16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 2, 2024
April 15, 2024
November 24, 2023
September 22, 2023
July 17, 2023
July 15, 2023
July 14, 2023
July 10, 2023
July 9, 2023
June 23, 2023

ഡെങ്കിപ്പനി വ്യാപിപ്പിക്കുന്ന കൊതുകുകള്‍ എല്ലാം വനിതകള്‍!

ഡോ. പൗലോസ് കെ പി
പ്രിൻസിപ്പൽ കൺസൾട്ടൻ്റ് ജനറൽ മെഡിസിൻ
September 2, 2024 8:59 am

‘കൊതുകുജന്യ പകര്‍ച്ചവ്യാധികളായ മലേറിയ, ഫൈലേറിയ, മഞ്ഞപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക്ക എന്നീ രോഗങ്ങളുടെ പര്യയനഹേതുക്കളായ കൊതുകുകള്‍ എല്ലാം വനിതാ വിഭാഗത്തില്‍ പെട്ടവര്‍.’

പുരുഷമേധാവിത്വം, ഗാര്‍ഹിക പീഡനം (ദേശീയ കുടുംബാരോഗ്യ സര്‍വ്വെ പ്രകാരം ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ 32% ഗാര്‍ഹിക പീഡനം അനുഭവിക്കുന്നു), ലിംഗസമത്വം, സ്ത്രീസ്വത്വം എന്നിവയെപ്പറ്റി ഘോരമായി പ്രസംഗിക്കുന്ന ഫെമിനിസ്റ്റുകള്‍ ധാരാളമുള്ള സമകാലീന കാലഘട്ടത്തില്‍ ജന്തുശാസ്ത്രത്തില്‍ ഉള്‍പ്പെടുന്ന പല ജീവികളിലും കാണുന്നത് സ്ത്രീ മേധാവിത്വം ആണ്. മനുഷ്യന്റെ ഉല്‍പ്പത്തിയിലും സ്വഭാവത്തിലും പരിണാമങ്ങള്‍ സംഭവിച്ചപ്പോള്‍ സ്ത്രീ മേധാവിത്വം പുരുഷ മേധാവിത്വം ആയി മാറിയതെങ്ങനെയെന്ന് നരവംശ ശാസ്ത്രജ്ഞന്മാര്‍ ഗവേഷണം നടത്തട്ടെ! കൊതുകുകളിലും (എന്റെമോളജി), വിരകളിലും (ഹെല്‍മെന്തോളജി), തേനീച്ചകളിലും (മെലിറ്റോളജി) ഈ സ്ത്രീ മേധാവിത്വം കാണാം. ചെറിയ ജീവികളുടെ ജീവിതരീതി പരിശോധിച്ചു നോക്കിയാല്‍ പുരുഷ വര്‍ഗ്ഗം വെറും അടിമകളാണെന്നും മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള കഴിവും കരുത്തും വനിതാ വര്‍ഗ്ഗത്തിനു തന്നെയാണെന്നും തെളിയും. തേനീച്ച വര്‍ഗ്ഗത്തില്‍ പെട്ട ഡ്രോണ്‍സ് (Drones)നു മാത്രമെ റാണി ഈച്ചയുമായി ലൈംഗികവേഴ്ച്ചയ്ക്ക് സാധിക്കൂ! ആ പ്രക്രിയ കഴിഞ്ഞാല്‍ ഡ്രോണ്‍സ് മരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗത്തില്‍പ്പെട്ട തേനീച്ചകള്‍ (work­ers) റാണിയെ സംരക്ഷിക്കുവാന്‍ മാത്രം ജനിച്ചവര്‍. നപുംസകരാണിവര്‍. റാണി ഈച്ച രണ്ട് — മൂന്ന് വര്‍ഷം ജീവിക്കുമ്പോള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആയുര്‍ദൈര്‍ഖ്യം 6 ആഴ്ചയാണ്. മലേറിയ വ്യാപിപ്പിക്കുന്ന അനോഫിലസ്, ഫൈലേറിയ പരത്തുന്ന ക്യൂലക്‌സ്, ഡെങ്കിപ്പനി വ്യാപിപ്പിക്കുന്ന ഈഡ്‌സ്, എന്നീ കൊതുകുകള്‍ വനിതാ വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രം. കരിമ്പനി പരത്തുന്ന ഈച്ചകള്‍ (Lady fly), ആഫ്രിക്കയില്‍ ധാരാളമായി കണ്ടുവന്നിരുന്ന ഗിനി പുഴുക്കള്‍ (guinea worm) മൂലമുള്ള രോഗം, മാംസ പേശികളില്‍ വേദനയും നീരും വീക്കവും വരുത്തുന്ന ട്രിച്ചിനെല്ല (Trichinel­la) രോഗം, എല്ലാം വനിതാ വിഭാഗക്കാര്‍ തന്നെ. ഒരു ഗിനി പുഴുവിന്റെ (female) നീളം 40 — 50 മീറ്റര്‍ വരെ വരും. ത്വക്ക് തുളച്ച് പുറത്തേക്കു വരുന്ന ഈ പുഴുക്കള്‍ വേദനയും കാലില്‍ വിട്ടുമാറാത്ത വ്രണങ്ങളും ഉണ്ടാക്കുന്നു. ട്രിച്ചിനെല്ല വര്‍ഗ്ഗത്തില്‍പ്പെട്ട പുരുഷ പുഴുക്കളും ലൈംഗിക വേഴ്ച കഴിഞ്ഞാല്‍ മരണമടയുന്നു.

