ലൈംഗികാതിക്രമം ഉൾപ്പടെയുള്ള വിഷയങ്ങളിൽ മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ പേരും പുറത്തു വരണമെന്ന് തെന്നിന്ത്യൻ ഗായിക
ചിന്മയ ശ്രീപദ . സ്ത്രീകളായ ചലച്ചിത്ര പ്രവർത്തകരുടെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ച ഡബ്ല്യു സി സിയെ പ്രകീർത്തിച്ച അവർ ഡബ്ള്യു സി സി അംഗങ്ങൾ തന്റെ ഹീറോകളാണെന്നും കൂട്ടിച്ചേർത്തു . ഹേമ കമ്മിറ്റിയുടെ പിന്നിലുള്ള ടീമിന്റെയും വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുടെയും കഠിനാധ്വാനം അഭിനന്ദനാർഹമാണ് . ഇക്കാര്യത്തിനായി സ്ത്രീകൾ എല്ലാവരും ഒന്നിച്ചു നിന്നു . ഇതൊന്നും വേറൊരു ഇൻഡസ്ട്രിയിലും കാണാൻ സാധിക്കില്ല. ഈ പരസ്യമായ രഹസ്യങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. സ്ത്രീകൾക്ക് തുരങ്കത്തിന്റെ അറ്റത്ത് ഒരു വെളിച്ചമെങ്കിലും കാണാൻ കഴിഞ്ഞത് ഹേമ കമ്മിറ്റിയിലെ അംഗങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ്’.
ലൈംഗികാതിക്രമത്തിനെതിരായ പോരാട്ടത്തിൽ മലയാളിസമൂഹം നൽകിയ പിന്തുണ കാണുമ്പോൾ കേരളത്തിൽ ജനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും അവർ പറഞ്ഞു. മലയാള സിനിമയിലെ ലൈംഗികാതിക്രമ പരാതികളുമായി മുന്നോട്ടുവരുന്ന സ്ത്രീകൾക്കു ലഭിക്കുന്ന പിന്തുണ തന്നെ അസൂയപ്പെടുത്തുന്നു. തനിക്ക് ഇതുവരെ അങ്ങനെയൊരു പിന്തുണ സംവിധാനം ലഭിച്ചിട്ടില്ല. ഒപ്പം, സിനിമ മേഖലയിലെ അതിക്രമങ്ങളെ നേരിടാൻ സ്ത്രീകൾ മുന്നിട്ടിറങ്ങിയതിനെയും ചിന്മയി അഭിനന്ദിച്ചു. തനിക്ക് നേരിട്ട വിഷയങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞപ്പോൾ, തന്നെ ഒറ്റപ്പെടുകയാണ് തമിഴ് സിനിമാമേഖല ചെയ്തതെന്നും ചിന്മയി ചൂണ്ടിക്കാട്ടി. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെ ചോദ്യം ചെയ്തപ്പോൾ ഒരാൾ പോലും തനിക്കായി ശബ്ദിച്ചില്ല. എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നുണ്ട്.
മലയാളി നടിമാർ തമിഴ്, തെലുങ്ക് ഉൾപ്പെടെയുള്ള വിവിധ സിനിമ മേഖലകളിൽ ജോലി ചെയ്യുന്നവരാണെന്ന കാര്യവും ചിന്മയി ഓർമിപ്പിച്ചു. ഒരു ഡബ്ല്യു സി സി കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. തമിഴ് ഗാനരചയിതാവ് വൈരമുത്തു , നടൻ രാധാ രവി തുടങ്ങിയവർക്കെതിരെ മി ടൂ ആരോപണവുമായി ചിന്മയി രംഗത്തെത്തിയിരുന്നു . ഇംഗ്ലീഷ് ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവർ .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.