1 July 2024, Monday
KSFE Galaxy Chits

സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തിന് പിന്നില്‍ ഗൂഢലക്ഷ്യം

ബേബി ആലുവ
കൊച്ചി
August 11, 2021 10:06 pm

സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഉദ്യോഗമണ്ഡലിലെ ഹിന്ദുസ്ഥാന്‍ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്ഐഎൽ) അടച്ചു പൂട്ടാനുള്ള നീക്കം ഊർജിതമായി. കൃത്യമായ ആസൂത്രണമില്ലായ്മ മൂലം പ്രതിസന്ധിയിലായ കമ്പനി നിതിആയോഗ് അടച്ചുപൂട്ടൽ പട്ടികയിൽപ്പെടുത്തിയിട്ടുള്ളതാണ്.
അതേസമയം, കമ്പനിക്കു പൂട്ടിടാനുള്ള അമിത താല്പര്യത്തിനു പിന്നിൽ, സ്ഥാപനത്തിന്റെ ഏക്കർ കണക്കായ ഭൂമിയുടെ കച്ചവടം ലാക്കാക്കിയുള്ള നീക്കമാണെന്ന ആരോപണവുമുയർന്നിട്ടുണ്ട്. എച്ച്ഐഎല്ലിന്റെ പഞ്ചാബ്, മഹാരാഷ്ട്ര യൂണിറ്റുകളുടെ ബാധ്യത ഉദ്യോഗമണ്ഡലിലെ ഭൂമി വിറ്റ് തീർക്കാനുള്ള ശ്രമമുണ്ടെന്നും പിന്നിൽ റിയൽ എസ്റ്റേറ്റ് താല്പര്യങ്ങളാണെന്നും ആരോപണമുണ്ട്. 

കേന്ദ്ര രാസവസ്തു, പെട്രോ കെമിക്കൽ വകുപ്പിനു കീഴിലുള്ള രാജ്യത്തെ ഏറെ പഴക്കമേറിയതും ഏക കീടനാശിനി ഉല്പാദക സ്ഥാപനവുമാണ് എച്ച്ഐഎൽ ഹില്‍ ഇന്ത്യാ ലിമിറ്റഡ് എന്നാണ് കമ്പനി ഇപ്പോള്‍ അറിയപ്പെടുന്നത്.മലേറിയ മാരകമായി പടർന്നു പിടിച്ച കാലത്ത് അതിനെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള ഡിഡിറ്റി ഉല്പാദിപ്പിച്ചിരുന്നത് എച്ച് ഐ എല്ലിലാണ്. മലേറിയയ്ക്കു ശമനമായതോടെ എൻഡോസൾഫാൻ ഉല്പാദനത്തിലേക്കു തിരിഞ്ഞു. 2012 ൽ എൻഡോസൾഫാൻ ഉല്പാദനം സുപ്രീം കോടതി നിരോധിച്ചതോടെ ചില ജൈവ ഉല്പന്നങ്ങളുടെ നിർമ്മാണത്തിലേക്കു തിരിയുകയും സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തെങ്കിലും പിന്നീട് വീണ്ടും താളം തെറ്റി. കുറെ വർഷങ്ങളായി ഉദ്യോഗമണ്ഡൽ യൂണിറ്റിന്റെ എല്ലാ അധികാരങ്ങളും ഡൽഹി ആസ്ഥാനത്തേക്കു മാറ്റിയിരിക്കുകയായിരുന്നെന്നും ഫാക്ടറിക്ക് ആവശ്യമായ അസംസ്കൃത സാധനങ്ങൾ പോലും വിതരണം ചെയ്യാതെ ഞെരുക്കുകയായിരുന്നെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. 

എച്ച്ഐഎല്ലിനെ പുനരുജ്ജീവിപ്പിക്കുകയോ അല്ലെങ്കിൽ സമീപത്തുള്ളതും കേന്ദ്ര ഉടമയിലുള്ളതുമായ ഫാക്ടിന്റെ സബ്സിഡിയറി യൂണിറ്റാക്കി മാറ്റുകയോ ചെയ്യണമെന്നാണ് വിവിധ ഭാഗങ്ങളിൽ നിന്നുയരുന്ന ആവശ്യം. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനടുത്തായുള്ള എച്ച് ഐ ഐല്ലിന്റെ ഭൂമി ഫാക്ടിന് ഉപയോഗിക്കാം. കമ്പനിയിലെ യന്ത്രസാമഗ്രികളും ഉപയോഗിക്കാം. അതല്ലാതെ കമ്പനി അടച്ചുപൂട്ടി, സംസ്ഥാന സർക്കാർ ഏറ്റെടുത്തു നല്കിയ ഭൂമി വില്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളികളും വിവിധ ട്രേഡ് യൂണിയൻ സംഘടനകളും. കമ്പനിയുടെ നല്ല കാലത്ത് 1000 — ലധികം തൊഴിലാളികളുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ സ്ഥിരം തൊഴിലാളികളും കരാർ തൊഴിലാളികളുമടക്കം 200‑ൽ താഴെ പേരേയുള്ളു. അവർക്കാണെങ്കിൽ മാസങ്ങളായി വേതനവും ലഭിച്ചിട്ടില്ല. സ്ഥാപനത്തിന്റെ നിലനില്പ് ലക്ഷ്യമാക്കിയുള്ള പരിഹാര നിർദ്ദേശങ്ങൾ പല ഭാഗങ്ങളിൽ നിന്നുയരുമ്പോഴും, അടച്ചുപൂട്ടൽ പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ അത് നടപ്പാക്കിയേ തീരൂ എന്ന കടുംപിടിത്തത്തിലാണ് നിതിആയോഗ്. 

eng­lish summary:The move to close HIL was strong
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.