മശകശാസ്ത്രം (കൊതുകുശാസ്ത്രം) വിശകലനം ചെയ്യുമ്പോള്‍ കൊതുകുകളെ നശിപ്പിക്കുവാന്‍ വേണ്ടി മനുഷ്യര്‍ നടത്തുന്ന പല പ്രക്രിയകളെയും തോല്‍പ്പിച്ച് കൊതുകുകള്‍ വളര്‍ന്ന്, പെരുകുന്നതായി കാണാം. വര്‍ദ്ധിച്ചുവരുന്ന ഡെങ്കിപ്പനി കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. (ആമയിഴഞ്ചാന്‍ തോടിനും പാര്‍വതി പുത്തനാറിനും നന്ദി) പ്രതിവര്‍ഷം 100 പേര്‍ ഡെങ്കിപ്പനി മൂലം കേരളത്തില്‍ മരിക്കുന്നു. ഡെങ്കിപ്പനിയുടെ കാരണദൂതരായ വൈറസുകള്‍ നാലുതരം ഉണ്ടെന്നും വൈറസിനെ കൊല്ലുവാനുള്ള മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ലാത്തതു കാരണം ഡെങ്കിപ്പനിയുടെ പ്രത്യാഘാതങ്ങളില്‍ നിന്നും രക്ഷപ്പെടുവാനുള്ള ഉപാധികള്‍ എന്തൊക്കെയാണെന്നും കേരളീയര്‍ ബോധവാന്മാരാണ്. രക്തത്തിലെ പ്ലേറ്റ്‌ലറ്റ്‌സ് കുറഞ്ഞുണ്ടാകുന്ന രക്തസ്രാവം മൂലവും, രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഷോക്ക് (Shock) ഉണ്ടാകുന്നതു കൊണ്ടും മരണം സംഭവിക്കുന്നു. ഡെങ്കിപ്പനിയുള്ളവര്‍ക്ക് അസഹ്യമായ ശരീര വേദനയുള്ളതുകൊണ്ട് ഈ പനിയെ ‘ബ്രേക്ക് ബോണ്‍ ഫീവര്‍’ (Break bone fever) എന്നും പറയുന്നു. ഡെങ്കിപ്പനിക്ക് വാക്‌സിനേഷന്‍ ഉണ്ടെങ്കിലും അത് പ്രചാരമായിട്ടില്ല.

