നാടിനെ ഞെട്ടിച്ച് ട്രെയിൻ നമ്പർ 16307 ആലപ്പുഴ‑കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതൻ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തീവയ്പിനെ തുടര്‍ന്ന് പിഞ്ചുകുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം നാട്ടുകാർ അറിയുന്നത്. കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം കോരപ്പുഴ പാളത്തിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മട്ടന്നൂർ പാലോട്ടുപള്ളി-കല്ലൂർ ഹാജി റോഡിലെ ബദ്‍രിയ മൻസിലിൽ പരേതനായ അബ്ദുൾ റഹിമാൻ‑ജമീല ദമ്പതികളുടെ മകൾ മാണിക്കോത്ത് റഹ്മത്ത് (38), റഹ്മത്തിന്റെ സഹോദരി കുന്നുമ്മൽ ജസീല‑ശുഹൈബ് സഖാഫി ദമ്പതികളുടെ മകൾ രണ്ടര വയസുകാരി സഹറ ബത്തൂൽ, കൊടോളിപ്രം വരുവക്കുണ്ടിലെ കൊട്ടാരത്തിൽ പുതിയ പുരയിൽ കെ പി നൗഫീക്ക് (39) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 9.20ഓടെ തീവണ്ടി എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴായിരുന്നു ഡി-1 ബോഗിയിൽ യാത്രക്കാരെ നടുക്കിക്കൊണ്ട് അജ്ഞാതന്റെ പെട്രോൾ ആക്രമണം. അടുത്ത ബോഗിയിൽ നിന്നെത്തിയ ആൾ യാതൊരു പ്രകോപനവും കൂടാതെ രണ്ട് പ്ലാസ്റ്റിക്ക് കുപ്പികളിലെ പെട്രോൾ യാത്രക്കാരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് തീവണ്ടിയിലുണ്ടായവര്‍ പറയുന്നത്. പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കംപാർട്ട്മെന്റുകളിലേക്ക് ഓടി. പരിക്കേറ്റവരെല്ലാം സീറ്റിൽ ഇരിക്കുന്നവരായിരുന്നു. യാത്രക്കാർ ചങ്ങല വലിച്ചതിനെത്തുടർന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലാണ് നിന്നത്. തീയണച്ച ശേഷം 10.10 ന് ട്രെയിൻ യാത്ര പുനരാരംഭിച്ചു. പൊള്ളലേറ്റ് കൊയിലാണ്ടി സർക്കാർ ആശുപത്രിയിൽ ചികിത്സയിലായ കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി അസ്മ മൻസിലിൽ റാസിഖിനൊപ്പം സഞ്ചരിച്ചവരെ സംഭവത്തിന് ശേഷം കാണാതായിരുന്നു. ഇതിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പാലത്തിനും എലത്തൂർ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്.
കെഎസ്ഇബി തളിപ്പറമ്പ് സബ് ഡിവിഷണിലെ അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ പാലക്കുളങ്ങരയിലെ പി ജ്യോതിന്ദ്രനാഥ്, കണ്ണൂർ സർവകലശാലയിലെ അക്കാദമിക്കൽ വിഭാഗം സെക്ഷൻ ഓഫീസര്‍ തളിപ്പറമ്പ് പട്ടുവം മുറിയാതോടിലെ റൂബി, കതിരൂർ സ്വദേശി അനിൽകുമാർ, മകൻ അദ്വൈത്, ഭാര്യ സജിഷ, തൃശൂർ മണ്ണുത്തി മാനാട്ടിൽ വീട്ടിൽ അശ്വതി തുടങ്ങിയവര്‍ക്ക് പരിക്കേറ്റിരുന്നു. അനിൽകുമാർ ഒഴികെയുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. അനിൽകുമാറിന് 50 ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. ജ്യോതിന്ദ്രനാഥ് ഇന്നലെ ശസ്ത്രക്രിയക്ക് വിധേയനായി. പൊള്ളലേറ്റ കൈക്കും കാലിനും മുഖത്തുമാണ് ശസ്ത്രക്രിയ നടത്തിയത്. ചികിത്സയിൽ കഴിയുന്ന പട്ടുവം മുറിയാത്തോട് താമസിക്കുന്ന റൂബി ചൊവ്വാഴ്ച ആശുപത്രി വിടും. അശ്വതിയെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുടുംബത്തിന്റെ ആവശ്യപ്രകാരം ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർക്കു് കോഴിക്കോട് മെഡിക്കൽ കോളജിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള ചികിത്സയും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കി.
