28 April 2024, Sunday

Related news

April 15, 2024
March 11, 2024
March 2, 2024
January 29, 2024
November 24, 2023
October 7, 2023
September 22, 2023
August 28, 2023
July 17, 2023
July 15, 2023

മഴ; ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത, ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്

Janayugom Webdesk
തിരുവനന്തപുരം
September 22, 2023 2:24 pm

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2013നും 2017നും സമാനമായി ഈ വര്‍ഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാല്‍ മുന്‍കൂട്ടി തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍ കാര്യമായ തോതില്‍ കേസുകള്‍ വര്‍ധിച്ചിട്ടില്ല. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളും സ്ഥാപനങ്ങളും പൊതു ഇടങ്ങളും ഉള്‍പ്പെടെ രോഗം പരത്തുന്ന കൊതുകുകളുടെ നിയന്ത്രണം സമഗ്രമായ രീതിയില്‍ തുടരേണ്ടത് രോഗപ്പകര്‍ച്ച തടയുന്നതിനും രോഗനിയന്ത്രണത്തിനും അനിവാര്യമാണ്. ഡെങ്കിപ്പനി പ്രതിരോധത്തില്‍ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം നടന്നത്. ആരോഗ്യ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്ന് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ കളക്ടര്‍മാരുമായി കൂടിയാലോചിച്ച് വിവിധ വകുപ്പുകളും ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്ത് വാര്‍ഡുതലം മുതലുള്ള ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. എല്ലാ ജില്ലകളിലേയും ഹോട്ട് സ്പോട്ടുകള്‍ ജില്ലകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും കൈമാറുകയും അത് പ്രസിദ്ധീകരിക്കുകയും വേണം. ആശുപത്രികളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തണം.

ജനപ്രതിനിധികളേയും സന്നദ്ധ പ്രവര്‍ത്തകരേയും വിവിധ വകുപ്പുകളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. വരുന്ന 8 ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഇത് ജില്ലാതലത്തില്‍ ഉറപ്പ് വരുത്തേണ്ടതാണ്.

സ്വകാര്യ ആശുപത്രികളിലെ പകര്‍ച്ചപ്പനി കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. മരണം പരമാവധി ഒഴിവാക്കാന്‍ പ്രോട്ടോകോള്‍ അനുസരിച്ച് ചികിത്സ ഉറപ്പാക്കേണ്ടതുണ്ട്. ആയതിനായി സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ തുടര്‍പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം വിശകലനം ചെയ്തു. അവരെ കാര്യക്ഷമമായി വിന്യസിപ്പിച്ചുകൊണ്ട് കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കൂടാതെ വിടും പരിസരങ്ങളും സ്ഥാപനങ്ങളും വൃത്തിയായി സൂക്ഷിക്കണം. വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക്, ചിരട്ട മുതലായവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് വളരാന്‍ സാധ്യതയുണ്ട്. വീട്ടിനകത്തെ ചെടികള്‍ വയ്ക്കുന്ന ട്രേ കൊതുകിന്റെ ഉറവിടമാകാറുണ്ട്. ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലേയും ട്രേയിലെ വെള്ളവും ആഴ്ച തോറും മാറ്റണം. ആക്രിക്കട, ടയര്‍കട എന്നിവ വെള്ളം വീഴാതെ സുരക്ഷിതമാക്കണം. ജലക്ഷാമമുള്ള സ്ഥലങ്ങളില്‍ വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും നിര്‍മ്മാണ സ്ഥലത്തിലെ ടാങ്കുകളും കൊതുകിന്റെ പ്രജനന കേന്ദ്രമാകാതെ ശരിയായ രീതിയില്‍ മൂടി വയ്ക്കേണ്ടത് അത്യാവശ്യമാണ്. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. 

Eng­lish Summary:rain; Dengue spread pos­si­ble, cau­tion: Min­is­ter Veena George
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.