
ഡിസംബർ ഒന്ന് മുതൽ ആരംഭിക്കുന്ന പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാനായി കേന്ദ്രസർക്കാർ 10 സുപ്രധാന ബില്ലുകൾ പട്ടികപ്പെടുത്തി. ആഭ്യന്തര ആണവ മേഖല സ്വകാര്യ കമ്പനികൾക്ക് കൂടി തുറന്നുകൊടുക്കുന്ന ‘ദി അറ്റോമിക് എനർജി ബിൽ — 2025’ ആണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. രാജ്യത്തെ ആണവോർജ ഉല്പാദനത്തിലും നിയന്ത്രണത്തിലും കാതലായ മാറ്റങ്ങൾ വരുത്തുന്ന ബിൽ ഇതിനകം തന്നെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിദഗ്ധരിൽ നിന്നും ശക്തമായ എതിർപ്പ് ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ആണവ മേഖലയിൽ നിലവിലുള്ള സർക്കാർ നിയന്ത്രണം അവസാനിപ്പിച്ച് സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതാണ് ബിൽ. ഊർജ ആവശ്യങ്ങൾക്കായി ആണവോർജം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ലക്ഷ്യമെങ്കിലും, സുരക്ഷാ ആശങ്കകള്‍ ഉയരുന്നുണ്ട്.
ദീർഘകാലമായി സർക്കാരിന്റെ പരിഗണനയിലുള്ള ‘ഹയർ എജ്യുക്കേഷൻ കമ്മിഷൻ ഓഫ് ഇന്ത്യ’ ബില്ലും ഇത്തവണ അജണ്ടയിലുണ്ട്. യുജിസി അടക്കമുള്ള സംവിധാനങ്ങൾക്ക് പകരം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏകീകൃത നിയന്ത്രണ സംവിധാനം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. സർവകലാശാലകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടുതൽ സ്വയംഭരണാധികാരം നൽകുക, അക്രഡിറ്റേഷൻ നടപടികൾ സുതാര്യമാക്കുക, വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നിവയാണ് ബില്ലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെന്ന് ലോക്‌സഭാ ബുള്ളറ്റിൻ അവകാശപ്പെടുന്നു.
ദേശീയ പാത വികസനത്തിനായി അതിവേഗത്തിലും സുതാര്യമായും ഭൂമി ഏറ്റെടുക്കാനാണ് നാഷണൽ ഹൈവേ ബിൽ. വികസന പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന്റെ ഭാഗമായി 2013ലെ കമ്പനീസ് ആക്ടും 2008ലെ എൽഎൽപി ആക‌്ടും പരിഷ്കരിക്കാൻ ലക്ഷ്യമിടുന്ന ‘കോർപറേറ്റ് ലോസ് ബിൽ 2025’ ഉം പട്ടികപ്പെടുത്തിയിട്ടുണ്ട്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെ ഏകോപിപ്പിക്കുന്ന ബില്ലാണിത്. 1992 ലെ സെബി ആക്ട്, 1996 ലെ ഡെപ്പോസിറ്ററീസ് ആക്ട്, 1956 ലെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ് ആക്ട് എന്നിവയിലെ വ്യവസ്ഥകൾ ഏകീകരിച്ച് ഒറ്റ നിയമമാക്കാനാണ് നീക്കം. ഇത് നിക്ഷേപകർക്കും കമ്പനികൾക്കും കൂടുതൽ ഗുണകരമാകുമെന്ന് കരുതപ്പെടുന്നു.
ആർബിട്രേഷൻ ആന്റ് കൗൺസിലിയേഷൻ ആക്ടിലെ മാറ്റങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. നിയമത്തിലെ 34-ാം വകുപ്പിലെ ഭേദഗതിയും കമ്പനി ഡയറക്ടർമാരെ സംബന്ധിച്ച സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങളുമാണ് നിയമ ഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. മുൻ സമ്മേളനത്തിൽ ബാക്കിവച്ച രണ്ട് ബില്ലുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ ആദ്യ സപ്ലിമെന്ററി ബജറ്റും ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ഡിസംബർ 19 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
ചണ്ഡീഗഢിന്റെ ഭരണം കെെപ്പടിയിലാക്കാനുള്ള ഭരണഘടനാ ഭേദഗതി നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ താല്‍ക്കാലികമായി പിന്മാറി. പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പിന്മാറ്റം.
അടുത്ത മാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിഷയത്തില്‍ ആശങ്ക വേണ്ടെന്നും ബില്‍ പരിഗണനയില്‍ മാത്രമാണെന്നും മന്ത്രാലയം എക്സില്‍ അറിയിച്ചു. ചണ്ഡീഗഢിന്റെ ഭരണത്തിലോ അധികാരഘടനയിലോ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. പരമ്പരാഗത ക്രമീകരണങ്ങള്‍ മാറ്റാനും ലക്ഷ്യമിടുന്നില്ല. ബന്ധപ്പെട്ട എല്ലാവരുമായും മതിയായ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കൂ എന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയിലേക്ക് ചണ്ഡീഗഢിനെ കൊണ്ടുവരാനുള്ള നീക്കമാണ് വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. നിലവില്‍ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഢ്. 240-ാം അനുച്ഛേദ പരിധിയില്‍ വരുന്നതോടെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിന് മാത്രമായി നിയമങ്ങള്‍ രൂപീകരിക്കാന്‍ രാഷ്ട്രപതിക്ക് നേരിട്ട് അധികാരം ലഭിക്കും. ഇതോടെ നിലവിലുള്ള ഭരണസംവിധാനം അട്ടിമറിക്കപ്പെടുമെന്നും, പഞ്ചാബ് ഗവര്‍ണര്‍ക്ക് പകരം പ്രത്യേകം ലഫ്റ്റനന്റ് ഗവര്‍ണറെ നിയമിക്കുമെന്നുമായിരുന്നു ആശങ്ക.
ഇത് പഞ്ചാബിന്റെ അധികാരങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.