബ്രെസ്റ്റിനെ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് പിഎസ്ജി തകര്‍ത്തത്. ഏഴ് വ്യത്യസ്ത താരങ്ങളാണ് ഏഴ് ഗോളും നേടിയത്. ജയത്തോടെ 10–0 അഗ്രിഗേറ്റില്‍ പിഎസ്ജി ആധിപത്യത്തോടെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ബ്രോഡിലി, വിച, വിറ്റിന, ഡിസെയർ ഡൗ, നോനോ മെന്റസ്, ഗോൺസാലോ റാമോസ്, സെന്നി മായലു എന്നിവരാണ് സ്കോറര്‍മാര്‍.
പിഎസ്‌വിയോട് പരാജയപ്പെട്ടതോടെ യുവന്റസിന്റെ പ്രീക്വാര്‍ട്ടര്‍ വാതിലുകള്‍ അടഞ്ഞു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്‌വിയുടെ ജയം. ഇരുപാദങ്ങളിലുമായി 4–3ന്റെ വിജയത്തോടെ പിഎസ്‌വി പ്രീക്വാര്‍ട്ടറിലേക്ക് കടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.