ഡെങ്കിപ്പനിയുടെ വ്യാപക ഹേതുവായ കൊതുകിന്റെ പേര് ‘ഈഡ്‌സ് ഈജിപ്‌ടൈ’ (Aedes Egyp­ti) എന്നാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ രോഗികളില്‍ ഡെങ്കിപ്പനി പരത്തുന്നത് മറ്റൊരുതരം കൊതുകുകളാണ്. ടൈഗര്‍ മോസ്‌കിറ്റോ എന്നറിയപ്പെടുന്ന ഈഡ്സ് ആല്‍ബൊപിക്ടസ് (Aedes Albopic­tus) ആണിത്. കാടുകളില്‍ സാധാരണമായി ഈ തരം കൊതുകുകളെ കാണുന്നതിനാല്‍ ടൈഗര്‍ മോസ്‌കിറ്റോസിനെ ഫോറസ്റ്റ് മോസ്‌കിറ്റോസ് എന്നും പറയും. ഈഡ്സ് കൊതുകുകള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. അവരുടെ വംശം നിലനിര്‍ത്തുവാന്‍ വേണ്ടിയുള്ള സ്വഭാവ വിശേഷണങ്ങളാണിവ. മനുഷ്യ രക്തം കുടിച്ചാലേ ഇവകള്‍ക്ക് മുട്ടയിടുവാന്‍ സാധിക്കുകയുള്ളൂ. മൂന്ന് ആഴ്ച മാത്രം ആയുര്‍ദൈര്‍ഘ്യമുള്ള ഈ കൊതുകുകളുടെ മുട്ടകള്‍ക്ക് 6 — 8 മാസം വരെ ജീവനുണ്ടാകും. പകല്‍ സമയത്താണ് മനുഷ്യരെ സാധാരണ കടിക്കുന്നത്. കാല്‍പാദത്തില്‍ കൊതുക് കടിക്കുന്നത് അറിയുകയില്ല. മനുഷ്യര്‍ വസിക്കുന്ന മുറികളിലും, സമീപ സ്ഥലങ്ങളിലും ഇവ ജീവിക്കുന്നു. ഉഷ്ണ മേഖലകളിലും സമശിതോഷ്ണ മേഖലകളിലുമാണ് കൂടുതലായി ഇത്തരം കൊതുകുകളെ കാണുന്നത്. ഇവകള്‍ക്ക് മുട്ടയിടാന്‍ ഒരു ഔണ്‍സ് വെള്ളം പോലും ആവശ്യമില്ല.

1943ല്‍ ജപ്പാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി പ്രതിവര്‍ഷം 6 ദശലക്ഷം പേരെയെങ്കിലും ആഗോളപരമായി ബാധിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ശാസ്ത്രീയ രീതിയിലുള്ള മാലിന്യ സംസ്‌കരണം, ശുദ്ധജല വിതരണം, നിവാരണ മരുന്നുകളുടെ സ്‌പ്രേ (Pro­pel­lants) എന്നിവയാണ് കൊതുകു നിവാരണ മാര്‍ഗ്ഗങ്ങള്‍. ഇതെല്ലാം അറിയാവുന്ന കേരളത്തിലെ പ്രബുദ്ധ ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ഓടകളും തോടുകളും നദികളും ഹൈവേകളും കോളനി പരിസരങ്ങളും പരിശോധിച്ചാല്‍ കൊതുകിനോട് വളരെ വാല്‍സല്യമുള്ളവരാണ് കേരള ജനത എന്ന് മനസ്സിലാക്കുവാന്‍ പ്രയാസമില്ല. ഗവണ്‍മെന്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ഡെങ്കിപ്പനി കഴിഞ്ഞവര്‍ഷം, മുമ്പുള്ളതിനേക്കാള്‍ മൂന്ന് ഇരട്ടി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കാണാം.

എല്ലാ തരം കൊതുകുകളുടെ പ്രഭവകേന്ദ്രം ആഫ്രിക്കയിലാണെന്നാണ് വിശ്വസിക്കുന്നത്. അടിമ വ്യാപാരം വളരെ പ്രചാരമായിരുന്ന കാലത്ത് കപ്പലുകള്‍ വഴി ഇവ മറ്റു രാജ്യങ്ങളിലേക്ക് പ്രവേശിച്ചു. അടിമകളെ കൊണ്ട് പോയ കപ്പലുകളിലൊന്നും വ്യക്തി ശുചിത്വമോ പരിസര ശുചിത്വമോ ഉണ്ടായിരുന്നില്ലല്ലോ. കൊതുക് നശീകരണ ദ്രാവകങ്ങള്‍, (കീടനാശിനികള്‍) ദിവസവും വീട്ടു പരിസരങ്ങളില്‍ ഉപയോഗിച്ചാല്‍ തന്നെ വീടിനകത്ത് താമസിക്കുന്ന കൊതുകുകളെ താമസക്കാര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നശിപ്പിക്കുവാന്‍ സാധിക്കുകയില്ലല്ലോ!

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ, പരിസര ശുചിത്വ കാര്യങ്ങളില്‍ ദൈവം പോലും മറന്നതായിട്ടാണ് തോന്നുന്നത്. ഒരുപക്ഷെ ദൈവം കൊതുകുകളുടെ പക്ഷത്തായിരിക്കും.

ഡോ. പൗലോസ് കെ പി
പ്രിൻസിപ്പൽ കൺസൾട്ടൻ്റ് ജനറൽ മെഡിസിൻ
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.