4 January 2025, Saturday
KSFE Galaxy Chits Banner 2

വിവാഹം കഴിഞ്ഞ് അടുത്തദിവസം 
വരന്‍ സ്വര്‍ണ്ണവും പണവുമായി മുങ്ങി

Janayugom Webdesk
കായംകുളം
February 1, 2022 8:09 pm

കായംകുളം: വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവ വധുവിനൊപ്പം താമസിച്ചതിനു ശേഷം സ്വർണവും, പണവുമായി വരൻ മുങ്ങി. കായംകുളം സ്വദേശിയായ വരനെ തേടി അടൂർ പൊലീസ് കായംകുളത്തെത്തി. വധുവിന്റെ പിതാവിന്റെ പരാതിയിൽ പോലീസ് വിശ്വാസവഞ്ചനയ്ക്ക് കേസ് എടുത്തു. കായംകുളം ഫയർസ്റ്റേഷന് സമീപം തെക്കേടത്ത് തറയിൽ റഷീദിന്റെയും, ഷീജയുടെയും മകനായ അസറുദ്ദീനാണ് അടൂർ പഴകുളം സ്വദേശിനിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവുമായി മുങ്ങിയത്. കഴിഞ്ഞ ജനുവരി 20ന് ആദിക്കാട്ടുകുളങ്ങര എസ് എച്ച് ഓഡിറ്റോറിയത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്.

ഇരു ജമാഅത്തുകളുടെയും കാർമികത്വത്തിൽ അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്. തുടർന്ന് ആദ്യരാത്രിക്കായി വരനും, വധുവും, വധുവിന്റെ വീട്ടിലെത്തി. തുടർന്ന് 31 ന് പുലർച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് അയാളെ കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീൻ പഴകുളത്തെ വധൂഗൃഹത്തിൽ നിന്നും  ജീപ്പിൽ കയറിപ്പോയത്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ നവവരൻ പോകാറില്ലെന്ന് വീട്ടുകാർ പറഞ്ഞു നോക്കിയെങ്കിലും തനിക്ക് ഏറ്റവും വേണ്ടപ്പെട്ട ചങ്ങാതിയാണ് അപകടത്തിൽപ്പെട്ടതെന്നും, വളരെ സീരിയസാണെന്നും പറഞ്ഞാണ് അസറുദ്ദീൻ പോയതെന്ന് വധുവിന്റെ പിതാവ് പൊലീസിനോട് പറഞ്ഞു. ഇയാൾ പോയിക്കഴിഞ്ഞ് മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ ആദ്യമൊക്കെ എടുത്തു. ആശുപത്രിയിലേക്ക് പൊയിക്കൊണ്ടിരിക്കുകയാണ് എന്നാണ് പറഞ്ഞത്.

പിന്നീട് ഫോൺ ഓഫായി. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ വധുവിന്റെ 30 പവന്റെ ആഭരണങ്ങളിൽ പകുതിയും വിവാഹത്തിന് നാട്ടുകാർ സംഭാവന നൽകിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി. ആ വീട്ടിൽ അടച്ചുറപ്പുള്ള മുറിയെന്ന നിലയിൽ മണിയറയിലാണ് പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. ഇതാണ് അസറുദ്ദീൻ എടുത്തു കൊണ്ടുപോയത്. ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകി. തുടർന്നു വരന്റെ വീട്ടുകാരെയും വിവരം അറിയിച്ചു. കായംകുത്തു നിന്നു വന്ന മാതാപിതാക്കൾ മകന്റെ പ്രവർത്തി ഓർത്ത് അന്തം വിട്ടു പോയി. എന്നാൽ ഇയാളെ കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ അസറുദ്ദീൻ മറ്റൊരു വിവാഹം കഴിച്ചിട്ടുള്ളതായി വിവരം ലഭിച്ചു. എന്നാൽ, ഈ വിവാഹത്തെ കുറിച്ചു അറിയില്ലായിരുന്നുവെന്നാണ് വരന്റെ മാതാപിതാക്കൾ വധുവിന്റെ വീട്ടുകാരോട് പറഞ്ഞത്. ഉത്തരേന്ത്യൻ സ്വദേശിനിയുമായിട്ടാണെന്നും, മറിച്ചു കായംകുളം ചേപ്പാട് സ്വദേശിനിയുമായിട്ടാണ് ഇയാൾ വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നുമുള്ള വ്യത്യസ്ഥ അഭിപ്രായമാണുള്ളത്. കായംകുളത്ത് നിന്നും കസ്റ്റഡിൽ എടുത്ത അൻസാറുദ്ദീനെ പൊലീസ് വിശദമായ ചോദ്യം ചെയുന്നതിലൂടെയും വധുവിന്റെ മൊഴിയിലൂടെയും വ്യക്തമായ കാര്യങ്ങൾ വെളിച്ചെത്തുവരുമെന്നാണ് പോലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.