പഴുതടച്ച അന്വേഷണം; ചികിത്സ
പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ സക്കീർ ഹുസൈൻ, ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ അനിൽ കുമാർ എസ് നായർ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ മെഡിക്കൽ കോളജിൽ സന്ദർശിച്ചു. സംഭവത്തിൽ പഴുതടച്ച അന്വേഷണം നടന്നുവരികയാണെന്ന് മന്ത്രി പറഞ്ഞു.
ട്രെയിനിലെ ദുരന്തത്തില്‍ പൊള്ളലേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ദുരന്തത്തില്‍ നടുങ്ങി കോഴിക്കോടും മട്ടന്നൂരും
തീവണ്ടിയിലെ തീവയ്പിനിടെ രണ്ട് മട്ടന്നൂർ സ്വദേശികളും പിഞ്ചു കുട്ടിയും മരിച്ചതിന്റെ ഞെട്ടലിലാണ് കോഴിക്കോടും മട്ടന്നൂരും.
അക്രമി പെട്രോൾ ഒഴിച്ചതിനെത്തുടർന്ന് തീപടർന്നപ്പോൾ ജീവൻ ഭയന്ന് തീവണ്ടിയിൽ നിന്ന് ചാടിയവരാണ് പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് കരുതുന്നു.
രണ്ടരവയസുകാരി സഹറയുടെ പിതാവ് ശുഹൈബ് വിദേശത്തും മാതാവ് ജസീല ടീച്ചർ ട്രെയിനിങ് കോഴ്സിനും പോയതിനാൽ കുഞ്ഞിനെ കൂട്ടാനായി ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് റഹ്മത്ത് കോഴിക്കോട്ടേക്ക് പോയത്. അവിടെ നിന്നു നോമ്പ് തുറയും കഴിഞ്ഞ് കുട്ടിയെയും കൊണ്ടു വരുന്നതിനിടെയാണ് ദാരുണമായ സംഭവം. റഹ്മത്തിന്റെ ഭർത്താവ് ഷറഫുദീൻ സി എം മടവൂർ മഖാം വാച്ച്മാനാണ്. ഏക മകൻ റംഷാദ് ബംഗളൂരുവിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. അബ്ദുൾ ഹമീദ്, ഹുസൈൻ, സഹദ് സഖാഫി, അബ്ദുൾ സത്താർ, ജുബൈരിയ, ജസീല എന്നിവർ സഹോദരങ്ങളാണ്.
വാഹനത്തിൽ ഉണക്കമത്സ്യം വില്പന നടത്തുന്നയാളാണ് മരിച്ച നൗഫീക്ക്. ആക്കോട് ഇസ്ലാമിക് സെന്ററിൽ റമസാൻ പരിപാടിക്ക് പോയി മടങ്ങുമ്പോൾ ആണ് അപകടം. ഭാര്യ: ബുഷ്റ. മക്കൾ: ഹുദ, ഫിദ, മുഹമ്മദ് ഇസ്മായിൽ. സഹോദരങ്ങൾ: നാസർ, ഷരീഫ്, സലിം, നൗഷാദ്, സക്കീന, സമീറ, നൗഫൽ, പരേതയായ സുഹറ.
ഉച്ചയോടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മട്ടന്നൂർ സ്വദേശികളുടെ മൃതദേഹങ്ങൾ വൈകിട്ട് നാട്ടിലെത്തിച്ച് കബറടക്കി. സഹറയുടെ മൃതദേഹം ചാലിയത്തും കബറടക്കി.
റെയിൽവേയുടെ കണ്ണൂർ, കാസർകോട്, കോഴിക്കോട് സ്റ്റേഷനുകളിലെ എസ് ഐ മാർ ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നല്കി. ഫോറൻസിക് വിഭാഗത്തിലെ ഡോ. സുജിത്, ഡോ. രതീഷ്, ഡോ. രാഗിൻ എന്നിവർ പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നല്കി.
English Summary;the mystery Passengers in fear
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.