
രാജ്യത്തെ ദരിദ്രവിഭാഗങ്ങൾക്ക് റേഷൻ കടകൾ വഴി നൽകിവന്നിരുന്ന സമ്പുഷ്ടീകരിച്ച അരി വിതരണം കേന്ദ്രസർക്കാർ താൽക്കാലികമായി നിർത്തലാക്കി. വിളർച്ചയും (അനീമിയ) പോഷകാഹാരക്കുറവും പരിഹരിക്കാൻ എന്ന പേരില്‍ കോടിക്കണക്കിന് രൂപ ചിലവിൽ നടപ്പിലാക്കിയ പദ്ധതിയിൽ നിന്നുമാണ് ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ പിൻമാറ്റം.
പോഷക അരിയുടെ ഗുണഫലങ്ങൾ സ്ഥിരതയുള്ളതല്ലെന്നും വിതരണം ലക്ഷ്യം കണ്ടില്ലെന്നും ടൺ കണക്കിന് അരി ഗോഡൗണുകളിൽ നശിക്കുകയാണെന്നും സർക്കാർ സമ്മതിക്കുന്നു. എന്നാല്‍ പ്രതിവർഷം 2,500 കോടി രൂപ വീതം മുടക്കിയ പദ്ധതി പരാജയപ്പെട്ടതോടെ ജനങ്ങളുടെ നികുതിപ്പണം പാഴായി. ഇത്രയും വലിയ സാമ്പത്തിക നഷ്ടത്തിന് ആരാണ് ഉത്തരവാദി എന്നതിൽ വ്യക്തതയില്ല.
പൊടിച്ച അരിയിൽ അയൺ, വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവ ചേർത്തുണ്ടാക്കുന്ന ഫോർട്ടിഫൈഡ് അരിക്ക് ഇന്ത്യയിലെ വിവിധയിടങ്ങളിലെ താപനിലയും ഈർപ്പവും അതിജീവിക്കാൻ കഴിയുന്നില്ലെന്നാണ് കണ്ടെത്തൽ. ഐഐടി ഖരഗ്‌പൂർ നടത്തിയ പഠനമനുസരിച്ച്, ദീർഘകാല സംഭരണം അരിയിലെ സൂക്ഷ്മ പോഷകങ്ങളുടെ അളവ് കുറയ്ക്കുന്നതായും സംഭരണ കാലാവധി ഇല്ലാതാക്കുന്നതായും കണ്ടെത്തിയിരുന്നു. എന്നാല്‍ ലക്ഷക്കണക്കിന് മെട്രിക് ടൺ അരി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കഴിഞ്ഞ വർഷങ്ങളിൽ ഈ ശാസ്ത്രീയ വശം എന്തുകൊണ്ട് സർക്കാർ അവഗണിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഗുണനിലവാര പരിശോധനയിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി റൈസ് മില്ലേഴ്‌സ് അസോസിയേഷൻ പദ്ധതിക്കെതിരെ നേരത്തെ രംഗത്തുണ്ടായിരുന്നു. എഥനോൾ ഉല്പാദനത്തിനായി സാധാരണ അരിക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിൽ, മില്ലുടമകളുടെ താല്പര്യം സംരക്ഷിക്കാനാണോ പദ്ധതി പെട്ടെന്ന് നിർത്തലാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
2019–20 നും 2024 മാർച്ച് 31 നും ഇടയിൽ 406 ലക്ഷം മെട്രിക് ടൺ ഫോർട്ടിഫൈഡ് അരിയാണ് വിതരണം ചെയ്തത്. പ്രതിവർഷം 2,500 കോടി രൂപയിലധികം ചിലവഴിച്ചാണ് ദരിദ്രരായ സ്ത്രീകൾക്കും കുട്ടികൾക്കും ആദിവാസി വിഭാഗങ്ങൾക്കും ഈ അരി എത്തിച്ചിരുന്നത്. 2028 വരെ പദ്ധതി തുടരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. റേഷൻ കടകൾക്ക് പുറമെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലും അങ്കണവാടികളിലും ഈ അരി നിർബന്ധമാക്കിയിരുന്നു.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സഹായത്തോടെ രൂപീകരിച്ച നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് നേരത്തെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പല പദ്ധതികളും പരാജയമായിരുന്നിട്ടും രാജ്യം മുഴുവൻ ഇത് വ്യാപിപ്പിച്ചത് എന്തിനാണെന്ന ചോദ്യവും ഇപ്പോൾ ശക്തമാകുന്നുണ്ട്. വിളർച്ച നേരിടുന്ന കുട്ടികൾക്കും ഗർഭിണികൾക്കും പകരമായി എന്ത് സംവിധാനമാണ് സർക്കാർ ഒരുക്കുക എന്നതിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.